കഥ
ബഷീറിന് (ഞങ്ങള്‍ നാട്ടുകാര്‍ സ്നേഹത്തോടെ “ബസീ” എന്ന് നീട്ടി വിളിക്കും) ഇന്ന് മീന്‍ കൊയ്ത്തിന്‍റെ ദിവസമാണ്. രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന മഴ കാരണം തോട്ടിലൊക്കെ കലങ്ങിയ വെള്ളം വരാന്‍ തുടങ്ങിയിട്ടുണ്ട്.
അതറിഞ്ഞ പാടെ വലയുമെടുത്തു ഞങ്ങളുടെ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു അണക്കെട്ടായ “ഒരപ്പിങ്ങള്‍” ലേക്ക് വെച്ചു പിടിക്കുന്ന നേരത്താണ് മൊബൈലില്‍ 'ക്ണിം' എന്ന ശബ്ദം താളം പിടിച്ചത്.
നാട്ടിലെ ഒരു പ്രമുഖ വാട്സ് ആപ് ഗ്രൂപ്പിലെ സജീവ സാന്നിദ്ധ്യമായ ബസിക്ക് ആ ശബ്ദത്തെ തീരെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല.
അതുകൊണ്ട് തന്നെ അതിലെ സന്ദേശത്തിലേക്ക് ബസി ഒരു തോര്‍ത്ത് മുണ്ട് പോലും ഉടുക്കാതെ ഊളിയിട്ടു.
ഊളിയിടുമ്പോള്‍ ഒരു പാട് പ്രവാസി സുഹൃത്തുകള്‍ ഉള്ള ബസിയുടെ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത ചെറിയ പെരുന്നാള്‍ ആശംസകളുമായി വരുന്ന ഗല്‍ഫുകാരായിരുന്നു.
കാരണം ഗള്‍ഫില്‍ ഇന്നാണ് പെരുന്നാള്..!!
നാട്ടില്‍ നാളെയാണ് പെരുന്നാള്‍ എന്ന അറിയിപ്പ് കിട്ടിയപ്പോള്‍ ബസി സ്വയം ആശ്വസിച്ചു. കൂട്ടത്തില്‍ ഇങ്ങനെ ഒരു ആത്മഗതവും പുറത്ത് വന്നു.
-“ അപ്പൊ ഇന്ന് ഒരപ്പിങ്ങല്‍ക്ക് മീന്‍ പിടിക്കാന്‍ പോവാം “ ..!!
ഇങ്ങനെ ഓരോന്ന് ആലോചിച്ച് മുങ്ങിത്തപ്പിയെടുത്ത ആ സന്ദേശം പക്ഷെ ബസിയെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. വല്ലാത്തൊരു വേദനയോടെയാണ് ആ സന്ദേശം ബസിയുടെ ചുണ്ടിനിടയിലൂടെ ഊര്‍ന്നു വീഴ്ന്നത് .
“കരുപ്പത്തൊടിയില്‍ ലക്ഷിയമ്മ മരണപ്പെട്ടു...സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് തറവാട്ടു വളപ്പില്‍”..!!
കൂടുതലൊന്നും ആലോചിക്കാതെ ബസി മൊബൈലില്‍ “ആദരാഞ്ജലികള്‍” എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ബസിയുടെ മുഖത്തെ ദുഖത്തിന്റെ നിഴലാട്ടം മൊബൈല്‍ വെളിച്ചത്തില്‍ തെളിഞ്ഞു വന്നു.
“ആദരാഞ്ജലികള്‍” എന്ന് എഴുതിയപ്പോള്‍ തന്നെ അതിന്‍റെ ഒരു “കോപ്പി” വിരല്‍തുമ്പില്‍ എടുത്തിട്ടാണ് ബസി ഫേസ് ബുക്കിലേക്ക് ഒന്ന് എത്തി നോക്കിയത്. കാരണം അവിടെയും ഈ നിര്യാണ വാര്‍ത്ത ഇടം പിടിച്ചിരിക്കും എന്ന് ബസിക്കു നല്ല ഉറപ്പുണ്ടായിരുന്നു. പതിവ് പോലെ അവിടെയും ഒരു ആദരാഞ്ജലി കൊടുക്കേണ്ടി വന്നാല്‍ വീണ്ടും ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടാണ് ബസി ആദ്യം തന്നെ ആദരാഞ്ജലിയുടെ ഒരു “കോപ്പി” ചൂണ്ടു വിരലില്‍ കരുതിയത്.
