Skip to main content

കല്യാണ വിശേഷം

കഥ 
*1982 ലെ ഒരു മാർച്ച് മാസം.*
നല്ല " എം എസ് " വെള്ള ഒറ്റ മുണ്ടും, സ്കൈ ബ്ലൂ , അല്ലെങ്കിൽ ഉപ്പാന്റെ ഭാഷയിൽ ബിസ്‌ക്കറ്റ് കളർ ഷർട്ടും, കാലിൽ ഒരു ലതർ ചെരിപ്പും, തോളിൽ നേർത്ത ഓയിൽ വെള്ള മുണ്ടും..ഇത്രയും ആയാൽ ഉപ്പയായി.
തോളിൽ മുണ്ട് ഇട്ടിട്ടില്ലെങ്കിൽ പാടത്തു കുത്തിയ കള്ളിത്തറി പോലെയാണെന്നാണ് ഉപ്പയുടെ ഭാഷ്യം. മാത്രമല്ല നടക്കുമ്പോൾ ഇടക്കിടക്ക്‌ അത് തോളിൽ നിന്നും എടുത്തു ഒന്ന് രണ്ട് പ്രാവശ്യം വായുവിൽ ഒന്ന് കുടഞ്ഞു വീണ്ടും തോളിലിടും. അതാണ് ഉപ്പാന്റെ ഒരു ശൈലി.
റോഡിൽ നിന്നും ഒരമ്പതടി ദൂരമേയുള്ളൂ വീട്ടിലേക്ക്. അതുകൊണ്ടു വീട്ടിലേക്ക് തിരിയാൻ നേരം ഉപ്പ കൃത്യമായി ഒന്ന് ചുമക്കും. നടന്നുകൊണ്ടു തന്നെ അത് ഒന്നു രണ്ടു പ്രാവശ്യം ആവർത്തിക്കും. സത്യത്തിൽ ഇത് ഉമ്മാക്കുള്ള ഒരു സിഗ്നലാണ്. ഞാനിതാ എത്തിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ്. പിന്നെ നടന്ന് വീടിന്റെ ഉമ്മറത്ത് എത്തുന്നതോടെ കാലിലെ ലതർ ചെരുപ്പ് ഉമ്മറത്ത് ഇട്ടിരിക്കുന്ന ചവിട്ടിയിൽ രണ്ട് ചവിട്ടും.. ഒരു നിരക്കലും..ഇത് കഴിയുന്നതോടെ ഉമ്മയുടെ മുഖം വാതിൽ പാളിയുടെ പിന്നിൽ നിന്നും ഉപ്പയെ എത്തിനോക്കും.
ഉമ്മറപ്പടിയിലെ ചാരുകസേരയിൽ നിവർന്നൊന്ന് ഇരുന്നു കഴിഞ്ഞാൽ പിന്നെ മധുരമൂറുന്ന ഒരുവിളിയുണ്ട് ഉമ്മാനെ ... ഉപ്പാക്ക്..!!
-"ടീ കുഞ്ഞോ..
ഈ വിളി കേൾക്കുന്നതോടെ ഉപ്പാക്ക് കുടിക്കാനുള്ള കഞ്ഞി വെള്ളവുമായി ഉമ്മ ഉപ്പാന്റെ മുമ്പിൽ ഓടിയെത്തും.
ഈ സമയത്തു ഉപ്പ ഇരിക്കുന്ന കസേരയുടെ പിറകിലുള്ള വാതിൽ പാളിയുടെ പിറകിൽ നാണം കുണുങ്ങി നിൽപ്പുണ്ടാവും എന്റെ നേരെ താഴെയുള്ള " ഇരട്ട " സഹോദരിമാർ.
അവരുടെ കല്യാണമാണ് നാളെ. ഉപ്പയുടെ മുഖത്തു അതിൻറെ ഒരു വെപ്രാളമൊക്കെ
അലയടിക്കാൻ തുടങ്ങിട്ട് കുറച്ചു ദിവസമായി.
കല്യാണം ആദ്യം ഒത്തുവന്നത് സൽമക്കായിരുന്നു. ഇരട്ടക്കുട്ടികളായതുകൊണ്ട് കുൽസുവിനും കൂടി ഒത്തതിന് ശേഷം കല്യാണം നടത്തിയാൽ മതി എന്ന് എല്ലാവർക്കും നിർബന്ധമായിരുന്നു. ദൈവാധീനം കൊണ്ട് ഒരാഴ്ചക്കുള്ളിൽ കുൽസുവിന്റെ കല്യാണവും അങ്ങനെ ഒത്തുവന്നു.
