Skip to main content

ബാല്യകാല സൗഹൃദം

ഓര്‍മ്മകള്‍

അന്ന് നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ നാടായ തിരുവാലിയിൽ, മലബാർ ഹോട്ടൽ എന്ന സ്ഥാപനം, മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ടയെ ആദ്യമായി പരിചയപ്പെടുത്തിക്കൊണ്ടു രംഗത്ത് വരുന്നത്.
അന്ന് ഞാൻ കൂട്ട് കൂടിയത് അതിന്റെ ഉടമസ്ഥനായ അളിയാക്കയുടെ (ഈ പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്) മൂത്ത മോൻ അലിയുമായിട്ടായിരുന്നു. ഒരുമിച്ചു പുസ്തകക്കെട്ടുമായി സ്കൂളിലേക്ക് പോവുന്ന ദിവസങ്ങളിൽ ഞങ്ങളിൽ രണ്ടു പേരിൽ ഒരാൾക്ക് തോന്നിയ ബുദ്ധിയായിരുന്നു ഇന്ന് സ്കൂളിൽ പോവാതെ സ്കൂളിന് അടുത്തുള്ള പുതുക്കോട്ടു കുളത്തിൽ പോയി ചാടി കുളിക്കാം എന്ന്.
പിന്നെ ഒട്ടും അമാന്തിച്ചില്ല പുസ്തകക്കെട്ടുകൾ ഒരാലിന്റെ പൊത്തിൽ വെച്ച് കുളം ലക്ഷ്യമാക്കി ഓടുകയായിരുന്നു. പിന്നീടുള്ള കണക്കും, രസതന്ത്രവും, ഊർജ്ജതന്ത്രവും, ചരിത്രം പടിക്കലും എല്ലാം ആ കുളത്തിലെ വെള്ളത്തിൽ ഊളിയിട്ടു മുങ്ങി തപ്പി എടുക്കുന്നതിൽ ഞങ്ങൾ വ്യാപൃതരായി.
സ്കൂൾ വിടുന്ന സമയമായാൽ ഒന്നും അറിയാത്തവരെ പോലെ പുസ്തകമെടുത്തു തിരിച്ച് വീട്ടിലേക്കു ഓടി ചെല്ലുമ്പോൾ ഉമ്മറത്ത്, സ്കൂൾ വിട്ട് തളർന്നു വരുന്ന മോന് കഴിക്കാൻ വേണ്ടി ചായയും പലഹാരങ്ങളും ഉണ്ടാക്കി ഉമ്മ കാത്തിരിക്കുന്നുണ്ടാവും.
ദിവസങ്ങൾ അങ്ങിനെ നീണ്ടു പോയി സ്കൂളിലെ ഞങ്ങളുടെ അഭാവം എൽ. പി സ്കൂളിലെ കുറുപ്പ് മാഷെ ശ്രദ്ധയിൽ പെട്ടു.
ഞങ്ങളുടെ കള്ളത്തരം ഒരു കാട്ടുതീ പോലെ നാട്ടിലും വീട്ടിൽ ഉപ്പാന്റെ അടുത്തും എത്തി.
പിന്നീടുള്ള സംഭവങ്ങൾ പറയേണ്ടതില്ലല്ലോ..

അന്നത്തെ ദിവസം ബാപ്പാന്റെ കയ്യിൽ നിന്നും പൊതിരെ തല്ല് കിട്ടി ക്ഷീണിച്ചു ഉറങ്ങുമ്പോഴും, ഉപ്പാന്റെ കണ്ണിന്റെ ഒരു കോണിൽ ഒരിറ്റു കണ്ണുനീർ പറ്റിപ്പിടിച്ചു നിന്നിരുന്നു.
പക്ഷെ പിന്നീടുള്ള ദിവസങ്ങളിലും സ്കൂളിൽ പോവാതെ കറങ്ങി നടന്ന് സ്കൂൾ വിടുന്ന സമയം വീട്ടിലേക്കു കയറി ചെല്ലുമ്പോൾ, കലിപൂണ്ട് നിൽക്കുന്ന ഉപ്പയിൽ നിന്നും വയറു നിറച്ചു മേടിക്കുന്നതു ഒരു പതിവായി.
അടി തുടങ്ങിയാൽ പിന്നെ ഉച്ചത്തിൽ നിലവിളിച്ച്, ദയനീയമായ ഒരു നോട്ടം ഉപ്പാന്റെ മുഖത്തു നോക്കിയാൽ പിന്നെ ഉപ്പാന്റെ മനസ്സലിയും..
പിന്നെ ഒന്നും മിണ്ടാതെ മൂപ്പര് വീട്ടിലെ ചാരുകസേരയിൽ പോയി ഇരിക്കും.
പിടിക്കപ്പെട്ടിട്ടും വീണ്ടും ഇതുതന്നെ ആവർത്തിക്കുന്നത് എന്തിനു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായിരുന്നു.