അത് “പേസ്റ്റ്” ചെയ്യാന്‍ വേണ്ടി ബസിയുടെ കണ്ണുകള്‍ ഫേസ്ബുക്കില്‍ ലക്ഷ്മി അമ്മയുടെ നിര്യാണ വാര്‍ത്തയെ പരതുമ്പോള്‍, പുതിയ പെരുന്നാള്‍ കുപ്പായമിട്ട് ഗള്‍ഫിലുള്ള പെങ്ങളുടെ മോന്‍റെ ചിരിച്ചുകൊണ്ടുള്ള സുന്ദരമായ ഒരു സെല്‍ഫി ഫേസ് ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഫോട്ടോയുടെ താഴെ കമന്‍റുകള്‍ വന്നു നിറയുന്നതും നോക്കി ബസി ഇമ വെട്ടാതെ കുറച്ചു നേരം അങ്ങനെ നോക്കി നിന്നു.
പരല്‍മീനുകള്‍ വെള്ളത്തിനു മുകളില്‍ പൊങ്ങി വന്ന് തല കാട്ടി പുഞ്ചിരിക്കുന്നത് പോലെ, “ആശംസകള്‍ മുത്തേ”...തുടങ്ങിയ ആവേശമുണര്‍ത്തുന്ന കമന്‍റുകള്‍ വന്നു നിറഞ്ഞു കൊണ്ടിരുന്നു.
ഇതെല്ലാം വായിച്ച ആവേശത്തില്‍ ബസിയും ഒന്നും ആലോചിക്കാതെ തന്‍റെ വിരല്‍ത്തുമ്പിലെ “കോപ്പി” എടുത്ത് കമന്റ്റ് ബോക്സില്‍ കൊണ്ട് പോയി “പേസ്റ്റ്” ചെയ്തു.
“ആദരാഞ്ജലികള്‍”...!!
ചെറിയ പെരുന്നാള്‍ ആശംസിക്കേണ്ട ഇടത്ത് ആദരാഞ്ജലികള്‍ എന്ന "കോപ്പി" വിരലില്‍ നിന്നും അബദ്ധത്തില്‍ ഊര്‍ന്നു വീണ് കമ്മന്റ് ബോക്സില്‍ ഇരിപ്പുറപ്പിച്ചു...!!!
ഇതുകണ്ട് മുകളില്‍ ഇടം പിടിച്ചിരുന്ന “പെരുന്നാള്‍ ആശംസകള്‍” കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി.
എന്നാലും ഔചിത്യബോധമില്ലാതെ കടന്നു വന്ന അതിഥിയെപ്പോലെ ആ വാക്കുകള്‍ (ആദരാഞ്ജലികള്‍)...!! അവിടെ ഒരു നാണവുമില്ലാതെ പല്ലിളിച്ചിരുന്നു.
ബസിയുടെ കമ്മന്റ് വായിക്കുന്ന അവന്‍റെ പെങ്ങുളുടെ മോന്‍റെ മുഖം മനസ്സില്‍ ഓര്‍ത്തപ്പോള്‍ ബസി നിന്നു വിയര്‍ക്കാന്‍ തുടങ്ങി. കയ്യില്‍ നിന്നും അബദ്ധത്തില്‍ കൈവിട്ടു പോയ വാക്കിനെ തിരിച്ചു പിടിക്കാന്‍ വയ്യാതെ നിസ്സഹായനായി നില്‍ക്കുന്ന പാവം ബസീ... നിന്‍റെ നാളത്തെ പെരുന്നാള്‍ ഗംഭീരമായിരിക്കില്ല എന്ന് അറിയാമെങ്കിലും..
”ഒരപ്പിങ്ങള്‍” നിന്നെ വിളിക്കുന്നു...
കാരണം അവിടെ കലക്ക വെള്ളത്തിലെ മീനുകള്‍ നിന്നെ മാടി വിളിക്കുന്നുണ്ട്..!!
കാരണം അവിടെ കലക്ക വെള്ളത്തിലെ മീനുകള്‍ നിന്നെ മാടി വിളിക്കുന്നുണ്ട്..!!
Comments
Post a Comment