Skip to main content

ഇരട്ട സഹോദരിമാർ

കഥ 
നടുവിരലിന്റെയും ചൂണ്ടു വിരലിന്റെയും ഇടയിൽ കിടന്ന് ഫിൽറ്ററില്ലാത്ത സിഗററ്റ് ഉറക്കം തൂങ്ങി. ഇടയ്ക്കു ആ വിരലുകൾ ചുണ്ടിലേക്കു അടുപ്പിക്കുമ്പോൾ, സിഗരറ്റിന്റെ തലപ്പത്തെ നെരിപ്പോട് കൊല്ലന്റെ ആലയിലെ ഉല പോലെ നീറി പ്രകാശിച്ചു. അതിന്റെ ഫലമായി രൂപപ്പെട്ട ചാരം, ചാരു കസേരയിൽ ചാഞ്ഞിരിക്കുന്ന ഉപ്പയുടെ മാറിൽ വീണു ഷർട്ടിനൊക്കെ തുള വീണു. ഉപ്പയുടെ അരികുപറ്റി ഞാൻ ചേർന്നു നിന്നു. രാവിലെ കുളി കഴിഞ്ഞാൽ "കുട്ടിക്ക്യൂറ" പൌഡർ ഇടുന്ന ഉപ്പയുടെ അടുത്ത് ചേർന്നു നിന്നാൽ, പൗഡറിന്റെയും സിഗററ്റിന്റെയും കൂടിക്കുഴഞ്ഞ ഒരു മണമാണ് ഉപ്പാക്ക്. സിഗരറ്റ് വലിച്ചു തീരുമ്പോഴേക്കും മകര മാസത്തെ മൂടൽ മഞ്ഞു പോലെ ചുറ്റിലും പുക പടലങ്ങൾ ഒഴുകി നടക്കുന്നുണ്ടാവും.
പക്ഷെ ഉമ്മാക്ക് ഇതിന്റെ മണമൊന്നും ഇഷ്ട്ടല്ല. ആസ്ത്മയുടെ അസുഖം ഉള്ളതുകൊണ്ട് ഉപ്പ സിഗരറ്റ് വലിച്ചിരിക്കുന്ന ഭാഗത്തേക്കൊന്നും ഉമ്മ വരാറില്ല. മാത്രമല്ല ഉമ്മാക്ക് എപ്പോഴും ഒരു നൂറ് പരാതിയും ആയിരിക്കും ഈ ദുഷിച്ച ശീലത്തിനോട്.
സൽ‍മ മോളെ എന്ന് ഉപ്പ നീട്ടി വിളിച്ചാൽ വിളിപ്പുറത്തു ആരാണോ അവർ വിളി കേട്ട് ഉപ്പാന്റെ അടുത്തേക്ക് ഓടിവരും. അത് ചി ലപ്പോൾ സൽ‍മ ആയിരിക്കും അല്ലെങ്കിൽ കുൽസു ആയിരിക്കും. കാരണം ഇവർ രണ്ടു പേരും ഇരട്ടകളാണ്. രൂപത്തിൽ ഒരേപോലെ ഇരിക്കുന്ന ഇവരെ വേർതിരിച്ചു മനസ്സിലാക്കാൻ ആർക്കും കഴിയില്ല. ഉപ്പാക്ക് പ്രത്യേകിച്ചും. അത് കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ ഉപ്പ അപ്പൊ വായിൽ കിട്ടുന്ന ഒരു പേര് വിളിക്കും. അത് കേട്ട് അടുത്ത് ആരാ ഉള്ളത് എന്നു വെച്ചാൽ അവർ ഓടിവരും. അത് ചിലപ്പോൾ സൽ‍മ ആയിരിക്കും അല്ലെങ്കിൽ കുൽസു ആയിരിക്കും. ഇത് ഉപ്പയും അവരും തമ്മിലുള്ള ഒരു അഡ്ജസ്റ്മെന്റ് ആയി തുടർന്നു. ഈ സാമ്യം കാരണം പ്രസവിച്ച ഉടനെ ഉമ്മാക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ കഥ നാട്ടിൽ മുഴുവൻ പാട്ടായിരുന്നു.
