Skip to main content

ഓര്‍മ്മകള്‍

ഉപ്പാന്റെ ജന്മസ്ഥലമായ പത്തിരിയാലിലേക്ക് ഞങ്ങളുടെ നാടായ തിരുവാലിയിൽ നിന്നും രണ്ടര കിലോ മീറ്റർ ദൂരമുണ്ട്.
ഉപ്പയുടെ ഉമ്മ വാർദ്ധക്യം കാരണം തീരെ കിടപ്പിലായപ്പോ ഉപ്പ എന്നും വൈകുന്നേരം വലിയുമ്മയെ കാണാൻ പോവും. വലിയുമ്മാക്ക് കൊടുക്കാൻ കയ്യിൽ കുറച്ച് മൈസൂർ പഴവും കരുതിയിട്ടുണ്ടാവും.
അന്ന് ലൈൻ ബസ്സ് സർവീസ് ഇഷ്ടം പോലെ ഉണ്ടെങ്കിലും ഉപ്പ നടന്നേ പോകൂ.
പോകുന്ന വഴിയിൽ തോടായം എന്ന സ്ഥലത്ത് ചായക്കച്ചവടം ചെയ്തിരുന്ന കൃഷ്ണേട്ടന്റെ കടയിൽ നിന്നുമാണ് മൈസൂർ പഴം വാങ്ങിയിരുന്നത്. അതും ഉപ്പയുടെ ഒരു നിർബന്ധമായിരുന്നു.
വലിയുമ്മ മരിക്കുന്നതു വരെ അത് തുടർന്നു. ഉപ്പയെ ദൂരത്തു നിന്നും കാണുമ്പോൾ തന്നെ കൃഷ്ണേട്ടൻ ചായ ഉണ്ടാക്കാൻ തുടങ്ങും. ഉപ്പ അടുത്തെത്തിയാൽ ഒരു കൂടപ്പിറപ്പിന്റെ ഭാവമായിരുന്നു കൃഷ്ണേട്ടന്റെ മുഖത്ത് എപ്പോഴും.
അവിടെ നിന്നും ചായയുടെ കൂടെ കൃഷ്ണേട്ടന്റെ "ഫേവറേറ്റ് " പലഹാരമായ പരിപ്പുവടയും കഴിച്ച്, കയ്യിൽ പൊതിഞ്ഞു കൊടുത്ത പഴവും കയ്യിൽ പിടിച്ചു നടന്നു പോകുമ്പോൾ വഴിയിൽ പലരും ഉപ്പാനെ കാത്തിരിക്കുന്നുണ്ടാവും, വിശേഷങ്ങൾ അറിയാൻ വേണ്ടി.
അതിൽ ഏറ്റവും കൗതുകം തോന്നിയിരുന്നത് ഉപ്പയെ വഴിയിൽ കാണുമ്പോഴുള്ള കദീശ താത്താന്റെ വെപ്രാളമായിരുന്നു. പ്രായം അറുപത്തഞ്ചു കഴിഞ്ഞ കദീശ താത്താക്ക്, ദൂരെ നിന്ന് ഉപ്പ നടന്നു വരുന്നത് കാണുമ്പോഴേ തലയിലെ തട്ടമൊക്കെ ശരിയാക്കി തെരച്ചു കുത്തിയ തുണി ശരിയാക്കി വാതിൽ പാളിയുടെ മറവിൽ പകുതി മുഖം മറച്ച് ഒരു നിൽപ്പുണ്ട്.
എന്നിട്ട് ഒരു ചോദ്യവും..!!
-" കാക്കാ ഇമ്മാക്ക് ഇപ്പൊ എങ്ങനെണ്ട്..?
കേട്ട പാടെ ഉപ്പാന്റെ മറുപടി വാതിൽ പടിയെ തിരിച്ച് ലക്ഷ്യം വെക്കും..
-" സുഖണ്ടെടീ..ന്നാ ശോധന തീരെയില്ല..ഈ മൈസൂർ പഴം കൊടുത്താൽ വയറ്റിന്ന് നല്ലോണം പോവും..അയ്‌നാണ് ഇതും കൊണ്ട് എന്നും പോകിണത്..!!
കയ്യിലുള്ള പഴം ഉയർത്തി കാണിച്ച് ഉപ്പ മറുപടി കൊടുക്കും.
ഇങ്ങനെ വഴിയിൽ കാണുന്നവരോടൊക്കെ കുശലാന്വേഷണം പറഞ് പോകുമ്പോൾ ഉപ്പ ഏറെ സന്തോഷവാനായിരുന്നു. അത് കൊണ്ട് തന്നെയായിരിക്കാം ബസ്സ് യാത്ര ഒഴിവാക്കി ഈ കാൽനട യാത്ര തന്നെ തിരഞ്ഞെടുക്കാൻ ഉപ്പയെ പ്രേരിപ്പിച്ചത്.
പത്തിരിയാലിൽ എത്തുന്നതിനു മുമ്പേ ചീനിപ്പടിയിൽ എത്തിയാൽ പിന്നെ "കാക്കാ" എന്ന പേരിൽ നിന്നും " നാണി " എന്ന പേരിലേക്ക് ഉപ്പ രൂപാന്തരം പ്രാപിച്ചു കാണും.
