Skip to main content

ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്'

കഥ 

എന്‍റെ വീടിന്‍റെ തൊട്ടപ്പുറത്തായിരുന്നു അന്ന് കള്ള് ഷാപ്പ് സ്ഥിതി ചെയ്തിരുന്നത്.
ഷാപ്പിൽ വൈകുന്നേരമായാൽ സ്ഥിരമായി കുടിക്കാൻ വരുന്ന ചിലരുണ്ട്. പൊക്കൻ ചെള്ളി, കാരി കുഞ്ഞൻ, നെടുമ്പൻ ചന്ദ്രൻ.. ഇങ്ങിനെ പോവുന്നു ആ നീണ്ട നിര.
പാടത്തു പണി യെടുത്തും, കൂലിപ്പണി ചെയ്തും നടന്നിരുന്ന സാധാരണക്കാരുടെ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കാനുള്ള ആശ്രയമായിരുന്നു ഈ കള്ള് ഷാപ്പ്.
വരുന്നവരെ മുഴുവൻ ഊട്ടാനുള്ള കള്ള് ചെത്താൻ മാത്രം തെങ്ങൊന്നും ഞങ്ങളുടെ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അല്ലറ ചില്ലറ പൊടികളും, കുമ്പളങ്ങയും, പെട്ടെന്ന് തലയ്ക്കു കേറാൻ പാകത്തിന് എന്തൊക്കെയോ കൃത്രിമങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം ഉന്മാദമാണ് അവിടെ വിളമ്പുന്നത് എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്.
വൈകുന്നേരമായാൽ പിന്നെ കുടിയും ബഹളവുമായി ഷാപ്പ് സജീവമാകും. ഇതിനെല്ലാം
മൂകസാക്ഷിയായി ഒരു കാടൻപൂച്ച ഇവരുടെയൊക്കെ കാലിനിടയിൽ കൂടി, അവർ തിന്നു വലിച്ചെറിയുന്ന മീൻ മുള്ളും, കപ്പക്കഷ്ണവും തിന്ന് നടക്കുന്നുണ്ടാവും.
ഇതിനിടയിൽ രാമൻ കുട്ടി ആശാരി അടിവയറും അമർത്തി പിടിച്ച് മുകളിലത്തെ കണ്ടത്തിലെ പൊന്തക്കാട്ടിലേക്കു ഊളിയിടുന്നത് കൗതുകത്തോടെയാണ് നോക്കിയിരുന്നത്.
കുറച്ചു നേരം അവിടെ നിന്നും പൊട്ടലും ചീറ്റലും കേൾക്കുന്നുണ്ടെങ്കിലും, ഇതൊക്കെ ഇവിടെ പതിവായതു കൊണ്ട് ആരും അത്ര കാര്യമാക്കാറില്ല.
പക്ഷെ എല്ലാം ഒന്ന് കെട്ടടങ്ങിയതിനു ശേഷം ആകെ ക്ഷീണിതനായ രാമൻ കുട്ടി ആശാരി ഇരുന്ന് താടിക്കു കയ്യും കൊടുത്തു ഇപ്രകാരം മൊഴിയുന്നുണ്ടാവും.
"ന്താ പ്പം മ്മളെ കള്ളിന് ന്ന് പറ്റീത്..!!??"
രാത്രി ആകുന്നതോടെ ഓരോരുത്തരുടെയും തലയ്ക്കു വെളിവ് നഷ്ട്ടപ്പെടും. പിന്നെ തെറി, അട്ടഹാസം, ഗ്ലാസ്സ് എറിഞ്ഞു ഉടക്കൽ തുടങ്ങിയ കലാപരിപാടികളുടെ അവസാനം പൊരിഞ്ഞ തല്ലിലായിരിക്കും അവസാനിക്കുക. പിന്നെ തലയൊക്കെ പൊട്ടി ചോരയൊലിച്ച്, ഒരാൾ പൊന്ത കാട്ടിൽ, മറ്റെയാൾ അരിച്ചാലിൽ..
ഇതിനിടയിൽ പലപ്രാവശ്യം പൊന്തക്കാട്ടിലേക്ക് ഓടി രാമൻ കുട്ടി ആശാരി ഒരു പരുവമായിക്കാണും.
ഷാപ്പിൽ എന്നും രാത്രിയായാൽ ഭീകരാന്തരീക്ഷം പതിവായതുകൊണ്ടു നാട്ടുകാർ ആരും ആ ഭാഗത്തേക്ക് അടുക്കാറില്ല.

