Skip to main content

അപകര്‍ഷതാബോധം

ഓര്‍മ്മകള്‍ 
സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനുള്ള നാടകത്തിലേക്ക്‌ നടീ നടന്മാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഊട്ടി ഹാളിൽ നടക്കുന്ന ഓഡിഷനിലേക്ക് കടന്നു ചെല്ലുമ്പോൾ അനീസിന്റെ മനസ്സും ശരീരവും സഭാകമ്പം കാരണം വിറക്കാൻ തുടങ്ങി.
സത്യത്തിൽ അനീസ് പേര് കൊടുത്ത് കുടുങ്ങിയതാണ്. അതുകൊണ്ട് തന്നെ
മൈക്കിലൂടെ അവന്റെ പേര് ആരോ വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ചെല്ലാൻ അവൻ നിർബന്ധിതനായി.
വിധി കർത്താവായി സ്റ്റേജിന്റെ സൈഡ് ഭാഗത്തായി ഇരിക്കുന്നത് കലയുമായോ, നാടകവുമായോ അങ്ങാടിയിൽ കണ്ട ബന്ധം പോലുമില്ലാത്ത ഹരി മാഷാണ്.
എന്നാൽ ബയോളജിയിലും കെമിസ്ട്രിയിലും ക്ലാസ് എടുക്കുന്നതിൽ മാഷെ വെല്ലാൻ മറ്റാരും വേറെ ഉണ്ടായിരുന്നില്ല.
ഹരി മാഷും അനീസും പണ്ടേ അത്ര രസത്തിലല്ലാത്തതു കൊണ്ട് ഈ അവസരം തന്നെ പരിഹസിക്കാനുള്ള ഒരു അവസരമാക്കി മാഷ് മാറ്റും എന്ന് അനീസിന് തെല്ലൊരാശങ്കയും ഉണ്ടായിരുന്നു.
അതും കൂടി ആലോജിച്ചപ്പോൾ അവന്റെ ഹൃദയം പൂർവ്വാധികം ശക്തിയോടെ മിടിക്കാൻ തുടങ്ങി.
എങ്കിലും സർവ്വ ധൈര്യവും സംഭരിച്ച് അവൻ സ്റ്റേജിലേക്ക് കയറി. ചുറ്റും നിൽക്കുന്നവരെ ഒരു വിഹഗവീക്ഷണം നടത്തി. പക്ഷെ പേടി കാരണം, താനൊഴിച്ച് സ്റ്റേജിൽ നിറഞ്ഞു നിൽക്കുന്ന മറ്റു കുട്ടികൾ എല്ലാവരും തന്റെ കാഴ്ചയിൽ നിന്നും പാട മൂടിയത് പോലെ മാഞ്ഞു പോകുന്നതായി അനീസിന് തോന്നി.
എല്ലാവരുടെയും ശ്രദ്ധ അനീസിലാണ്. എന്ത് ഡയലോഗ് പറയണം എന്നറിയാതെ പകച്ചു നിൽക്കുന്ന അനീസിന്റെ ദയനീയാവസ്ഥ കണ്ട്, അലിവ് തോന്നിയ അവന്റെ ഉത്തമ സുഹൃത്തായ റാഫിയാണ് ജനവാതിലിന്റെ മുകളിൽ കേറി നിന്ന് അവനെ സഹായിക്കാനായി ആംഗ്യത്തിൽ ആ ഡയലോഗ് തന്നെ പറയാൻ പ്രേരിപ്പിച്ചത്.
--'' ഡാ..തോനക്കൽ..!!
ഒന്നും മനസ്സിലാവാതെ പകച്ച് നിൽക്കുന്ന അനീസിനെ നോക്കി റാഫി വീണ്ടും ആവർത്തിച്ചു.
---'' തോനക്കൽ പഞ്ചായത്തിലെ...!!
ആകെ വെപ്രാളത്തിന്റെ ഒഴുക്കിൽ പെട്ട അനീസിന് അപ്പോൾ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു റാഫി ഇട്ടു കൊടുത്ത 'ഇന്നസെന്റ് ' ന്റെ ആ മരണ മാസ്സ് ഡയലോഗ്..!!
പിന്നെ അവൻ ഒന്നും ആലോജിച്ചില്ല..
ഇന്നസെന്റിന്റെ പ്രശസ്തമായ ആ ഡയലോഗ് അങ്ങോട്ട് വെച്ച് കാച്ചി...!!
--" തോനക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കിയെടുത്തു. ഇനി രാമൻ നായരുടെ വീട് മാത്രേ ബാക്കിയുള്ളൂ..!!
ഇത് പറഞ്ഞു തീർന്നതും ഒരിക്കലും സിനിമ കാണാത്ത ഹരി മാഷ് അനീസിന്റെ മാസ്സ് ഡയലോഗ് കണ്ട് പ്രതീക്ഷക്ക് വിപരീതമായി തോളിൽ തട്ടി അഭിന്ദിച്ചു.
ഇന്നസെന്റിന്റെ സിനിമ കണ്ട സദസ്സിലുള്ള കുട്ടികൾ റാഫിയെ പഞ്ഞിക്കിടാൻ ഓടിക്കൂടിയപ്പോഴേക്കും അവൻ ജനലിൽ നിന്നിറങ്ങി ഓടി വേലി എടുത്ത് ചാടി ദൂരെ മറയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്..!!
സ്റ്റേജിൽ നിന്നും പുറത്തിറങ്ങിയ അനീസിന് ഒരു കാര്യം അപ്പോൾ ബോധ്യപ്പെട്ടു.
--" ബെർദേ മാഷെ തെറ്റിദ്ധരിച്ചു..!!

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...