അന്ന് പ്രസവിച്ചു കിടക്കുന്ന ഉമ്മ ഉമ്മുമ്മയോടു ഒരു ചോദ്യം ചോദിച്ചു.
"ഉമ്മാ ഒരു കുട്ടിക്കേ ഞാൻ മുലപ്പാല് കൊടുത്തിട്ടുള്ളൂ. തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തന്നെ നിശ്ച്ചയല്ല ഏതു കുട്ടിക്കാ മുലപ്പാൽ കൊടുത്തത് എന്ന്. ഇനിയിപ്പോ
മുല കൊടുക്കാത്ത കുട്ടിയെ എങ്ങിനെ തിരിച്ചറിയും?? "
ആൾക്കാർ വെള്ളമടിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇന്ന് പോലീസുകാർ ഉപയോഗിക്കുന്നതുപോലത്തെ യന്ത്രമൊന്നും അന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട്, പരിഹാരം കാണുന്നതിന് എല്ലാവരും ഇരുന്നു ചിന്തിക്കാൻ തുടങ്ങി. ഉപ്പയുടെ വിരലിനിടയിലെ സിഗരറ്റ് രണ്ട് ചുണ്ടിനിമിടയിൽ കിടന്നു നീറി നീറി ചാരത്തെ തുപ്പിക്കൊണ്ടിരുന്നു.
എന്നും കാടമുട്ടയുമായി വരുന്ന കാർത്യായനി ചേച്ചി, താടിക്കു കൈകൊടുത്തു കൊണ്ട് ഇങ്ങിനെ മൊഴിഞ്ഞു.
"ചേക്കുട്ടി പാപ്പാനോട് പറഞ്ഞാൽ മൂപ്പര് ചിലപ്പോ മഷിയിട്ടു നോക്കി പറയും"
അതെ, ചേക്കുട്ടിപ്പാപ്പ സ്ഥലത്തെ പ്രധാന ദിവ്യനാണ്. ഞങ്ങൾ നാട്ടുകാരുടെ ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾക്കൊക്കെ ഒരു അത്താണി മൂപ്പരായിരുന്നു. ചർച്ചകൾ ഇങ്ങിനെ ഓരോന്ന് നീണ്ടു പോകവേ ഉമ്മുമ്മയുടെ വായിൽ നിന്നും ആ പുതിയ "സർജിക്കൽ സ്ട്രൈക്ക് " പുറത്തു ചാടി..!!
"രണ്ടു കുട്ടികളുടെയും വായ മണത്തു നോക്ക്. അപ്പൊ മനസ്സിലാവും ഏതു കുട്ടിയാ പാല് കുടിച്ചത് എന്ന് " ..!!
ഈ പ്രസ്താവന കേട്ട് എല്ലാവരും വാ പൊളിച്ചിരുന്നു. ഈ ബുദ്ധി തങ്ങൾക്കു ആദ്യമേ തോന്നാത്തതിൽ എല്ലാവരും സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു. ഒരു വലിയ പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ട ഭാവത്തോടെ ഉപ്പ ചാരുകസേരയിൽ ഒന്നുകൂടെ വീണ്ടും അമർന്നിരുന്നു.
ഇതൊക്കെ എന്ത് , ഇതിലും വലുത് നമ്മൾ കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ഉമ്മുമ്മ വെറ്റിലയിൽ ചുണ്ണാമ്പു ആഞ്ഞു തേച്ചു പിടിപ്പിച്ചു വായിലേക്ക് തിരുകി കയറ്റി.!!