ഈ കള്ളത്തരം നാട്ടിലും സ്കൂളിലും പാട്ടായപ്പോൾ പിന്നെ കള്ളൻമാരെ പോലെ സ്കൂളിൽ കേറി ചെന്ന് സഹപാഠികളെയും അദ്ധ്യാപകരെയും അഭിമുഖീകരിക്കാനുള്ള വിഷമം അതുകൊണ്ട് മാത്രമായിരുന്നു ഇത് വീണ്ടും ആവർത്തിച്ചു കൊണ്ടിയിരുന്നത്.
അങ്ങനെ ആ അധ്യയന വർഷം കഴിയാറായി. പരീക്ഷയൊക്കെ കഴിഞ്ഞു ഇപ്രാവശ്യം തോറ്റത് തന്നെ എന്ന് മനസ്സിൽ ഉറപ്പിച്ചു നിൽക്കുമ്പോഴാണ് ആ വാർത്ത ചെവിയിൽ എത്തിയത്.
"അലി തോറ്റു.. നാസർ ജയിച്ചു"
ഈ കേൾക്കുന്നത് ശെരിയല്ല എന്നും, കുറുപ്പ് മാഷും ഉപ്പയും എന്തോ ഒരു ധാരണയിൽ ഈ വിഷത്തിൽ എത്തിയിട്ടുണ്ട് എന്നും, ഇതിൽ അഴിമതിയുണ്ട് എന്നും ഉറക്കെ വിളിച്ചു പറയണം എന്ന് തോന്നിയെങ്കിലും, അതൊന്നും പുറത്തു കാണിക്കാതെ, എൽ.പി. യിൽ നിന്നും യു.പി. യിലേക്ക് സ്ഥാനക്കയറ്റം കിട്ടി എന്ന സത്യം മനസ്സിലായപ്പോ എന്നിൽ ഒരു അഹങ്കാരി വളരുകയായിരുന്നു.
പുതിയ അധ്യയന വർഷം നാലാം ക്ലാസിന്റെ ജനൽപാളിയിലൂടെ അവൻ എന്നെ ദയനീയമായി നോക്കിയപ്പോൾ വിഷമമൊക്കെ തോന്നിയിരുന്നെങ്കിലും, മനസ്സിൽ ഞാൻ കുറിച്ചിട്ടിരുന്നു നീയുമായി ഇനി ഒരു കൂട്ട്കെട്ട് വേണ്ട എന്ന്.
പക്ഷെ അവൻ സ്കൂളിന്റെ അടുത്തുള്ള കുട്ടൻ നായരുടെ കടയിലെ ഭരണിയിൽ എന്നെ കൊതിപ്പിച്ച മിഠായികളും, പെട്ടി ഐസ് ക്രീമും വാങ്ങി തന്ന് എന്നെ തോൽപ്പിച്ച് കൊണ്ടേയിരുന്നു.
ഹോട്ടൽ കച്ചവടം നടത്തിയിരുന്ന അവന്റെ ഉപ്പാന്റെ മേശയുടെ വലിപ്പിൽ നിന്നും ചില്ലറ മോഷണമൊക്കെ നടത്തിയിട്ടായിരുന്നു ഈ കാര്യങ്ങളൊക്കെ സാധിച്ചിരുന്നത്. ഇങ്ങിനെ ഒരവസരം എനിക്കില്ലാത്തതു കൊണ്ട് എന്നിലെ അഹങ്കാരിയും, സ്വാർത്ഥനും, അവന്റെ പിറകെ വാലായി നടന്നു കൊണ്ടേ ഇരുന്നു..
ഞാനാരാ മോൻ..!!!
*കുറച്ചു ദിവസം മുമ്പ് അലിയുടെ ഭാര്യ അകാലത്തിൽ മരിച്ചപ്പോൾ തോന്നിയ പഴയ കാല ഓർമകളിൽ നിന്നും*

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...