Skip to main content

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്'
കഥ
ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു.
ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു.
കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു.
-' ഇത് കൊതി കൂടിയത് തന്നെ..!!
മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്ടാൽ കടുക് പൊട്ടുന്നതുപോലെ പൊട്ടലും ചീറ്റലും ഉണ്ടായാൽ കുട്ടികളുടെ വയർ സ്തംഭനം പോലത്തെ അസുഖങ്ങൾ മറ്റുള്ളവർ കൊതി കൂടിയതിന്റെ ഫലമാണെന്നാണ് കദിയാത്താന്റെ ഭാഷ്യം..!!
എന്ത് അസുഖം വന്നാലും ഇത്തരം ചില്ലറ പൊടിക്കൈകളിലൂടെ നാട്ടുകാർക്ക് ആശ്വാസം നൽകിയിരുന്നവരിൽ പ്രധാനിയായിരുന്നു കദിയാത്ത. പുള്ളിത്തുണിയും, മഞ്ഞക്കളർ പെങ്കുപ്പായവും, തല മറക്കാൻ അതെ കളറിൽ നീളൻ തട്ടവും ഇട്ടിരുന്ന കദിയാത്ത മൊത്തത്തിൽ ഒരു കളർഫുൾ ആയ സുന്ദരി തന്നെ ആയിരുന്നു.
ഇന്നലെയായിരുന്നു ബദ്രീങ്ങളെ ആണ്ട് നേർച്ച. തൊട്ടടുത്ത പള്ളിയിൽ വെച്ച് അതിഗംഭീരമായിട്ട് അത് ആഘോഷിക്കുകയും ചെയ്തു.
അന്ന് പള്ളിയിൽ വിളമ്പുന്ന തേങ്ങാ ചോറിനും, ബീഫും കുബളങ്ങയും വെച്ചുണ്ടാക്കുന്ന കറിക്കും ഒരു പ്രത്യേക രുചിയാണെന്നു കാലങ്ങളായി ഞങ്ങളുടെ നാട്ടിൽ ഉറഞ്ഞു പോയ ഒരു വിശ്വാസമാണ്.
അതുകൊണ്ട് തന്നെ നാനാ ജാതി മതസ്ഥർ അന്ന് പള്ളിയിൽ വിളമ്പുന്ന ഈ വിഭവങ്ങൾ വാങ്ങാൻ കയ്യിൽ കലവും പാത്രങ്ങളുമായി വരി നിൽക്കുന്നത് കാണാൻ തന്നെ കൗതുകമാണ്.
ഇങ്ങനെയുള്ള ആഘോഷ ദിവസങ്ങളിലും, നാട്ടിൽ കല്യാണ സീസൺ ആയാലുമാണ് പലർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും വയർ സ്തംഭനം പോലുള്ള അസുഖങ്ങൾ കാണപ്പെടുക.
അതിനു കാരണം അന്നൊക്കെ ഉച്ചക്ക് ഒരു നേരം, വെള്ളം കൂടുതലും വറ്റ് കുറവുമുള്ള കഞ്ഞിയും ഉണക്ക മീൻ ചുട്ടതും, വൈകുന്നേരങ്ങളിൽ അംഗൻവാടിയിൽ സൗജന്യമായി കിട്ടിയിരുന്ന സായിപ്പിന്റെ ഉപ്പുമാവും ആണ് അരവയർ നിറച്ചിരുന്നത്.
വയർ ഒരിക്കലും നിറയാത്തത് കൊണ്ടും പോഷകാഹാരത്തിന്റെ കുറവ് കൊണ്ടും, ഇടയ്ക്ക് അപ്രതീക്ഷിതമായി അന്നനാളത്തിലേക്കു ആഘോഷ ദിവസങ്ങളിൽ വരുന്ന 'ഹെവി ഫുഡ് ' നെ ദഹിപ്പിക്കാനുള്ള ശേഷി ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ അന്നനാളത്തിന് അന്ന് ഉണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായി കുന്നു കൂടുന്ന ഭക്ഷണത്തെ ദഹിപ്പിക്കാൻ ശേഷിയില്ലാതെ അന്നനാളം ഊർദ്ധ ശ്വാസം വലിക്കുമ്പോഴാണ് വയറ്റിൽ സ്തംഭനവും പുളിച്ചു തികട്ടലും ഒക്കെ ഉടലെടുത്തിരുന്നത്.
എന്നാൽ യാഥാർത്ഥ്യം ഇതാണെന്നിരിക്കെ, 'ന്റെ കുട്ടിനെ ആരോ കൊതി കൂടി ' എന്ന് പരിതപിച്ച് കദിയാത്തയുടെ അടുത്തേക്ക് ഓടുകയാണ് നാട്ടുകാരുടെ പതിവു രീതി.
