![]() |
| 'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' |
കഥ
"പോണാൽ പോകട്ടും പോടാ
ഇന്ത ഭൂമിയിൽ നിലയായ്
വാഴ്ന്തവൻ യാരെടാ
പോണാൽ പോകട്ടും പോടാ.."
ഇന്ത ഭൂമിയിൽ നിലയായ്
വാഴ്ന്തവൻ യാരെടാ
പോണാൽ പോകട്ടും പോടാ.."
ഇടതു കൈ പാന്റിന്റെ പോക്കറ്റിലും വലതു കൈ ആകാശത്തേക്കും ചൂണ്ടി പാട്ടിന്റെ താളത്തിനൊത്ത് റെക്കോർഡ് ഡാൻസർ ഹംസാ ഖാൻ പാടി അഭിനയിക്കുമ്പോൾ സ്റ്റേജിന്റെ രണ്ട് സൈഡിലും കെട്ടി തൂക്കിയ പെട്രോ മാക്സ് വരെ കൂടെ താളത്തിൽ ആടിക്കളിച്ചു.
എം.ജി.ആറിന്റെയും, ശിവാജി ഗണേശന്റെയും ഹിറ്റ് പാട്ടുകൾക്കനുസരിച്ച് ഹംസാഖാൻ സ്റ്റേജിൽ നൃത്തച്ചുവടു വെച്ചു. ആവേശം കേറിയ നാട്ടുകാർ "വൺസ് മോർ" എന്നു പറഞ്ഞു സ്റ്റേജിലേക്ക് നോട്ടുകൾ എറിഞ്ഞു കൊടുത്തു.
റെക്കോർഡ് പ്ലെയർ വീണ്ടും കറങ്ങി..!!
ഹംസാഖാൻ ആവേശത്തോടെ വീണ്ടും തിമർത്താടി..!!
പകൽ ഹംസാഖാനെ കാണാൻ ഒരു ആകർഷണവും ഉണ്ടായിരുന്നില്ല. ഒരു കൈലി മുണ്ടും, നരച്ച ഷർട്ടും പിന്നെ കഷണ്ടി തലയും കാലിൽ ഒരു തേഞ്ഞ ഹവായ് ചെരുപ്പും ഇട്ട് ഏതെങ്കിലും പീടികയിൽ നരച്ചിരിക്കുന്ന ഒരു മദ്ധ്യവയസ്‌ക്കൻ..!!
പക്ഷെ രാത്രിയാവുന്നതോടെ മുഖത്ത് ചായം തേച്ച് കണ്ണിൽ സുറുമ എഴുതി, ചുണ്ടൊക്കെ ചുവപ്പിച്ച് തിളങ്ങുന്ന ഒരു വിഗ്ഗും, ഒരു തൊപ്പിയും, കോട്ടും, സഫാരി സൂട്ടും, കഴുത്തിൽ ഒരു ടൈയ്യും കെട്ടി സ്റ്റേജിൽ പെട്രോ മാക്സിന്റെ വെളിച്ചത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ, സിനിമാ സ്‌ക്രീനിൽ നിന്നും എം. ജി.ആറും, ശിവാജി ഗണേശനും ഇറങ്ങി വന്നത് പോലെ തോന്നും.
ഗ്രാമവാസികൾ ഹംസാ ഖാന്റെ ഗ്ലാമർ കണ്ട് താടിക്ക് കയ്യും കൊടുത്ത് ഇങ്ങനെ മൊഴിഞ്ഞു.
- "എന്തൊരു മൊഞ്ചാ ഹംസാ ഖാനെ സ്‌റ്റേജുമ്മല് കാണാൻ "..!!
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഫിറോസിന്റെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു. അവൻ മനസ്സിൽ ഇങ്ങനെ കുറിച്ചിട്ടു.
-"എനിക്കും ഭാവിയിൽ ഒരു റെക്കോർഡ് ഡാൻസർ ആവണം."
-" ഹംസാഖാനെ പോലെ..!!
തന്റെ മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന പേരക്കയുടെ മുമ്പിൽ ഫിറോസ് ഇങ്ങനെയൊക്കെ ചിന്തിച്ച് ഇരിക്കുമ്പോൾ വലിയുപ്പന്റെ സ്ഥിരം പല്ലവി കാതിൽ വന്ന് വെറുതെ ചൊറിഞ്ഞു കൊണ്ടിരിക്കും.
-" ഫിറോസേ അന്നെ ഒരു കച്ചവടക്കാരനാക്കാനാണ് ഞമ്മളെ പൂതി. അതിനുള്ള ഒരു തുടക്കായിട്ട് കരുതിയാൽ മതി ഈ അടക്കാപ്പയത്തിന്റെ (പേരയ്ക്ക)
കച്ചോടം.."
കച്ചോടം.."