കല്യാണത്തിന്റെ എല്ലാ ബാധ്യതകളും ഉപ്പാന്റെ തലയിലായിരുന്നു. ഞാൻ പഠിക്കുന്ന കാലമായതുകൊണ്ട് അത്തരം ഭാരിച്ച ഉത്തരവാദിത്വമൊന്നും എനിക്കില്ല എങ്കിലും, കല്യാണത്തിന് ക്ഷണിക്കുക, പന്തൽ, മൈക്ക് സെറ്റ് ഏൽപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളൊക്കെ ഞാൻ സ്വയം ഏറ്റെടുത്തു. ഒരാഴ്ചയായിട്ട് വിശ്രമില്ലാത്ത ഓട്ടമായിരുന്നെങ്കിലും കല്യാണതലേന്ന് തന്നെ ബന്ധുക്കളൊക്കെ എത്തിത്തുടങ്ങിയതോടെ എന്നിലെ ക്ഷീണമെല്ലാം എങ്ങോട്ടോ വഴിമാറി. പകരം സന്തോഷത്തിന്റെ ഒരു ലഹരിയിൽ ഈ ബഹളത്തിനിടയിൽ ഞാനും അഭിരമിച്ചു നടന്നു.
അങ്ങിനെ നാളെ എന്റെ സഹോദരിമാർ തീർത്തും അപരിചിതരായ ഓരോരുത്തരുടെയും കൈപിടിച്ച് ഒരു അന്യ തറവാട്ടിലേക്ക് പോവുകയാണ്. ഇത്രയും കാലം കളിച്ചും വഴക്കു കൂടിയും നടന്നിരുന്നതാണ്.
ഞങ്ങൾക്കിടയിലുള്ള വഴക്കിനു മധ്യസ്ഥം നിൽക്കാനേ ഉമ്മാക്ക് എന്നും നേരമുണ്ടായിരുന്നുള്ളൂ.
രാത്രി അത്താഴം കഴിക്കാനിരുന്നാൽ ഉപ്പയുടെ അടുത്ത് ഒട്ടി നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക. കാരണം ഉപ്പ കഴിക്കുന്ന പ്ലേറ്റിൽ ബ്ലേഡുകൊണ്ട് മുറിച്ച പോലെ കാൽ ഭാഗം ഭക്ഷണം പ്ലേറ്റിൽ ബാക്കി വെക്കുന്ന ശീലമുണ്ട് ഉപ്പാക്ക്.
അത് പക്ഷെ ഉമ്മാക്ക് വേണ്ടി ബാക്കി വെക്കുന്നതാണെങ്കിലും അത് ഉമ്മാക്ക് ഒരിക്കലും കിട്ടാൻ ഞങ്ങൾ അവസരം കൊടുക്കാറില്ല. എന്നു മാത്രമല്ല ആ ഭക്ഷണം സ്വന്തമാക്കാൻ ഞങ്ങൾ തമ്മിൽ ദിവസവും പൊരിഞ്ഞ വഴക്കും നടക്കാറുണ്ടായിരുന്നു. മൂത്ത ആൺതരി എന്ന ഒരു ചെറിയ അഹങ്കാരത്തിൽ എല്ലായിടത്തും എന്റെ ഒരു മേൽക്കോയ്മ നിലനിർത്തുന്നതിൽ ഞാനും ഒരു പ്രത്യേക സുഖം കണ്ടെത്തിയിരുന്നു.
ഇങ്ങനെ ഓർമ്മകൾ ഓരോന്ന് കാടു കേറുമ്പോഴാണ് മൂസ്സാൻ കുട്ടിയുടെ ശബ്ദം കാതിൽ വന്നലച്ചത്.
-" ബാവുട്ടിയെ ആ ഇറച്ചിപ്പണിക്കാർക്കുള്ള ചായ ആയിട്ടുണ്ടെങ്കിൽ വേഗം കൊടുത്തു വിടാൻ പറ ഇത്താത്താനോട്..
ഇത്താത്താനെ വിളിച്ചു വിവരം പറഞ്ഞതിന് ശേഷം, ഓല കൊണ്ട് കെട്ടി മേഞ്ഞ പന്തലിന്റെയുള്ളിൽ സാരി കൊണ്ട് ഡെക്കറേഷൻ ചെയ്യുന്നവരുടെ അടുത്ത് ചെന്ന് എല്ലാം വീക്ഷിച്ചു നിന്നു. നാട്ടിൽ ഇതിനായിട്ടു ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ട്. അയൽ പക്കത്തു നിന്നും മറ്റും ശേഖരിക്കുന്ന സാരികൾ കൊണ്ട് പന്തലിന്റെ ഉൾവശം മനോഹരമായി അലങ്കരിക്കുന്നത് ഇവരാണ്. നേരം വെളുക്കുന്നതു വരെ ഇവരുടെ ഈ പരിപാടി നീളും.
