ഓര്‍മ്മകള്‍
കുടിവെള്ളത്തിന് കുടവുമായി തന്റെ വീട്ടിലേക്ക് വരുന്നവർക്ക് സ്വന്തം കിണറ്റിലെ വെള്ളം തന്റെ കൈകൊണ്ട് തന്നെ മുക്കി പകർന്ന് കൊടുക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു നങ്ങേലിയമ്മക്ക്.
ഇത് അറിയാവുന്ന ജമീല താത്ത വൈകുന്നേരങ്ങളിൽ വെള്ളക്കുടവുമായി വന്നു കിണറ്റിൻ കരയിൽ കുടം വെച്ച് തന്റെ ഊഴവും കാത്ത് മാറി നിൽക്കുക പതിവായിരുന്നു. പിന്നീട് നങ്ങീലിയമ്മ വന്ന് ഓരോ തൊട്ടി വെള്ളവും മുക്കി കുടം നിറയ്ക്കുന്നതിനിടയിൽ, അന്നത്തെ നാട്ടുവർത്തമാനങ്ങളുടെ ഒരു പെരുമഴയായിരിക്കും കുറച്ച് നേരത്തേക്ക് ആ കിണറ്റിൻ കരയില്.
നങ്ങേലിയമ്മയുടെ ഭർത്താവ് രണ്ടു വർഷം മുമ്പ് ക്യാൻസർ വന്നാണ് മരിച്ചത്. കുട്ടികൾ ഇല്ലാത്തതു കൊണ്ട് അവർ ആ വീട്ടിൽ പിന്നീട് ഒറ്റക്കായി.
മുള്ളുവേലി കെട്ടിയ കിണറും പരിസരവും നല്ല വൃത്തിയിലാണ് അവർ പരിപാലിച്ചിരുന്നത്. ഒറ്റക്കായതു കൊണ്ടാകാം സദാസമയവും വീടും പരിസരവും അടുക്കളയും തുടങ്ങി പാത്രങ്ങൾ വരെ ഇങ്ങനെ വൃത്തിയായി കൊണ്ട് നടന്നു. ഇതൊരു ദിനചര്യ എന്നതിൽ ഉപരിയായി ഈ 'വൃത്തി' നങ്ങേലിയമ്മയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു.
സ്കൂൾ വിട്ടു വരുന്ന കുട്ടികൾ നങ്ങേലിയമ്മയുടെ കിണറ്റിലേക്കാണ് വെള്ളം കുടിക്കാൻ ഓടിയിരുന്നത്. ദാഹിച്ച് വലഞ്ഞു വരുന്ന കുട്ടികളുടെ കൈകുമ്പിളിലേക്ക് തന്റെ കൈകൊണ്ട് തൊട്ടിയിലൂടെ വെള്ളം പകർന്ന് നൽകുമ്പോൾ ആ അമ്മയുടെ മാതൃസ്നേഹം കൂടിയായിരുന്നു ആ കുട്ടികൾക്ക് പകർന്നു നൽകിയിരുന്നത്.
അതുകൊണ്ട് തന്നെയായിരിക്കാം സ്കൂൾ കുട്ടികൾക്കും നങ്ങേലിയമ്മയുമായി ഒരു ആത്മബന്ധം ഉണ്ടായിരുന്നു.
സ്കൂൾ വിടാനുള്ള ബെല്ല് കേട്ടാൽ നങ്ങേലിയമ്മ ജാഗരൂകയായി കിണറിന്റെ അരികിൽ തൊട്ടിയുടെ കയറു പിടിച്ച് വെള്ളം കോരാനായി ഒറ്റ നിൽപ്പ് അങ്ങിനെ നിൽക്കും.
അങ്ങനെ വെള്ളം കോരിക്കൊടുക്കാനുള്ള അവരുടെ അവകാശം വാർദ്ധക്യ കാലത്ത് കിടപ്പിലാവുന്നതു വരെ നങ്ങേലിയമ്മ നിലനിർത്തി പോന്നു.
ഈ ഒരു സവിശേഷ സ്വഭാവം കാരണം പക്ഷെ നാട്ടുകാരിൽ പലർക്കും നങ്ങേലിയമ്മയുടെ ഈ പ്രവർത്തിയിൽ പലവിധ സംശയങ്ങളായിരുന്നു.
അതിൽ പ്രധാനമായത് നങ്ങേലിയമ്മയുടെ മനസ്സിൽ ഇപ്പോഴും അയിത്തമുണ്ട് എന്ന രീതിയിലുള്ള സംസാരങ്ങളായിരുന്നു.
പക്ഷെ അതൊന്നുമല്ല യഥാർത്ഥ കാരണമെന്നും കിണറ്റിലെ കുടിവെള്ളം ജീവജലമാണെന്നും അതു കൊണ്ട് കിണർ നല്ല രീതിയിൽ പരിപാലിക്കേണ്ടതുണ്ടെന്നും, ഈ വെള്ളം സ്വന്തം കൈകൊണ്ട് തന്നെ സഹജീവികൾക്ക് പകർന്ന് കൊടുക്കുക വഴി ഒരു ആത്മബന്ധം അവിടെ ഊട്ടിയുറപ്പിക്കുകയുമാണ് എന്നുമൊക്കെയാണ് നങ്ങേലിയമ്മയുടെ പക്ഷം.
