മിനിക്കഥ
തെക്കുമ്പാട്ടെ കുളം വറ്റിച്ച് മീൻ പിടിക്കാൻ അവസാനം തീരുമാനിച്ചു..
ഇങ്ങിനെയൊരു തീരുമാനം കൈകൊണ്ടത് മുതൽ മുഷു, വരാൽ, പരൽ, കോട്ടി, മനഞ്ഞിൽ, ചേറാൻ, തുടങ്ങിയ അന്തേവാസികളുടെയെല്ലാം വയറ്റിൽ കാന്താരി മുളക് ഇടിച്ചു പിഴിഞ്ഞ പോലെ ഇരി പിരി സഞ്ചാരം തുടങ്ങി.
കുളത്തിൽ നിന്നും ഒരു ഓവുചാൽ തൊട്ടപ്പുറത്തെ കൈത്തോട്ടിലേക്ക് തുറന്നിരുന്നു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഇന്ന് അതിരാവിലെ ആ ഓവുചാലും അടച്ചു.
ഒഴുക്ക് നിലച്ചതോടെ കുളത്തിലെ വെള്ളം ദുഷിക്കാനും തുടങ്ങി.
-" മേനോൻ കുട്ട്യേ..മ്മക്ക് എങ്ങന്യാ മീൻ പിടിക്കണ്ടേ..?
-" വലയിട്ട് ?
-" കോരുവല വെക്കാം?
-" അല്ലെങ്കിൽ വേണ്ട "നഞ്ഞു" ഇട്ടാലോ ?
-" തോട്ട വെച്ച് പൊട്ടിച്ചാലോ ?
-" ഇല്ലെങ്കിൽ കറണ്ട് കേറ്റിവിട്ട് ഷോക്കടിപ്പിച്ചാലോ?
തുടരേയുള്ള ചോദ്യം ചൂണ്ടു വിരലായി എനിക്കു നേരെ നീണ്ടു വന്നപ്പോൾ, ആ ചൂണ്ടു വിരലിൽ ചാടിപിടിച്ച് കണ്ണും ചിമ്മി ഒരൊറ്റ മറുപടി കൊടുത്തു.
-" നമുക്ക് മോട്ടോർ പമ്പ് വെച്ച് വെള്ളം വറ്റിക്കാം..!!
-" ന്നാ വാരിയൻമാരെ കുളത്തിലെ മണ്ണെണ്ണ പമ്പ് കൊണ്ട് വരാം. അതാവുമ്പോ ചെലവ് സ്വൽപ്പം കുറയും. പെട്രോളിനൊക്കെ ഇപ്പൊ എന്താ വില..!!
മുഷു, വരാൽ, പരൽ, കോട്ടി, മനഞ്ഞിൽ, ചേറാൻ, ഇങ്ങനെ ഓരോരുത്തരും വെള്ളത്തിന് മുകളിൽ കണ്ണ് നിവർത്തി വെച്ച് ദയനീയമായി ആകാശത്തേക്ക് നോക്കി.
തോർത്ത് മുണ്ടുടുത്ത ഒരു ഡസൻ കാലുകൾ നിരനിരയായി കല്പടവുകളിൽ നിരത്തി നിർത്തിയിരുക്കുന്നു.
സ്ട്രോ വെച്ച് അണ്ണാക്കിലേക്കു വലിക്കുമ്പോൾ ഗ്ലാസിലെ ഇളനീർ വെള്ളം താഴേക്ക് ഇറങ്ങി വരുന്നത് പോലെ കുളത്തിലെ വെള്ളം താഴാൻ തുടങ്ങിയപ്പോൾ ഒപ്പം മീനുകളുടെ ദയനീയതയും പുകഞ്ഞു പൊന്താൻ തുടങ്ങി.
തൊട്ടടുത്ത പുളിമരച്ചോട്ടിൽ നിന്നും മുത്തിയമ്മയുടെ തേങ്ങൽ മൂക്ക് പിഴിഞ്ഞ് പുറത്തു വന്നു. അതിരാവിലെ അവറ്റകൾക്ക് കൊടുത്ത "വറ്റ് " ന്റെ പാത്രം മുത്തിയമ്മയുടെ അരികുപറ്റി അനാഥമായി കിടന്നു.
വെള്ളം മുഴുവൻ വറ്റിത്തുടങ്ങി. മീനുകൾ ഒരിറ്റു ശ്വാസത്തിനു വേണ്ടി മൂക്കുകൊണ്ട് ചളിയെ കുത്തി നോവിച്ചു. മൂക്കിലേക്ക് ശ്വാസത്തിന് പകരം ചളി വലിഞ്ഞു കേറി. തലച്ചോറിൽ ചളി വന്നു കുമിഞ്ഞു കൂടി.
കണ്ണിനെ തിമിരം രുചിച്ചു.
ഊറ്റിയെടുത്ത വെള്ളത്തിൽ ശ്വാസത്തിന് വേണ്ടി പുളയുന്ന മീനുകളെ കണ്ട മഴ മേഘങ്ങൾ ഒന്നെത്തി നോക്കി..പെയ്യാതെ.. എങ്ങോട്ടോ ഓടി മറഞ്ഞു.
Comments
Post a Comment