ബന്ധുക്കൾ എല്ലാവരും എത്തിത്തുടങ്ങി. അവർക്കുള്ള ഭക്ഷണം വിളമ്പാൻ നേരമായി. അടുപ്പിന്റെ അടുത്തു ചെന്നപ്പോൾ ചോറും, മോര് കാച്ചിയതും റെഡിയായി വരുന്നേയുള്ളൂ. നാളത്തെ പാർട്ടിക്കുള്ള ഇറച്ചിയിൽ നിന്നും ലിവറും, പതിരും, പിന്നെ എല്ലിൻ കഷ്ണവും എല്ലാം കൂടി മിക്സ് ചെയ്ത ഇറച്ചിയും അടുപ്പിൽ കിടന്നു തിളക്കുന്നുണ്ട്. ഏതു കല്യാണ വീട്ടിലും നിറസാന്നിധ്യമായ കദീജാത്ത നാളത്തെ വിഭവത്തിനു തൊട്ടു കൂട്ടാനുള്ള പുളിഞ്ചി അച്ചാറിനുള്ള പുളിയും ശർക്കരയും ഒരുക്കുന്ന തിരക്കിലാണ്.
നല്ല നാടൻ മൈലാഞ്ചി അരച്ചുണ്ടാക്കി, ചക്കയുടെ വളഞ്ഞി (കറ) ചട്ടിയിൽ വെച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കി ചൂടോടെ ഒരു കമ്പിൽ മുക്കി സഹോദരിമാരുടെ കൈപ്പടത്തിന്റെ ചുറ്റും നിറയെ പുള്ളി കുത്തി നടുക്ക് ഒരു ചന്ദ്രക്കലയും വരക്കുന്നതോടെ ഒരു പൂർണചന്ദ്രക്കല അവരുടെ മുഖത്തും തെളിഞ്ഞു വരുന്നുണ്ടായിരുന്നു. പിന്നെ അരച്ചെടുത്ത മൈലാഞ്ചി അതിനു മുകളിൽ പൊത്തി, ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് കെട്ടി പൊതിഞ്ഞാൽ പിന്നെ എല്ലാം സുരക്ഷിതം..! ഇനി നേരം വെളുത്തിട്ട് അഴിച്ചു നോക്കിയാൽ കൈ നന്നായിട്ടു ചുവന്നിരിക്കും..!!
ഇന്നത്തെദിവസം രണ്ടു പേർക്കും ഭക്ഷണം വായിൽ വെച്ചു കൊടുക്കേണ്ട ചുമതല ഇന്ന് ഉമ്മാക്ക് തന്നെ. കയ്യിൽ മൈലാഞ്ചി ഇട്ടതു കൊണ്ട് അങ്ങനെ ഒരു ഭാഗ്യം ഇന്ന് ഇവർക്ക് സ്വന്തം..!
മൈക്ക് സെറ്റുകാരന്റെ സൈക്കിളിന്റെ ബെല്ലടി കേട്ടുകൊണ്ടാണ് ഓർമയിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ സൈക്കിളിന്റെ ഹാൻഡിലിൽ, പിന്നാമ്പുറം നീണ്ടു കൂർത്ത കോളാമ്പിയും (സ്പീക്കർ) ബാക്ക് സീറ്റിൽ ആംബ്ലിഫെയറുമായിട്ടു സുബൈർ അവന്റെ സൈക്കിൾ ഉന്തി വരുന്നു. അപ്പോഴത്തേക്കും അവനെ സഹായിക്കാനെന്നവണ്ണം കുട്ടികളും ചെറുപ്പക്കാരും അവനെ വളഞ്ഞിട്ടുണ്ട്. അന്നൊക്കെ മൈക്ക് ഓപ്പറേറ്റർമാർക്കു ഒരു സെലിബ്രിറ്റിയുടെ സ്ഥാനമായിരുന്നു കൊടുത്തിരുന്നത്.
-" സുബൈറേ അതിരാവിലെ തന്നെ പാട്ടു തുടങ്ങണം..
സ്പീക്കർ മരത്തിൽ കൂട്ടികെട്ടുന്ന തിരക്കിൽ സുബൈർ ഒന്നു തലയാട്ടുക മാത്രം ചെയ്തു.