പല്ലിന് ഊതുക, നഊറ് പാടുക. കൊതിക്ക് ഊതുക തുടങ്ങിയ കദിയാത്തയുടെ മന്ത്രിച്ച് ഊതലിൽ ഞങ്ങളുടെ നാട്ടിലെ അമ്മമാർ ആശ്വാസം കണ്ടെത്തി. കദിയാത്തയുടെ കൈപ്പുണ്യം കൊണ്ടോ നാട്ടുകാരുടെ ഭാഗ്യം കൊണ്ടോ വന്ന അസുഖങ്ങളൊക്കെ ഒരല്ലലുമില്ലാതെ തിരിച്ചു പോയി.
അതുകൊണ്ട് തന്നെ വേറൊരു മരുന്നിനെ കുറിച്ചോ മറ്റൊരു ചികിത്സയെ കുറിച്ചോ നാട്ടുകാർ ഒരിക്കലും ചിന്തിച്ചിരുന്നുമില്ല.
കദിയാത്തയുടെ സാമീപ്യത്തിൽ അസുഖങ്ങൾ ഭേദമാവുന്നതു എങ്ങിനെ എന്ന ചോദ്യത്തിന് നാട്ടുകാർക്കിടയിൽ പല കഥകളും പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒന്ന് അവർക്ക് 'ചേക്കുട്ടിപ്പാപ്പന്റെ' ഒളിസേവയുണ്ട് എന്നാണ്.
കദിയാത്താന്റെ നല്ല കാലത്ത് തന്നെ വയനാട്ടിൽ നിന്നും ചുരമിറങ്ങി വന്ന പോക്കു കാക്ക അവരെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം അധിക കാലം നീണ്ടുപോകുന്നതിനു മുമ്പേ പോക്കു കാക്ക അകാല ചരമമടഞ്ഞു.
അതിനു കാരണം കദിയാത്ത ഒരിക്കൽ ചേക്കുട്ടി പാപ്പയിലൂടെ ആർക്കോ വേണ്ടി ശത്രുസംഹാരം നടത്തുമ്പോൾ എവിടെയോ മന്ത്രം പിഴച്ച് തിരിഞ്ഞു കുത്തിയതാണെന്നും അങ്ങനെയാണ് പോക്കു കാക്ക മരിച്ചതെന്നും നാട്ടുകാർക്കിടയിൽ അടക്കം പറച്ചിലുണ്ട്.
ഏതായാലും പിന്നീടുള്ള കദിയാത്തയുടെ ജീവിതം ഒറ്റപ്പെട്ടതാണെങ്കിലും അവരുടെ വീടിന്റെ കിഴക്കു ഭാഗത്തെ 'കുണ്ടംമുറി' നാട്ടുകാർക്കിടയിൽ രഹസ്യങ്ങളുടെ കലവറയായി എന്നും അടഞ്ഞു കിടന്നു.
ഭർത്താവിന്റെ മരണശേഷം മറ്റു ബന്ധുക്കൾ ഒന്നും കാര്യമായിട്ട് ഇല്ലാത്ത കദിയാത്ത എല്ലാം നിർത്തിയെങ്കിലും ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ഈ മന്ത്രിച്ച് ഊതൽ നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് തുടർന്ന് കൊണ്ട് പോവുന്നത് തന്നെ.
ഇന്ന് ഞങ്ങളുടെ നാട്ടിൽ പേറ്റുനോവ് മുതൽ സകല നോവുകൾക്കും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓടിയെത്തുന്ന ആ മഞ്ഞ തട്ടക്കാരി ഒരു വിസ്മയം തന്നെയാണ് നാട്ടുകാർക്ക്. കൂട്ടത്തിൽ ഒരു വലിയ ആശ്വാസവും.
കദിയാത്താന്റെ കാലശേഷം തൊട്ടടുത്ത പള്ളിക്ക് തന്റെ വീടും പറമ്പും ഒസിയത് (ഇഷ്ടദാനം) ആയി എഴുതി കൊടുത്തപ്പോഴും ആ വീടിന്റെ കിഴക്കുഭാഗത്തെ രഹസ്യ അറയായ 'കുണ്ടം മുറി' യുടെ താക്കോൽ തീരെ ഉപയോഗിക്കാത്തത് കാരണം കദിയാത്തയുടെ പുള്ളിത്തുണിയുടെ കോന്തലയിൽ കെട്ടിയ മറ്റു താക്കോൽ കൂട്ടങ്ങൾക്കിടയിൽ തുരുമ്പെടുത്ത് വേറിട്ട് നിന്നു.

Comments

Popular posts from this blog

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...