കൈകാലുകൾ ഇട്ടടിച്ചും മുഖത്തേക്ക് നോക്കി ചിരിച്ചും ഈ ഇരട്ട സഹോദരിമാർ എല്ലാവരുടെയും മനം കവർന്നു. പനി വന്നാൽ ഒരുമിച്ചു പനിച്ചു. കരയാൻ തുടങ്ങിയാൽ ഒരുമിച്ചു കരഞ്ഞു. അതുകൊണ്ടു തന്നെ മാളികപ്പുരയിൽ നിന്നും രാത്രി വൈകിയും കുഞ്ഞുങ്ങളുടെ കരച്ചിലും, ആ കരച്ചിലിനെ നേർത്ത് ഇല്ലാതാക്കുന്ന ഉമ്മയുടെ താരാട്ട് പാട്ടും ആ പരിസരം മുഴുവൻ ഒഴുകി നടന്നു.
രാവിലെ കുഞ്ഞുടുപ്പുകളുമായി കരിഞ്ചീരി കുളത്തിലേക്ക് കുളിക്കാൻ വരുന്ന ഉമ്മയെയും നോക്കി ചിരുത ചേച്ചിയും, മാണിക്കുട്ടി അമ്മയും, കദീശ താത്തയും വഴിയിലേക്ക് മിഴി നട്ട് കാത്തിരുന്നു. കാരണം കഴുകി വൃത്തിയാക്കാൻ ഉമ്മയുടെ കയ്യിൽ ഒരേ നിറത്തിലുള്ള, ഒരേ ചിത്രപ്പണികളും, ഒരേ പൂക്കളുമുള്ള ഒരേ ജോഡി ഡ്രസ്സുകൾ കുറെ കയ്യിലുണ്ടാവും.
ഈയിടെയായി ചിരുത ചേച്ചിയെ മാവേലി സ്റ്റോറിന്റെ മുമ്പിലെ വരിയിൽ കണ്ടപ്പോ ഉമ്മ ചോദിച്ചു.
"ഗിരിജേട്ടത്തിയെ ഇങ്ങള് ഞമ്മളെ അറിയോ? "
വാർദ്ധക്യത്തിന്റെ അവശത ഉണ്ടെങ്കിലും ഓർമിച്ചെടുക്കാൻ ഉമ്മയുടെ മുഖത്തക്ക് കുറച്ചു നേരം നോക്കിയതിനു ശേഷം ഒരു വലിയ ചിരിയോടെ ഗിരിജേട്ടത്തി ഇങ്ങനെ മൊഴിഞ്ഞു.
"പിന്നേ..!!! കയ്യിൽ കുറെ കുഞ്ഞുടുപ്പുമായി കുളിക്കാൻ വന്നിരുന്ന ഉമ്മയെ എങ്ങനെ മറക്കും ന്റെ ദൈവേ..!!"
ഈ ഇരട്ടകളുടെ ആഗമനത്തോടെ ഓരോ ദിവസവും സ്റ്റാർ വാല്യൂ കുത്തനെ ഇടിഞ്ഞിരുന്ന എന്നിൽ ഇവർക്കെതിരെ അസൂയയുടെയും കുശുമ്പിന്റെയും നാമ്പുകൾ പതുക്കെ കിളിർക്കാൻ തുടങ്ങി.
വലുതായപ്പോൾ എന്റെ ചെരുപ്പ് തുടപ്പിച്ചും അടിവസ്ത്രം വരെ കഴുകിച്ചും ഞാൻ അവരോട് മധുരമായി പ്രതികാരം ചെയ്തു.
"കല്യാണം കഴിച്ചു വിടുന്നതു വരെ ആങ്ങളമാരുടെ കാര്യങ്ങൾ നോക്കുന്നത് പെങ്ങന്മാരുടെ കടമയാണ് " എന്ന് പറഞ്ഞു ഉമ്മ കൂടി എനിക്ക് സപ്പോർട്ട് ചെയ്തപ്പോൾ
എന്നിലെ സാഡിസ്റ് ഒന്ന് കൂടെ കരുത്താർജ്ജിച്ചു.
പക്ഷെ എന്റെ പീഢനങ്ങൾ എല്ലാം സഹിക്കുമ്പോഴും അവരിൽ ആരുടെയെങ്കിലും ഒരാളുടെ ശരീരം നൊന്താൽ കൂട്ടത്തോടെ തിരിച്ചടിക്കുന്നത് പതിവായിരുന്നു.