ഉപ്പ തോളിലുള്ള മുണ്ട് ഇടയ്ക്കിടയ്ക്ക് എടുത്ത് വീശുന്നുണ്ട്. എല്ലായിടത്തും ഓടി നടന്നു വേണ്ട നിർദേശങ്ങൾ കൊടുത്ത്‌ തന്റെ സാന്നിധ്യം അറിയിക്കുന്നുമുണ്ട്. നേരം പുലർന്നാൽ അതിഥികളെ സ്വീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പുകൾ നടത്തുകയാണ് ഉപ്പ.
നേരം വെളുത്തു തുടങ്ങി. രാത്രി ഉറക്കമൊഴിച്ചതിന്റെയൊന്നും ക്ഷീണം ഇപ്പൊ അറിയുന്നില്ല. വരുന്ന അതിഥികളെ സ്വീകരിക്കുന്ന തിരക്കിനിടയിലും മനസ്സിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ രൂപപ്പെടുന്നുണ്ട്. അത് ചെറിയ നനവായി കണ്ണിൽ പൊടിയുന്നുണ്ടെങ്കിലും ആരും കാണാതെ തുടച്ചു.
-" ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടില്ല. പെണ്ണ് വിഷമിച്ചാൽ കരയും..ആണ് വിഷമിച്ചാൽ ചിരിക്കും..അതാണ് പ്രമാണം..!!
ഉപ്പയുടെ ഈ വാക്ക് കരച്ചിൽ വരുമ്പോഴെല്ലാം ഓർക്കും..!!
പിന്നെ സ്വയം നിയന്ത്രിക്കും..
പക്ഷെ എന്നിട്ടും എന്താണ് എന്റെ തൊണ്ടക്കു ഇങ്ങനെ കനം തൂങ്ങുന്നത്..?
ഇത്രയും കാലം ഇണങ്ങിയും, പിണങ്ങിയും, അടികൂടിയും, ഉള്ളത് പങ്കുവെച്ചും നടന്നിരുന്ന സ്വന്തം സഹോദരിമാർ താൽക്കാലമായിട്ടാണെങ്കിലും ഈ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. അവർ ഒരു പുതു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്.
അവർ അണിഞ്ഞൊരുങ്ങി സുന്ദരിക്കുട്ടികളായി തന്റെ മണവാളന്മാരുടെ കൂടെ പന്തലിൽ ഇരിക്കുമ്പോൾ..അതിനു ആശംസ അർപ്പിക്കാനുള്ള മനഃസാന്നിധ്യം എനിക്കുണ്ടാവില്ല. അത് ഉറപ്പാണ്..എന്റെ എല്ലാ നിയന്ത്രണവും വിട്ടു പോകും.
എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്. പുതുപെണ്ണിനെ ഒരുക്കാനുള്ള വസ്ത്രങ്ങളടങ്ങിയ പെട്ടിയുമായി വരന്മാരുടെ സഹോദരിമാരും സംഘവും എത്തി. അവർ മണവാട്ടിമാരെ ഒരുക്കാൻ വീടിനകത്തേക്ക് കയറി..
ഞാൻ വീടിനു ചുറ്റും എന്തെന്നില്ലാത്ത ഒരസ്വസ്ഥതയിൽ ചുര മാന്തി നടന്നു. ചങ്കിൽ ഒരു വലിയ കല്ല് എടുത്തു വെച്ചതു പോലെ. ഒന്നും മിണ്ടാൻ കഴിയുന്നില്ല. നിയന്ത്രണം വിട്ടുപോകാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു .
വരന്മാർ രണ്ടു പേരും കൂടെ വന്ന പരിവാരങ്ങളും കല്യാണ പന്തലിലേക്ക് പ്രവേശിച്ചു. ഉപ്പ അവരെ സ്വീകരിച്ചിരുത്തി അവർക്കു കൊടുക്കാൻ വേണ്ട പായസം ഏർപ്പാടാക്കാൻ അടുക്കള ഭാഗത്തേക്ക് ഓടി. വരന്മാർ ഇരിപ്പുറപ്പിച്ചതോടെ പന്തലിന്റെ ഒരു ഭാഗത്തും, വരാന്തയിലും സ്ത്രീകൾ തടിച്ചു കൂടി..മണവാളന്മാരെ ഒരു നോക്കു കാണാൻ.
