Skip to main content

നെറ്റിയിൽ വിയർപ്പ് പൊടിയുന്ന നേരം

 കഥ 
വാപ്പു ഹാജി ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. അത് എങ്ങിനെയുള്ള വിശ്വാസം എന്ന് ചോദിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന ദൈവവിശ്വാസമോ, അന്ധവിശ്വാസമോ ഒക്കെ ആണെങ്കിലും അതിനുമപ്പുറം ആ വിശ്വാസത്തിന് ഒരു തലമുണ്ട്. അതായത് മനസ്സിൽ ഒരാളെ വിശ്വസിച്ച് പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ പിന്നെ മരിക്കുവോളം ആ വിശ്വാസത്തിൽ നിന്നും ഹാജിയാരെ പിന്തിരിപ്പിക്കാൻ സാക്ഷാൽ ദൈവംതന്പുരാൻ തന്നെ വിചാരിച്ചിട്ടും കാര്യമില്ല. എന്തിനും പിന്നെ അവർ പറയുന്നത് തന്നെ ആയിരിക്കും ഹാജ്യാർക്ക് വേദവാക്ക്യം.
അതുകൊണ്ടാണല്ലോ മെഡിക്കൽ കോളേജിലെ ഏറ്റവും പ്രശസ്തനായ സീനിയർ ഡോക്ടർ ഹബീബ് സാറിന്റെ കീഴിൽ വർഷങ്ങളോളം ശ്വാസം മുട്ടലിനുള്ള ചികിത്സയും, മാസത്തിൽ പകുതിയിലേറെ ദിവസവും ഐ.സി.യു വിലും ആയി ആയുസ്സങ്ങിനെ തള്ളി നീക്കുമ്പോഴും, ഹബീബ് ഡോക്ടറെ അല്ലാതെ വേറൊരു ഡോക്ടറേയും തനിക്കു വിശ്വാസമില്ല എന്ന് ഹാജിയാർ തന്റെ നയം വ്യക്തമാക്കുമ്പോഴുമൊക്കെ, പക്ഷെ ഡോക്ടർ കുറിച്ച്‌ കൊടുക്കുന്ന മരുന്ന് ഹാജിയാർ കഴിക്കണമെങ്കിൽ നാട്ടിലെ മെഡിക്കൽ ഷോപ്പ് നടത്തുന്ന ജോസേട്ടൻ, ഡോക്ടർ കൊടുത്ത ചീട്ട് നോക്കി ഓരോ ഗുളികയും എന്തിനുള്ളതാണെന്ന് തീർപ്പ് കൽപ്പിക്കണമായിരുന്നു. അതിനു ശേഷം മാത്രമേ ഹാജിയാര് മരുന്ന് കഴിക്കാറുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് പറയുന്നത് ഹാജിയാരുടെ വിശ്വാസം ആർക്കും തകർക്കാൻ പറ്റാത്തതാണെന്ന്. അതിപ്പോ ഹാജിയാർ ഐ.സി.യൂ വിൽ ആണെങ്കിൽ ജോസേട്ടനെ അങ്ങോട്ട് വിളിച്ചു വരുത്തിയിട്ടാണ് ഇതിനൊരു തീർപ്പ് ഉണ്ടാക്കിയിരുന്നത്.
മക്കളെല്ലാം പുരോഗമന വാദികളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കുന്നവരും ആയതുകൊണ്ടാവാം, വായനാട്ടിലുള്ള ഒരു മന്ത്രവാദിയായ 'തങ്ങൾ' ഉടെ അടുത്തേക്കുള്ള യാത്ര ഹാജിയാർ മറ്റുള്ളവരിൽ നിന്നും ബുദ്ധിപൂർവ്വം മറച്ചു വെക്കുന്നത്.
അതുകൊണ്ട് തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്ന ദിവസങ്ങളിൽ ഹാജിയാർ വയനാട്ടിലേക്ക് വിദഗ്ദ്ധമായി മുങ്ങും.