ഒരാൾക്ക് നൊന്താൽ മറ്റേ ആൾക്കും നോവും എന്നത് ഇരട്ടകൾക്കുള്ള ഒരു പ്രതിഭാസമാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് അറിയുന്ന ആരും അവരോടു ശാരീരികമായ ഒരേറ്റുമുട്ടലിനു തയ്യാറാവില്ല.
പക്ഷെ ഒരിക്കൽ ഉണ്ടായ ആ തിക്താനുഭവം കാരണം, എന്നിൽ ഒളിഞ്ഞിരുന്ന പ്രതികാര ദാഹി സടകുടഞ്ഞെണീറ്റു. ഇതിനു വേണ്ടി ഒരു ചതിയൻ ചന്തു ആവാൻ തന്നെ ഒടുവിൽ ഞാൻ തീരുമാനിക്കുകയായിരുന്നു.
ഒരു ദിവസം സന്ധ്യക്ക്..
വീടിനു തൊട്ടു ചാരെയുള്ള മതിലിൽ രണ്ട് കുഞ്ഞു പാവടക്കാരികളെയും കേറ്റി ഇരുത്തി. താഴെ നിന്നും രണ്ട് കയ്യും അവരുടെ നേർക്ക്‌ ഉയർത്തിക്കാട്ടി ഞാൻ സ്നേഹം നടിച്ച് മൊഴിഞ്ഞു.
"എടീ പെണ്ണേ ഇക്കാക്ക ഇങ്ങളെ പിടിക്കാം. ഇങ്ങോട്ടു ചാടിക്കോ"
രണ്ടു പേരെയും പരസ്പരം മാറുന്നത് കൊണ്ട് ഞാനും കോമൺ ആയി "എടീ പെണ്ണേ" എന്നാണ് വിളിച്ചിരുന്നത്.
ആങ്ങളയല്ലേ പറയുന്നത് എന്ന ഒറ്റ വിശ്വാസത്തിൽ കേട്ട പാടെ ചാടാൻ തയ്യാറായി ഒരുത്തി ഇരിക്കുന്നിടത്തു നിന്നും എണീറ്റ് നിന്നു. മറ്റവൾ അപ്പൊ നിന്റെ ഊഴം കഴിഞ്ഞിട്ട് എന്റേത് എന്ന മട്ടിൽ എണീക്കാതെ തന്നെ അത്യുത്സാഹത്തിൽ കയ്യടിക്കുന്നുണ്ടായിരുന്നു.
ഇനിയുള്ള നിമിഷങ്ങൾ..
ഹൃദയമിടിപ്പുകളുടേതാണ്‌.. നീട്ടിയ കയ്യുമായി ചതിയൻ ചന്തുവിന്റെ മുഖം മൂടി വെച്ച് ഞാൻ എണ്ണി...
ഒന്ന്..!!
രണ്ട്...!!
മൂന്ന്..!!!
അവൾ ചാടി..എന്റെ കൈകളിലേക്ക്..
പക്ഷെ..!!
അവൾ വിശ്വാസമർപ്പിച്ച, അവളെ സംരക്ഷിക്കേണ്ട എന്റെ കൈകൾ പിന്നിലേക്ക് വലിഞ്ഞു , ഒപ്പം ശരീരവും. കമിഴ്ന്നടിച്ചു വീണത് ഒരു കല്ലിനു മുകളിൽ. നെറ്റി പൊട്ടി രക്തം വരുന്നുണ്ട്. അവളുടെ കരച്ചിൽ ഉച്ചത്തിലായി. ഒപ്പം മറ്റവൾ മതിലിനു മുകളിൽ ഇരുന്നു എന്റെ നേരെ തുറിച്ചു നോക്കി ഉച്ചത്തിൽ കരഞ്ഞു കൊണ്ട് ബഹളം വെച്ചു. സംഗതി പന്തിയല്ല എന്ന് തോന്നിയപ്പോൾ പതുക്കെ അവിടെ നിന്നും മുങ്ങി.