ഭംഗിയായി അണിഞ്ഞൊരുക്കി കഴുത്തിലും കയ്യിലും സ്വർണാഭരങ്ങൾ അണിഞ്ഞു വരന്മാരുടെ അടുത്ത് അവരെ ഇരുത്തിയപ്പോൾ.. ദൂരെ മാറി നിന്ന എനിക്ക് എന്റെ സഹോദരിമാരുടെ ഭംഗിയിൽ തെല്ലൊരഭിമാനമൊക്കെ തോന്നി.
വരന്മാർ സഹോദരിമാരുടെ കൈ പിടിച്ച് യാത്ര പറയാൻ എണീറ്റു. എല്ലാവരും കൂട്ടത്തോടെ അവരുടെ അടുത്തേക്ക് നീങ്ങി. ഉമ്മ അവരുടെ അരികു പറ്റി നിന്നു. ഉപ്പ ഒരു വലിയ ഉത്തരവാദിത്തം ചെയ്തു തീർത്തത്തിന്റെ സന്തോഷത്തിൽ തോളിൽ കിടന്ന മുണ്ടൊന്നു കുടഞ്ഞു. ശേഷം മുഖമൊന്നു തുടച്ചു. അപ്പോൾ അറിയാതെ കണ്ണിൽ കിനിഞ്ഞ അശ്രുകണങ്ങൾ ആ മുണ്ടിൽ അലിഞ്ഞു ചേർന്നു..
ഉമ്മയുടെ കണ്ണുകൾ എന്നെ തിരഞ്ഞു..
-" ബാവുട്ടി എവിടെ ?
ചോദ്യം കേട്ട പാടെ എല്ലാവരുടെയും കണ്ണുകൾ എന്നെ തിരഞ്ഞു. വീടിന്റെ ഒരു മൂലയിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ, മൂടിക്കെട്ടി ഒരു പെരുമഴ പോലെ പെയ്യാൻ നിൽക്കുന്ന എന്റെ തോളിൽ ഉപ്പയുടെ കൈ ഒന്നു തൊട്ടു. ഞെട്ടിത്തിരിഞ്ഞു ഉപ്പയെ നോക്കുമ്പോൾ എന്റെ കണ്ണുകൾ കലങ്ങിയിരുന്നു.
ഉപ്പയുടെ നെഞ്ചോടു ചേർന്ന് നിന്ന് പതുക്കെ എന്റെ സഹോദരിമാരുടെ അടുത്തേക്ക് നീങ്ങുമ്പോൾ ഞാൻ കണ്ടു. രണ്ട് മണവാട്ടിമാരും ഈ ആങ്ങളയെ നോക്കി കരച്ചിൽ ഒതുക്കാൻ ശ്രമിക്കുന്നത്. അതോടെ എന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഞാൻ പൊട്ടിക്കരഞ്ഞു.
*ആണ് ക്ഷീണിച്ചാൽ ചിരിക്കണം * എന്ന ഉപ്പാന്റെ ആപ്തവാക്യമെല്ലാം കാറ്റിൽ പറന്നു.
കല്യാണപ്പന്തലിൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവ വികാസത്തിൽ തരിച്ചിരിക്കുന്ന ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഉപ്പയുടെ പ്രായോഗിക ബുദ്ധി ഉണർന്നു .. ഉപ്പ ഉടൻ ഇടപെട്ടു എന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു...
-" ഓന്റെ മുഷിഞ്ഞ ഡ്രസ്സുകളെല്ലാം നാളെ മുതൽ ആരാ അലക്കുക എന്ന് ആലോചിച്ചപ്പോൾ ഉണ്ടായ വിഷമമാണ് അവന്..!!
ഈ ഫലിതം അവിടെ ഫലിച്ചോ എന്നറിയില്ലെങ്കിലും വരന്മാരുടെ കൈപിടിച്ച് കണ്ണിൽ നിന്നും മാഞ്ഞു പോകുന്ന മണവാട്ടിമാരുടെ മുഖത്ത് ഒരു ചിരിപടരുന്നത് ഞാൻ കണ്ടു..
അതെ..അത് ഞാൻ മാത്രമേ കണ്ടുള്ളൂ..

* പെൺകുട്ടികൾ വീടിന്റെ ഐശ്വരം..!! അവർ ഒരു ദിവസം കൺ മുന്നിൽ നിന്നും പടിയിറങ്ങുമ്പോൾ ഉള്ളു പിടയാത്ത ആങ്ങളമാർ ഉണ്ടാവില്ല. അത് കൊണ്ട്...
സഹോദരിമാർ ഉള്ള എല്ലാ ആങ്ങളമാർക്കും വേണ്ടി ഈ കഥ ഇവിടെ സമർപ്പിക്കുന്നു.*

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...