Skip to main content

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍ 
" നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം."
മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ്സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും.
ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്.
ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും.
പിന്നെ രാത്രി ഉറങ്ങാൻ നേരം കുട്ടികളുടെ ചുരുട്ടി വെച്ച കാലിനിടയിൽ ചുരുണ്ടു കൂടി ഒരു ഉറക്കമുണ്ട്. അത് കാണാൻ തന്നെ ഒരു പ്രത്യേക കൗതുകമായിരുന്നു.
വീടിനു പുറത്ത് അവനൊരു ലോകമുണ്ടായിരുന്നില്ല. എങ്കിലും ഒരു ദിവസം അവൻ അവന്റെ പാട്ടിന് പോവുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതിന് ചെറി പറഞ്ഞ കാരണം അവൻ 'കാടൻ' (ആൺ) പൂച്ചയാണെന്നാണ്.
ശരിയാണ് അയല്പക്കത്തും മറ്റും പെൺ പൂച്ചകൾ വളർന്നു വരുന്നുണ്ട്. അതുകൊണ്ടു തന്നെ വളർന്ന് വലുതായപ്പോൾ ഇടയ്ക്കു അവനൊരു മുങ്ങലുണ്ട് എന്ന് ചെറി തന്നെയാണ് എന്നോട് സൂചിപ്പിച്ചത്.
വീട്ടിൽ എപ്പോഴും കലപില കൂട്ടിയിരുന്ന മൂത്ത മോൾ ഉപരി പഠനത്തിന് വിദേശത്ത് പോയി. അവൾ അവളുടേതായ തിരക്കിൽ ലയിച്ചു. പ്രവാസിയായ ഞാൻ അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചു പോന്നു. എന്റേതായ തിരക്കിൽ ഞാനും മുഴുകി.
ഇതിനിടയിൽ വീട്ടിൽ ഒറ്റപ്പെട്ടത് ഭാര്യ ചെറിയും, മോൻ കൊച്ചുവും, മോള് ഇബുവും, കൂട്ടത്തിൽ എന്റെ ഉമ്മയുമാണ്.
ഒറ്റപ്പെട്ട സമയത്ത് 'ചൊറുക്ക് ' ഒരാശ്വാസം തന്നെയായിരിക്കാം അവൾക്ക്. അവൾ പറഞ്ഞത് പോലെ ഇപ്പൊ ജീവനോടെ ഉണ്ടാവാൻ വഴിയില്ല. ഉണ്ടെങ്കിൽ തീർച്ചയായും ഇടയ്ക്കു 'ചൊറുക്ക് ' അവരെ കാണാൻ വന്നേനെ.
പ്രിയപ്പെട്ടത് കണ്ണിൽ നിന്നും മായുന്നത് എപ്പോഴും വേദനയാണ്.
അത് മനുഷ്യനായാലും മൃഗമായാലും..!!
പ്രിയേ.. ഈ ഒരവസ്ഥ നീ കുറഞ്ഞ വരിയിൽ നന്നായി ഫീൽ ചെയ്യുന്ന രീതിയിൽ എഴുതി അവതരിപ്പിച്ചു.
എഴുത്ത് തുടരുക ..!!
ഒരായിരം അഭിവാദ്യങ്ങൾ..!!

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   എന്‍റെ വീടിന്‍റെ തൊട്ടപ്പുറത്തായിരുന്നു അന്ന് കള്ള് ഷാപ്പ് സ്ഥിതി ചെയ്തിരുന്നത്. ഷാപ്പിൽ വൈകു ന്നേരമായാൽ സ്ഥിരമായി കുടിക്കാൻ വരുന്ന ചിലരുണ്ട്. പൊക്കൻ ചെള്ളി, കാരി കുഞ്ഞൻ, നെടുമ്പൻ ചന്ദ്രൻ.. ഇങ്ങിനെ പോവുന്നു ആ നീണ്ട നിര. പാടത്തു പണി യെടുത്തും, കൂലിപ്പണി ചെയ്തും നടന്നിരുന്ന സാധാരണക്കാരുടെ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കാനുള്ള ആശ്രയമായിരുന്നു ഈ കള്ള് ഷാപ്പ്. വരുന്നവരെ മുഴുവൻ ഊട്ടാനുള്ള കള്ള് ചെത്താൻ മാത്രം തെങ്ങൊന്നും ഞങ്ങളുടെ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അല്ലറ ചില്ലറ പൊടികളും, കുമ്പളങ്ങയും, പെട്ടെന്ന് തലയ്ക്കു കേറാൻ പാകത്തിന് എന്തൊക്കെയോ കൃത്രിമങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം ഉന്മാദമാണ് അവിടെ വിളമ്പുന്നത് എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. വൈകുന്നേരമായാൽ പിന്നെ കുടിയും ബഹളവുമായി ഷാപ്പ് സജീവമാകും. ഇതിനെല്ലാം മൂകസാക്ഷിയായി ഒരു കാടൻപൂച്ച ഇവരുടെയൊക്കെ കാലിനിടയിൽ കൂടി, അവർ തിന്നു വലിച്ചെറിയുന്ന മീൻ മുള്ളും, കപ്പക്കഷ്ണവും തിന്ന് നടക്കുന്നുണ്ടാവും. ഇതിനിടയിൽ രാമൻ കുട്ടി ആശാരി അടിവയറും അമർത്തി പിടിച്ച് മുകളിലത്തെ കണ്ടത്തിലെ പൊന്തക്കാട...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...