അങ്ങിനെയിരിക്കെ ഒരു ദിവസം..
വെളുത്തു തടിച്ച്, ഒരു ചെറിയ കുടവയറും, കഴുത്തിൽ ഒരു സ്വർണ്ണചെയിനും ഒക്കെയായിട്ട് ഒരു സുമുഖൻ തെക്കു നിന്നും ആ ഷാപ്പ് നടത്താൻ ഞങ്ങളുടെ നാട്ടിൽ എത്തി.
പേര് ജേക്കബ്..!!
കപ്പടാ മീശ വെച്ച ജേക്കബിനെ ഭയ ബഹുമാനത്തോടെയായിരുന്നു അന്നത്തെ കുടിയൻമാർ വരവേറ്റത്. ജേക്കബ് ആണെങ്കിൽ ഒട്ടും വിട്ടു കൊടുത്തില്ല. മസിലു നല്ലവണ്ണം മുറുക്കി പിടിച്ച് തന്നെ മൂപ്പരും ഉറച്ചു നിന്നു.
അതുകൊണ്ടു തന്നെ ഷാപ്പിൽ വരുന്ന ഏതു വീര ശൂര പരാക്രമിയും ജേക്കബിന്‍റെ മുമ്പിൽ തല ചൊരിഞ്ഞു നിന്നു .
ഒരു ദിവസം അങ്ങാടിയിയിലും ജേക്കബ് ഒരു സീനുണ്ടാക്കി. ഊരിപ്പിടിച്ച കത്തിയുമായി ജേക്കബ് നടുറോഡിൽ..!!
തൊട്ടപ്പുറത്തുള്ള മലബാർ ഹോട്ടലിൽ പേടിച്ച മുഖവുമായി നിൽക്കുന്ന മുഹമ്മദ്ക്കയെ, പുറത്തേക്കിറങ്ങി വന്നാൽ കുത്തി മലർത്തുമെന്നു ജേക്കബ്!!

രണ്ടു ദിവസം മുമ്പ് അങ്ങാടിയിൽ വെച്ചുണ്ടായ എന്തോ ഒരു തർക്കമാണ് ഇന്നിവിടെ ഈ കത്തിയുടെ മുനമ്പിൽ വരെ എത്തി നിൽക്കുന്നത്. ഏതായാലും പ്രശ്നം ഒരു വിധം ഒത്തു തീർപ്പാക്കി ജനങ്ങൾ പിരിഞ്ഞു പോയെങ്കിലും, ഞങ്ങളുടെയെല്ലാം മനസ്സിൽ ജേക്കബിനോടുള്ള ഭയ, ഭക്തി, ബഹുമാനം ആഴത്തിൽ വേരോടി തുടങ്ങിയിരുന്നു.
വർഷങ്ങൾ കൊഴിഞ്ഞു പോയി. ജേക്കബ് എന്ന കൊമ്പൻ മീശക്കാരൻ, ഞങ്ങളുടെ നാടിന്‍റെ ഭാഗമായി.
വേനലായി തുടങ്ങിയാൽ അകത്തെ ചൂടിൽ നിന്നും രക്ഷപ്പെട്ട് നല്ല കാറ്റ്‌ കൊണ്ട് ഉറങ്ങുന്നതിനു വേണ്ടി എന്‍റെ കിടത്തം പുറത്തെ കോലായിലേക്കു മാറ്റും. അങ്ങിനെ ഒരു ദിവസം പുലർച്ചെ നല്ല ഉറക്കത്തിലായിരുന്ന എന്‍റെ കാലിൽ ഒരു തണുത്ത കൈ സ്പർശമറിഞ്ഞു പാതിയുറക്കത്തിൽ കണ്ണ് തുറന്നു നോക്കുമ്പോൾ അവ്യക്ത രൂപം പോലെ ജേക്കബ്!!
"നാണിക്കാന്‍റെ കടയിൽ ഒരു നൂറു രൂപ കൊടുക്കാൻ ഉപ്പയോട്‌ പറയണം. ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരൂ"
ഉറക്കത്തിൽ കേട്ടപാതി കേൾക്കാത്ത പാതി, മറുപടിയായി ഒരു മൂളലും മൂളി ഞാൻ വീണ്ടും ഉറക്കത്തിലേക്ക് ഊളിയിട്ടു.
ഒരാഴ്ചയായി ജേക്കബിൽ ചില മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല. പക്ഷെ അതിരാവിലെ എന്‍റെ അടുത്ത് വന്നതു മുതൽ മനസ്സിൽ എന്തൊക്കെയോ ആശങ്കകൾ കാട് കയറാൻ തുടങ്ങി.
ജേക്കബിന്‍റെ വാലായി എപ്പോഴും നടന്നിരുന്ന മോഹനന്‍റെ അടുത്ത് എന്നെ എത്തിച്ചത് ഈ ആശങ്കയായിരുന്നു.
അവൻ പറഞ്ഞു തുടങ്ങി..