തിരിച്ചുള്ള ഓട്ടത്തിനിടയിൽ ഉമ്മയുടെയും, ഉപ്പയുടെയും, അയൽവാസികളുടെയും ഉച്ചത്തിലുള്ള ശബ്ദം നേർത്തു വരുന്നതായി തോന്നി.
മനസ്സിലെ ഭയം ചങ്കിൽ പെരുമ്പറകൊട്ടി. കാലുകൾക്കു ശക്തിയില്ലാതായി. എങ്ങോട്ടു ഓടണം എന്നറിയാതെ വീടിന്റെ ഒരു മൂലയിൽ തളർന്നിരുന്നു. എല്ലാവരും പോയി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം പതുക്കെ ഉമ്മയുടെ പിറകിൽ ചെന്ന് ഉപ്പ കേൾക്കാതെ പതുക്കെ വിളിച്ചു.
"ഉമ്മാ"
"നീയിതു എവിടെയായിരുന്നു ബാപ്പുട്ടിയേ?"
പ്രതീക്ഷിച്ച പ്രതികരണമല്ല ഉമ്മയുടെ അടുത്തു നിന്നും കിട്ടിയത് എന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല എന്നെ സമാധാനിപ്പിച്ചത്. ഉമ്മയുടെ ചോദ്യത്തിന് മറുപടിയായി ഒന്നും മിണ്ടാത, കനം തൂങ്ങിയ കുറ്റബോധത്തോടെ ഞാൻ പതുക്കെ, നെറ്റിയിൽ ഒരു കെട്ടുമായി വാടി തളർന്നുറങ്ങുന്ന എന്റെ പൊന്നു പെങ്ങൾ കിടക്കുന്ന മുറിയിലേക്ക് ഏന്തി വലിഞ്ഞു നോക്കി. ഹാവൂ..സമാധാനമായി..
"ചന്ദു" ചതിച്ച വിവരം തല്ക്കാലം അവർ പുറത്തു പറഞ്ഞിട്ടില്ല. ഇല്ലെങ്കിൽ ബാപ്പുട്ടിയേ എന്ന വിളി ഉമ്മറത്തു നിന്നും ഉപ്പ സ്നേഹത്തോടെ വിളിക്കില്ലായിരുന്നു.
ഒന്നും അറിയാത്തവനെ പോലെ ഞാൻ ഉപ്പയുടെ അരികു പറ്റി ചേർന്നിരുന്നു. കാരണം ഉപ്പാക്ക് എന്നും സിഗററ്റിന്റെയും, കുട്ടിക്കൂറയുടെയും കൂടിക്കുഴഞ്ഞ മണമായിരുന്നു.
ദിവസങ്ങൾ കടന്നു പോയി. നെറ്റിയിലെ മുറിവ് ഉണങ്ങി എന്ന വിശ്വാസത്തിൽ ഒരു ദിവസം പെങ്ങളുടെ നെറ്റിയിലെ കെട്ടഴിക്കുമ്പോൾ ഉമ്മ പിറുപിറുത്തു.
"നെറ്റിമ്മല് നല്ല വട്ടത്തിൽ ഒരു പാടുണ്ട് "
"ങാഹാ..ഞാനൊന്നു നോക്കട്ടെ"
ഉപ്പ നെറ്റിയിൽ തലോടിക്കൊണ്ട് അവളോട് ചോദിച്ചു.
നെറ്റിമ്മെ മുറിവിന്റെ പാടുള്ള നിന്റെ പേരെന്താ?
"ഉമ്മു സൽ‍മ !! "
അപ്പൊ മറ്റോളെ പേര്..
" ഉമ്മു കുൽസു !! "
അത് ഉപ്പ തന്നെ സ്വയം പറഞ്ഞു.
ഒരു വലിയ കണ്ടു പിടുത്തം നടത്തിയ ജേതാവിനെപോലെ ഉപ്പ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. പിന്നീട്
ആർക്കും ഒരിക്കലും മാറിപ്പോകാത്ത രീതിയിൽ സൽമയുടെ നെറ്റിയിൽ ആ മുറിപ്പാട് വട്ടത്തിൽ തെളിഞ്ഞു നിന്നു.

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...