Skip to main content

ഇബുട്ടി

കുറിപ്പ് 
രണ്ടാമത്തെ മോൾ "ഇബുട്ടി" ഇക്കൊല്ലം പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നത് കൊണ്ട് ദിവസവും ഭാര്യ സുലുവിനോടും കുട്ടികളോടും സംസാരിക്കുന്ന കൂട്ടത്തിൽ, ഇബുട്ടിയോട് കുറച്ചു നേരം കൂടുതൽ സംസാരിക്കാൻ എപ്പോഴും ശ്രദ്ധിച്ചു.
പത്താം ക്ലാസ് പരീക്ഷക്ക് എഴുതുന്ന മോളുടെ പ്രവാസിയായ ഉപ്പയുടെ കടമ എന്ന നിലക്ക് അവൾക്കു ആത്മ വിശ്വാസം പകരുന്നതിനു വേണ്ടിയായിരുന്നു അത്.
സംസാരത്തിനിടക്ക് യാദൃച്ഛികമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ഞാൻ മോളോട് ചോദിക്കുന്നത്.
-" ആട്ടെ അവസാനത്തെ പരീക്ഷ തീരുന്ന ദിവസം എങ്ങിനെ ആഘോഷിക്കാനാ പരിപാടി?
-" പടക്കം പൊട്ടിക്കും..!!
ഉടനെ വന്നു മറുപടി.
-" ഹെന്റമ്മോ പടക്കം പൊട്ടിക്കേ..?
മറുപടി കേട്ടപ്പോൾ കണ്ണ് തള്ളിപ്പോയി. പെൺകുട്ടികളായാൽ കുറച്ച് അടക്കവും ഒതുക്കവുമൊക്കെ വേണ്ടേ മോളെ എന്ന് തിരിച്ച് പറയുന്നതിന് മുമ്പേ ബാക്കിയുള്ള മറുപടി കൂടെ പിറകെ വന്നു.
-" നല്ല ഓലപ്പടക്കം വാങ്ങി വെച്ചിട്ടുണ്ട് ഉപ്പാ..!!
പിന്നെ ഒന്നും തിരിച്ച് പറയാൻ തോന്നിയില്ല.
അവർ ആഘോഷിക്കട്ടെ. പടക്കം പൊട്ടിച്ചും സെൽഫി എടുത്തും ഈ അധ്യയന വർഷത്തെ അവസാന നാളുകൾ അവർ ധന്യമാക്കട്ടെ എന്ന് മനസ്സിൽ വിചാരിച്ചു.
അവസാനം യാത്ര പറഞ്ഞു പിരിയുമ്പോൾ കണ്ണീരിൽ കുതിർന്ന സൗഹൃദത്തിന്റെ തിരുശേഷിപ്പുകൾ അവർക്കിടയിൽ ബാക്കിയാവുമായിരിക്കും.
മാർച്ച് മാസം കുട്ടികളുടെ ഉമ്മ സുലൂന്റെ മനസ്സിൽ ആദി പൂക്കുന്ന കാലമാണ്. കൊല്ലപ്പരീക്ഷ നടക്കുന്ന ഈ മാസം സുലൂന്റെ മനസ്സ് മുഴുവൻ മക്കളെ പരീക്ഷക്ക് പ്രാപ്തരാക്കാനുള്ള കഠിന പരിശ്രമത്തിന്റെ തിരക്കിലായിരിക്കും.
അതിനു വേണ്ടി എല്ലാ രക്ഷാകർത്തൃ യോഗത്തിലും സുലു പങ്കെടുക്കും. അവിടെ നിന്നും അധ്യാപകർ തരുന്ന നിർദേശങ്ങൾ സുലു അതേപടി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും.
കുട്ടികൾ പഠിക്കാൻ ഇരിക്കുമ്പോൾ ഇരുന്നു ഉറങ്ങാതിരിക്കാൻ വേണ്ടി സുലുവും ഉറക്കമൊഴിച്ച് അവരുടെ കൂടെ ഇരിക്കും.
അതു കൊണ്ട് തന്നെ അവസാന പരീക്ഷയുടെ അന്ന് ശരിക്കും പടക്കം പൊട്ടുന്നത് സുലൂന്റെ മനസ്സിലും കൂടിയാണ്. ആശ്വാസത്തിന്റെ ഓലപ്പടക്കം..!!
മക്കൾ സ്കൂളിൽ യാത്ര പറച്ചിലിന്റെ തിരക്കിലാവുമ്പോൾ, സുലു ഇവിടെ വീട്ടിൽ ആശ്വാസത്തിന്റെ തണലിൽ വിശ്രമിക്കുകയായിരിക്കും.
പക്ഷെ പതിവ് പോലെ നാട്ടിലേക്ക് വീണ്ടും വിളിച്ചപ്പോൾ മോളും സുലുവും പതിവില്ലാതെ കട്ട കലിപ്പിലാണ്..!!
കണക്ക് പരീക്ഷ വീണ്ടും നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അറിഞ്ഞതിനു ശേഷം രണ്ടു പേരും മന്ത്രിയെ പഴിച്ച് താടിക്ക് കയ്യും കൊടുത്ത് ഒറ്റ ഇരിപ്പാണ്.
പണ്ട് ഗൾഫിലേക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നും എല്ലാവരോടും കരഞ്ഞു പിഴിഞ്ഞ് യാത്രയൊക്കെ പറഞ്ഞു പോന്നതിനു ശേഷം, ഫ്ലൈറ്റ് ക്യാൻസൽ ആയതിന്റെ പേരിൽ എയർപോർട്ടിൽ നിന്നും തിരിച്ച് വീണ്ടും വീട്ടിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു പ്രവാസിയുടെ മുഖത്തെ ഭാവമായിരുന്നു അപ്പൊ മോളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്.
അന്ന് നടത്തിയ കണക്ക് പരീക്ഷ ഒരു ട്രെയ്‌ലർ ആയിരുന്നു എന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ "ഓലപ്പടക്കം" അന്ന് പൊട്ടിക്കേണ്ടതില്ലായിരുന്നു എന്ന ചിന്തയിൽ നിന്നുള്ള വിഷമത്തേക്കാൾ "ഇബുട്ടി" യുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്, ഇനി വീണ്ടും പരീക്ഷ എഴുതാൻ സ്കൂളിൽ ചെല്ലുമ്പോൾ, യാത്ര പറഞ്ഞു പിരിഞ്ഞവരുടെ മുഖത്ത് എങ്ങിനെ വീണ്ടും നോക്കും എന്ന മ്ലാനതയായിരുന്നു..!!
പത്താം ക്ലാസ്സ് പരീക്ഷ എഴുതി ആരോടും യാത്ര പറയാതെ മുങ്ങിയ നിന്റെ ഉപ്പയായ എന്നോട് ഓലപ്പടക്കത്തിന്റെ കഥ അന്ന് പറഞപ്പഴേ ഓർത്തതാ ഇത് ഇങ്ങനെയൊക്കെ തന്നെ അവസാനിക്കുകയുള്ളൂ എന്ന്..!!
ഇത് മോളോട് പറയണം എന്നുണ്ടായിരുന്നെങ്കിലും തല്ക്കാലം മൗനിയായി.
* ഏതായാലും നാളെ വീണ്ടും കണക്ക് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും,
എന്റെ മോള് "ഇബുട്ടിക്കും" ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു *

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...