സ്കൂളിലെ പാഠങ്ങൾ കാണാപാഠം പഠിക്കുന്ന പരിപാടി ഒരിക്കലും തലയിൽ കേറില്ല എന്ന തിരിച്ചറിവ് ഉണ്ടായ ശേഷം, സ്കൂൾ വിട്ട് വീട്ടിൽ വന്നാലും പുസ്തകം ഒരിക്കലും തുറന്നു നോക്കിയില്ല ഫിറോസ്. പകരം സന്ധ്യക്ക് പള്ളിയിൽ നടക്കുന്ന ദർസ് (ക്ലാസ്) ൽ മുടങ്ങാതെ ഹാജരായി. അത് കഴിയുമ്പോഴേക്കും റിക്കാർഡ് ഡാൻസ് നടക്കുന്നിടത്തു നിന്നും ഹംസാഖാന്റെ ത്രസിപ്പിക്കുന്ന അനൗൺസ്‌മെന്റ് അന്തരീക്ഷത്തിൽ മുഴങ്ങും.
-" കലയുടെ കലവറയെന്നറിയപ്പെടുന്ന കൊച്ചു കേരളത്തിന്റെ വിരിമാറിൽ...ഹംസാ ഖാനും സംഘവും അവതരിപ്പിക്കുന്ന..."
ഇത് കേട്ടാൽ പിന്നെ മദ്രസ്സയിലെ പുസ്തകം മുറിയിലേക്ക് വലിച്ചെറിഞ്ഞു , പകരം പേരക്കയുടെ കുട്ടയുമായി ഫിറോസ് ഒരൊറ്റ ഓട്ടമാണ് ഹംസാഖാന്റെ കലാപരിപാടി നടക്കുന്നിടത്തേക്ക്..!!
വർഷങ്ങൾക്കു മുമ്പ് നാടുകാണി ചുരം കേറി പോയ ഫിറോസിന്റെ ഉമ്മയുടെ ഉപ്പ അഥവാ അവന്റെ വലിയുപ്പ ഈ അടുത്ത കാലത്താണ് ചുരമിറങ്ങി നാട്ടിൽ വന്നത്.
അവിടെ ഏതോ ഒരു പള്ളിയിൽ മുക്രി ആയി ജോലി ചെയ്തിരുന്ന അവന്റെ വലിയുപ്പ വരുമ്പോഴൊക്കെ കമ്പിളി പുതപ്പും, ചായപ്പൊടിയും പിന്നെ ഒരു കുട്ടിച്ചാക്കിൽ നിറയെ പേരയ്ക്കയും നാടുകാണിയിൽ നിന്നും നാട്ടിലേക്ക് ചുരമിറങ്ങി കൊണ്ടുവരും.
കമ്പിളിപ്പുതപ്പിനു ആവശ്യക്കാർ അന്ന് കൂടുതലും പ്രായമായവർ ആയിരുന്നു. മകര മാസത്തെ തണുപ്പിനെ നേരിടാനും, പനി പിടിച്ചാൽ മേലാകെ പുതച്ച് ചുരുണ്ടു കൂടി ഇരിക്കുന്നതിനും ഈ വയനാടൻ പുതപ്പ് അവരുടെ സന്തത സഹചാരിയായി.
അതുപോലെ ആ ഗ്രാമത്തിലെ ഓരോ ചായക്കടയേയും ഫിറോസിന്റെ വലിയുപ്പാന്റെ വയനാടൻ ചായയുടെ രുചി സമ്പന്നമാക്കി.
ഒരു റെക്കോർഡ് ഡാൻസർ ആവാനുള്ള ഫിറോസിന്റെ മോഹത്തിന് എന്നും വിലങ്ങു തടിയായത് അവന്റെ വലിയുപ്പ ചുരമിറക്കി കൊണ്ട് വരാറുള്ള ഈ പേരക്ക തന്നെ ആയിരുന്നു.
ഹംസാ ഖാന്റെ കലാപരിപാടികൾ നടക്കുമ്പോൾ ഈ പേരയ്ക്ക മുഴുവൻ വിറ്റു തീർക്കേണ്ട ചുമതല ഫിറോസിന്റെ ചുമലിൽ ഒരു കീറാമുട്ടിയായി കിടന്നു.
അത് കൊണ്ട് തന്നെ തനിക്കിഷ്ടമില്ലാതെ തന്റെ മേലിൽ അടിച്ചേൽപ്പിച്ച ഈ തൊഴിലിനേയും, അതിന് കാരണക്കാരനായ അവന്റെ വലിയുപ്പയെയും ഫിറോസ് മനസ്സ് കൊണ്ട് വെറുത്തു.
ആ വെറുപ്പ് അവൻ വലിയുപ്പയോട് തീർത്തത് പേരക്ക മുഴുവൻ സ്വയം തിന്നുതീർത്തു കൊണ്ടായിരുന്നു.