അത് ഒരു അന്ധവിശ്വാസമല്ല മറിച്ച് തന്റെ ഉറച്ചവിശ്വാസമാണ് എന്ന് ഹാജിയാർ കരുതി.
സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ഇത്തരം ചില കടുത്ത വിശ്വാസങ്ങൾക്ക് അടിമയാണെന്നാണ് ഇയ്യിടെയായി കേൾക്കുന്ന ചില വാർത്തകളിൽ നിന്നും മനസ്സിലാവുന്നത്.
ഹാജിയാരെപ്പോലെയുള്ളവരെപോലെ തികച്ചും യാഥാസ്ഥികരല്ലെങ്കിലും സമൂഹത്തിലെ സെലിബ്രിറ്റികൾ എന്ന് നമുക്ക് തോന്നിയിട്ടുള്ള പലരും തങ്ങൾക്കു വന്നിട്ടുള്ള ക്യാൻസർ പോലത്തെ മാരകരോഗങ്ങൾക്ക് അടിമപ്പെട്ടപ്പോൾ മുറിവൈദ്യന്മാരുടെയും, വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ ചികിത്സകളുടേയും പിറകെ പോയി ആയുസ്സിന്റെ ദൈർഘ്യം വെട്ടിക്കുറച്ച് നേരത്തെ സ്വർഗ്ഗത്തിലേക്കോ നരഗത്തിലേക്കോ പോയ വാർത്തകൾ നമ്മൾ പലപ്പോഴായി കേൾക്കുന്നു.
ആധുനിക ശാസ്ത്രവും, മുറിവൈദ്യവും, മന്ത്രവാദവും തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും മത്സരിച്ച് പരീക്ഷണം നടത്തിയ ഹാജിയാരുടെ ശരീരത്തിലെ കോശങ്ങളുടെ ആയുസ്സിന്റെ വിധി നിർണ്ണയം ഇതുകൊണ്ടൊക്കെ ഒന്ന് കൂടി വേഗത്തിലാക്കി എന്നു വേണമെങ്കിൽ പറയാം.
തന്റെ ശരീരത്തിൽ നിന്നും ആയുസ്സ് നേരത്തെ വിട ചൊല്ലാൻ ഒരുങ്ങുന്നത് സ്വയം തിരിച്ചറിഞ്ഞ ഹാജിയാർ, ആ രാത്രി ഹബീബ് ഡോക്ടറെ തന്റെ വീട്ടിലേക്ക്‌ വിളിച്ചു വരുത്തി.. ഒന്ന് കാണാൻ... ഒന്നാശ്വസിക്കാൻ.. മനസ്സറിഞ് ഒന്ന് പ്രാർത്ഥിക്കാൻ..!!
അന്ത്യാഭിലാഷം പോലെ ഡോക്ടറുടെ കൈപിടിച്ച് ഹാജിയാർ തന്റെ സ്വന്തം മൂർദ്ധാവിൽ വെച്ചു.
ഹാജിയാരുടെ അസുഖത്തിന്റെ ആഴമറിയുന്ന ഡോക്ടർ തന്റെ തോളിൽ വിശ്രമിക്കുന്ന സ്തെതസ്കോപ്പ് എടുത്ത് മാറ്റി വെച്ച്, ഹാജിയാരുടെ മൂർദ്ധാവിൽ വിശ്രമിക്കുന്ന തന്റെ കൈ ഹാജിയാരുടെ കയ്യിനോടൊപ്പം ചേർത്ത് വെച്ച് ഡോക്ടർ പ്രാർത്ഥിച്ചു.
ഹാജിയാരുടെ വിശ്വാസങ്ങൾ എല്ലാം നിസ്സഹായരായി നോക്കി നിൽക്കെ.. തൊട്ടടുത്ത് വിശ്രമിക്കുന്ന സ്‌റ്റെതസ്കോപ്പും നെടുവീർപ്പിട്ടു.
ഹാജിയാരുടെ നെറ്റിയിൽ അപ്പോൾ യാത്ര പറച്ചിലിന്റെ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു എന്നന്നേക്കുമായി..!!

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...