കുറച്ചു മാസങ്ങളായി ജേക്കബിനു മാനസികമായ ഒരസ്വാസ്ഥ്യം തുടങ്ങിയിട്ട്. എവിടെയെങ്കിലും നിൽക്കുമ്പോൾ അടുത്ത് ആരെങ്കിലും സംസാരിച്ചു നിൽക്കുന്നെങ്കിൽ, അത് തന്നെ കുറിച്ചാണെന്നും, അവർ തന്നെ കൊല്ലാൻ പദ്ധതിയിടുകയാണെന്നും എന്നൊരു തോന്നൽ..പിന്നെ അവിടെ നിന്നും രക്ഷപ്പെടാനുള്ള ഓട്ടം..

ഇങ്ങനെ ഓടി ഓടി തളർന്നിരിക്കയാണ് അവൻ.
കൂട്ടത്തിൽ ഒരു സത്യം കൂടെ അന്ന് അവൻ വെളിപ്പെടുത്തി..!!
" ഈ കൊമ്പൻ മീശയും റൗഡിത്തരവുമെല്ലാം ഇവിടെ പിടിച്ചു നിൽക്കാനുള്ള അവന്‍റെ ഒരു തന്ത്രമായിരുന്നു. സത്യത്തിൽ അവൻ ഒരു പാവവും, പേടിത്തൊണ്ടനുമാണ് "
എന്നോട് പറഞ്ഞു പോയ രണ്ടു ദിവസം കഴിഞ്ഞും ജേക്കബിനെ കാണാതിരുന്നപ്പോൾ മനസ്സിൽ വേണ്ടാത്ത ചിന്തകൾ ഉരുണ്ടു കൂടാൻ തുടങ്ങി.
ജേക്കബിന്‍റെ വീട്ടിൽ രാത്രി ഏറെയായിട്ടും വെളിച്ചം അണയാതെ, ഒരു കൊച്ചു കുഞ്ഞിന്‍റെ നേർത്ത കരച്ചിലിനൊപ്പം ആ അമ്മയുടെ കരച്ചിലും നേർത്തു വരുന്നതായി തോന്നി.
നാട്ടുകാരുടെ ചുണ്ടിൽ ജേക്കബിനെ കുറിച്ചുള്ള ഓരോ സ്മരണകൾ ആടിത്തിമർത്തു.
ഉൾക്കാട്ടിൽ വിറകൊടിക്കാൻ പോയ ആദിവാസികളാണ് ഒരു അജ്ഞാത ശവത്തെ കണ്ട വാർത്ത നാട്ടിലെത്തിച്ചത്.

കേട്ട പാടെ അങ്ങോട്ട് ഓടിയെങ്കിലും അത് ജേക്കബ് ആവില്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. അല്ലെങ്കിൽ അത് വിശ്വസിക്കാൻ മാത്രം മനസ്സ് പാകപ്പെട്ടിരുന്നില്ല.
പക്ഷെ അത് അവൻ തന്നെ..ജേക്കബ്..
ഇത്രയും കാലം ഞങ്ങളുടെ മുമ്പിൽ കൊമ്പൻ മീശയും പിരിച്ചു, പേടിയുടെ മുൾമുനയിൽ നിർത്തിയവൻ.. ഒരുജീവച്ഛവമായി..
ചുറ്റിലും കാലിയായ മദ്യക്കുപ്പികളും, ഉറക്ക ഗുളികയും, കുറച്ചകലെയായിട്ടു വലിച്ചെറിഞ്ഞ "എക്കാലക്സിന്റെ" (വിഷം) കുപ്പിയും കാലിയായി
കിടക്കുന്നുണ്ടായിരുന്നു.
അതെ ആ അമ്മയുടെയും കുഞ്ഞിന്‍റെയും കരച്ചിൽ വീണ്ടും ഉച്ചസ്ഥായിലെത്തി..പക്ഷെ അതൊന്നും മരണമെന്ന യാഥാർഥ്യത്തെ തോൽപ്പിക്കാൻ കെൽപ്പുള്ളതായിരുന്നില്ല.

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...