രാത്രിയിൽ കച്ചവടം കഴിഞ്ഞു വീട്ടിൽ ചെന്നാൽ വലിയുപ്പ എന്നും ചോദിക്കും.
-" ഫിറോസേ ഒരു കുട്ടിച്ചാക്ക് പേരയ്ക്ക ണ്ടായിട്ടു ഇത്രയേ പൈസയൊള്ളൂ ? ഇജ്ജെന്താ ഒക്കെ ഇരുന്നു തിന്ന് തീർക്കുണുണ്ടോ ..?
ഇത് കേട്ട പാടെ ഫിറോസ് തലയിൽ ചൊരിഞ്ഞു കൊണ്ട് മറുപടി പറയും.
-" അത് വലിയുപ്പാ ഞാൻ തിന്നിണതല്ല.. ഒക്കെ ചീഞ്ഞു പോകുന്നതാ..!!
ഇത് പറയുമ്പോൾ മനസ്സു കൊണ്ട് പ്രതികാരം ചെയ്യുന്ന ഭാവമായിരുന്നു ഫിറോസിന്റെ മുഖത്ത്.
സംഗതിയുടെ കിടപ്പ് അത്ര പന്തിയല്ല എന്ന് ബോധ്യമായ വലിയുപ്പ കൂടുതൽ ഒന്നും ആലോചിക്കാതെ വേഗം നാടുകാണി ചുരം കേറിപ്പോയി.
ഒരു മാസത്തോളമായി ഞങ്ങളുടെ നാട്ടിൽ തമ്പടിച്ചിരുന്ന ഹംസാഖാന്റെ പരിപാടിക്ക് തിരശ്ശീല വീഴുന്ന ദിവസമാണിന്ന്. അവസാന ദിവസമായ ഇന്ന് പരിപാടിക്ക് ഒന്ന് കൂടെ കൊഴുപ്പു കൂട്ടാൻ വേണ്ടി ഒരു പുതിയ ഐറ്റം ഇന്ന് അവതരിപ്പിക്കുന്നുണ്ട്.
-"പ്രിയപ്പെട്ട കലാ സ്നേഹികളെ..ഒരു പച്ചമനുഷ്യനെ മണിക്കൂറുകളോളം മണ്ണിൽ കുഴിച്ചു മൂടി അതിനു മുകളിൽ അഗ്നി കുണ്ഡമൊരുക്കി നിങ്ങളെ എല്ലാവരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തി ഹംസാ ഖാൻ അവതരിപ്പിക്കുന്ന...
ത്രസിപ്പിക്കുന്ന അനൗൺസ്‌മെന്റിന്റെ ആവേശത്തിൽ ആൾക്കാർ പരിപാടി നടക്കുന്നിടത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
ഫിറോസ് ഇന്ന് വളരെ സന്തോഷവാനാണ്. കാരണം ഇന്ന് അവൻ തികച്ചും സ്വതന്ത്രനാണ്. കച്ചവടത്തിന്റെ ഒരു ഭാണ്ഡവും അവന്റെ തോളിൽ ആരും കെട്ടിവെച്ചിട്ടില്ല.
പക്ഷെ..
ഫിറോസിനെ കച്ചവടത്തിന്റെ ബാലപാഠം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ വലിയുപ്പ അങ്ങിനെ ഉൾവലിഞ്ഞു..ചുരം കേറിപ്പോയി.
ഹംസാഖാന്റെ പകലത്തെ കോലവും രാത്രിയാവുമ്പോൾ ഉണ്ടാവുന്ന കൃത്രിമ രൂപവും ഒരു പൊരുത്തക്കേടായി ഫിറോസിന്റെ മനസ്സിൽ അരക്ഷിത ബോധമുണ്ടാക്കി.
മണിക്കൂറുകൾ മണ്ണിനടിയിൽ ശ്വാസം കിട്ടാതെയുള്ള അതി സാഹസികത ഫിറോസിൽ ഭീതിയുളവാക്കി.
ജീവിതത്തിൽ എന്താവണം എന്ന ചോദ്യം ഫിറോസിൽ ആശയക്കുഴപ്പമുണ്ടാക്കി.
അപ്പോൾ..
ഇടതു കൈ പാന്റിന്റെ പോക്കറ്റിലും വലതു കൈ ആകാശത്തേക്കും ഉയർത്തി ഹംസാഖാൻ ഉച്ചത്തിൽ സ്റ്റേജിൽ നിന്ന് പാടി അഭിനയിച്ചു..
"പോണാൽ പോകട്ടും പോടാ
ഇന്ത ഭൂമിയിൽ നിലയായ്
വാഴ്ന്തവൻ യാരെടാ
പോണാൽ പോകട്ടും പോടാ.."
ഇന്ത ഭൂമിയിൽ നിലയായ്
വാഴ്ന്തവൻ യാരെടാ
പോണാൽ പോകട്ടും പോടാ.."

Comments
Post a Comment