വഴിയിൽ കാണുന്ന ഉപ്പാന്റെ ചങ്ങാതിമാരും കൂടപ്പിറപ്പുകളും ഓരോ കുശലന്വേഷണവുമായി അടുത്ത് കൂടുമ്പോൾ " നാണി " എന്ന ഉപ്പാന്റെ ഓമനപ്പേര് അവിടെയെങ്ങും നിർലോഭം അന്തരീക്ഷത്തിൽ ഉയർന്നു കൊണ്ടിരിക്കും.
പിറന്ന നാട്ടിലും വീട്ടിലും ഉപ്പാനെ നാണി എന്ന സ്നേഹപ്പേര് വിളിച്ച് എല്ലാവരും സ്നേഹം പ്രകടിപ്പിച്ചപ്പോൾ ആ പേര് മാത്രം കേട്ടു വളർന്ന മൂത്ത പെങ്ങളും ഉപ്പാനെ "നാണി" എന്ന് വിളിക്കാൻ തുടങ്ങി.
പിന്നീട് വന്ന മക്കളും അതേറ്റു വിളിച്ചു. പിന്നെ അവരുടെ മക്കളും പേരമക്കളും വരെ മോണ കാട്ടി "ഞാഞ്ഞിയെ" എന്ന് ഉപ്പാനെ വിളിച്ചപ്പോൾ, ഉപ്പാ.. ഉപ്പുപ്പാ.. എന്നവിളിയൊന്നും കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായില്ലല്ലോ എന്ന ദുഃഖം ഉപ്പയുടെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ല.
പക്ഷെ "നാണി" യെന്ന ആ വിളി ഉപ്പ ശരിക്കും ആസ്വദിച്ചിരുന്നു..!!
എന്റെ കുട്ടികൾ എന്നെ നോക്കി ഉപ്പ എന്നും എന്റെ ഉപ്പയെ നോക്കി "നാണി " എന്നും വിളിക്കുന്നത് കേൾക്കുമ്പോൾ, കേൾക്കുന്നവർക്കുണ്ടാവുന്ന അലോസരം ഒഴിവാക്കാൻ വേണ്ടി പലരും ഈ ശീലം ഒഴിവാക്കാൻ ഉപദേശിച്ചുവെങ്കിലും, ഞങ്ങൾക്കും "നാണി" എന്ന പേര് മാറ്റി അവിടെ " ഉപ്പ "എന്ന പേര് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല.
ഉപ്പാക്കും നിലവിലെ പേര് തന്നെയായിരുന്നു ഇഷ്ട്ടം.
തറവാടിന്റെ ഉമ്മറത്തെ കട്ടിലിൽ കിടന്ന് ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയിരിപ്പുണ്ടാവും വലിയുമ്മ.
കയ്യിൽ മൈസൂർ പഴവുമായി വരുന്ന മകനെ വഴിയിൽ കാണുമ്പോൾ തന്നെ ഉമ്മയുടെ മുഖം സന്തോഷം കൊണ്ട് തുടിക്കും. കണ്ണുകൾ വിടരും. എന്നിട്ട് അടുക്കളയിലേക്ക് നോക്കി ഒരു വിളിയുണ്ട്..
-"നാണി ബെർനുണ്ട് മക്കളെ..!!
ഇത് കേൾക്കേണ്ട താമസം അടുക്കളയിലെ പെണ്ണുങ്ങളൊക്കെ സംസാരം നിർത്തി തലയിലെ തട്ടമൊക്കെ നേരെയാക്കി ഉപ്പാനെ കാണാൻ ഉമ്മറത്ത് വന്നു നിൽക്കും..
ഇന്ന് രണ്ടു പേരും ജീവിച്ചിരിപ്പില്ല..!!
എങ്കിലും മനസ്സിൽ ഒറ്റപ്പെട്ടു എന്ന തോന്നൽ കലശലാവുമ്പോൾ മനസ്സിൽ "നാണിയെ" എന്ന് സ്വയം ഉരുവിടും. അപ്പോൾ "എന്താ വാപ്പുട്ടിയെ" എന്ന അശരീരി ചുറ്റും വന്ന് ആശ്വാസത്തിന്റെ സംരക്ഷണം തീർക്കും.
പ്രവാസത്തിലേക്ക് ജീവിതത്തെ പറിച്ചു നടുമ്പോൾ സ്വന്തം നാടിൻറെ മഹത്വം തിരിച്ചറിയുന്നത് പോലെ, ഉപ്പ ഇല്ലാതാവുമ്പോഴാണ് അതിന്റെ മഹത്വവും തിരിച്ചറിയുന്നത്.

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...