മോട്ടോർ പമ്പ് വെച്ച് കിണറിന്റെ അടിവയറ്റിൽ നിന്നും വെള്ളം ഊറ്റിയെടുക്കുക വഴി വായു സഞ്ചാരവും, കുഞ്ഞു തിരകളുമില്ലാത്ത ചത്തു കിടക്കുന്ന വെള്ളത്തിനു ഐശ്വര്യമില്ല എന്നും, എപ്പോഴും തൊട്ടി കൊണ്ട് വെള്ളം കോരണമെന്നും എങ്കിലേ കിണറിൽ വായു സഞ്ചാരവും വെള്ളത്തിന് ഓളവുമുണ്ടാവുകയുള്ളൂ എന്ന് തുടങ്ങിയ അവരുടെ ചിന്തകൾ, ഒരുപക്ഷെ വെള്ളം കോരുമ്പോൾ എണ്ണ കൊടുക്കാത്ത കപ്പിയിൽ നിന്നും ഉയരുന്ന സീൽക്കാര ശബ്ദം പോലെ ദയനീയമായി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുകയുമാണ് സാധാരണ പതിവ്.
പക്ഷേ കഴിഞ്ഞ വേനലിന് ചുറ്റുവട്ടത്തൊക്കെയുള്ള കിണറുകൾ വറ്റിയിട്ടും നങ്ങേലിയമ്മയുടെ കിണറിലെ വെള്ളം തെളിമയോടെ നിറഞ്ഞു നിന്നത്, ഒരു പക്ഷെ നങ്ങേലിയമ്മയുടെ അന്നത്തെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു.
അന്ന് എല്ലാവരും നങ്ങേലിയമ്മയുടെ കിണറിലേക്ക് കുടവുമായി വന്നപ്പോഴും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം കൈകൊണ്ട് വെള്ളം കോരി കൊടുത്തുകൊണ്ട് തന്നെ തന്റെ മുൻകാല നിലപാടിൽ നങ്ങേലിയമ്മ ഉറച്ചു നിന്നു.
നങ്ങേലിയമ്മയുടെ തൊടിയിലെ തെങ്ങിന്റെയും കവുങ്ങിന്റെയും മണ്ടയിൽ ഇരുന്ന് ഒരു ഡ്രോണിനെ പോലെ ആ വീടിനെ നിരീക്ഷിക്കാറുള്ള തെങ്ങു കയറ്റത്തൊഴിലാളിയായ, അപ്പോഴും തെങ്ങിന്റെ മണ്ടയിൽ വിയർത്ത് കുളിച്ചിരിക്കുന്ന കുമാരനാണ് എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ട് കിണറിന്റെ ഭാഗത്തേക്ക് മുഖം തിരിച്ച് നോക്കിയത്.
കിണറിൽ എന്താണ് വീണത് എന്ന് ഉറപ്പാക്കുന്നതിന് മുമ്പേ തെങ്ങിൽ നിന്നും ഊർന്നിറങ്ങി കിണറിലേക്ക് ചാടാൻ കുതിക്കുന്ന കുമാരന്റെ നേരെ പാഞ്ഞടുത്ത നങ്ങേലിയമ്മ ഉദ്വേഗത്തോടെ ചോദിച്ചു.
-' കുമാരാ ശരീര ശുദ്ധി ഇല്ലെങ്കിൽ ചാടല്ലേ.. ന്റെ കിണറിലെ വെള്ളം അശുദ്ധിയാക്കല്ലേ...
പക്ഷെ നങ്ങേലിയമ്മ ആ വാചകം മുഴുമിക്കുന്നതിനു മുമ്പേ കുമാരൻ കിണറ്റിലേക്ക് എടുത്തു ചാടിയിരുന്നു..!!
ശുദ്ധിയും അശുദ്ധിയും ഒന്നും ആലോചിക്കുന്നതിന് മുമ്പ് കിണറ്റിലേക്ക് എടുത്തു ചാടിയ കുമാരനെ പക്ഷെ വരവേറ്റത് കണ്ണ് തുറിച്ച് പേ ഇളകിയ നായയെ പോലെ പല്ലിളിച്ച് ജീവനുവേണ്ടി വെപ്രാളപ്പെട്ട് തുഴയുന്ന ഒരു ചാവാലിപ്പട്ടിയെയാണ്..!!
പേടിച്ചരണ്ട കുമാരൻ പട്ടിയെ രക്ഷിക്കണോ അതോ തന്നെ രക്ഷിക്കാൻ ഇനി വേറെ ആരെങ്കിലും വരുമോ എന്നൊക്കെ ചിന്തിക്കുന്നതിനു മുമ്പേ തന്റെ ശരീരത്തിൽ നിന്നും തന്റെ അനുവാദമില്ലാതെ തന്നെ ചില സത്യങ്ങൾ പുറത്തേയ്ക്ക് വിസർജ്ജിക്കുന്നു എന്ന പരമമായ സത്യം കുമാരൻ മനസ്സിലാക്കിയിരുന്നു.
ഒപ്പം വെള്ളത്തിൽ വീണ പട്ടിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..!!
പട്ടിയും കുമാരനും തമ്മിൽ നടക്കുന്ന അങ്കം മുറുകി വെള്ളം മലിനമായി കൊണ്ടിരിക്കുമ്പോഴും കിണറ്റിൻ കരയിലെ മുൾവേലിയിൽ പിടിച്ചു കൊണ്ട് ആകെ തളർന്ന് സങ്കടത്തോടെ, വിറയാർന്ന ചുണ്ടുകളോടെ നിൽക്കുന്ന നങ്ങേലിയമ്മയുടെ ആത്മഗതം ഈ രൂപത്തിലാണ് പുറത്തു വന്നത്.
-' ന്നാലും ന്റെ കുമാരാ..നീ ആ വിയർപ്പോടെ തന്നെ ൻറെ കിണറ്റിലേക്ക് എടുത്തു ചാടിയെല്ലോ. കിണറ് അശുദ്ധാക്കാൻ...!!
Comments
Post a Comment