Skip to main content

മൈനാത്തയുടെ പ്രതികാരം

കഥ 
മൈനാത്ത മരണത്തിനോട് മല്ലടിക്കാൻ പോലും ശേഷിയില്ലാതെ നിസ്സഹായയായി കിടക്കുകയാണ്.
വാർധക്യ സഹജമായ കാരണങ്ങൾ കൊണ്ട് എന്ന് സാമാന്യമായി പറയാൻ മാത്രം പ്രായമൊന്നും അവർക്ക് ഇല്ലെങ്കിലും ജീവിത സാഹചര്യങ്ങൾ പെട്ടെന്ന് അവരെ ഒരു വൃദ്ധയും രോഗിയുമാക്കി.
ചുറ്റും കൂടിയിരിക്കുന്ന മക്കളുടെ മുഖത്ത് സങ്കടക്കടൽ തിരയടിക്കുന്നുണ്ട്. വരാൻ പോകുന്ന മരണത്തിന്റെ കാലൊച്ച മക്കൾ  പ്രതീക്ഷിക്കുന്നുണ്ടെന്ന് അവരുടെ ശരീര ഭാഷ വിളിച്ചോതുന്നുണ്ട്.
അതുകൊണ്ടു തന്നെ ഏതു നിമിഷവും സംഭവിക്കാവുന്ന മരണത്തിലേക്ക് മൈനാത്തയെ യാത്രയയക്കാൻ ചുറ്റും കൂടി നിന്നവർ നിർനിമിഷരായി കാത്തിരിക്കുകയാണ്.
വിസ്മൃതിയുടെ മയക്കത്തിലാണ്ടുപോയ മൈനാത്തയുടെ ഉണങ്ങി വരണ്ട ചുണ്ടിൽ സ്വന്തം കെട്ട്യോനായ രായിൻ മൊല്ലാക്ക തന്റെ കയ്യിലുള്ള സംസം വെള്ളം അവരുടെ ചുണ്ടിൽ നനച്ചു കൊടുത്തു.
മൊല്ലാക്കയുടെ വട്ടത്താടിയും, തലയിലെ കെട്ടും, ഇളകുന്ന വെള്ളത്തിൽ തെളിയുന്ന പ്രതിബിംബം കണക്കെ മൈനാത്തയുടെ കണ്ണിൽ തെളിഞ്ഞു വന്നതോടെ, മുഖം ശക്തിയായി വലത്തോട്ട് വെട്ടിച്ച് രായിൻ മൊല്ലാക്കയെ രൂക്ഷമായി ഒന്ന് നോക്കി മൊല്ലാക്കയുടെ മുമ്പിൽ പ്രതിഷേധത്തിന്റെ ഒരു ലക്ഷ്മണരേഖ തീർത്തു മൈനാത്ത..!!
ആ നോട്ടം നേരിടാനുള്ള ശക്തിയില്ലാതെ മൊല്ലാക്ക നിന്ന് പരുങ്ങി.
ഇന്നോളം കണ്ടതിൽ വച്ചേറ്റവും വലിയ പ്രതിഷേധമായിരുന്നു അത്..!!
ഈ മരണാസന്ന നിലയിലെങ്കിലും കഴിഞ്ഞതെല്ലാം മറന്ന് മൈനാത്ത രായിൻ മൊല്ലാക്കക്ക് പൊറുത്തു കൊടുക്കുമെന്ന് മക്കളോടൊപ്പം മൊല്ലാക്കയും മോഹിച്ചു പോയത് അങ്ങനെ വെറും ജലരേഖയായി.
ശരീരം വിയർക്കുന്ന അസുഖമുണ്ടായിരുന്നു രായിൻ മൊല്ലാക്കക്ക്..!!
അതിൽ ദുഖിതനുമായിരുന്നു അദ്ദേഹം. അങ്ങിനെ ഒരുപാട് കാലത്തെ ആലോചനക്ക് ശേഷമാണ് ശരീരം വിയർക്കാത്ത ഒരു ജോലി മൂപ്പര് തരപ്പെടുത്തിയത്.
ഒരു ദിവസം നാടുകാണി ചുരം കയറിപ്പോയ രായിൻ ദേവാല അങ്ങാടിയിലെ ജുമാപള്ളിയിൽ "മുക്രി" യായി ജോലിയിൽ പ്രവേശിച്ചു.
അന്നു മുതൽ രായിൻ "രായിൻ മൊല്ലാക്ക" യായി..!!
അഞ്ചു ആൺ മക്കളെയും രണ്ട് പെൺ മക്കളെയും കൂടാതെ കുറെ ദുരിതവും പട്ടിണിയും കൂടി ഒരു മാറാപ്പാക്കി മൈനാത്തയുടെ തലയിൽ കെട്ടി വെച്ചിട്ടാണ് രായിൻ മൊല്ലാക്ക ചുരം കേറി പോയത്.
" നാട്ടിലൊരു ഭാര്യ നാടുകാണിമ്മലൊരു ഭാര്യ "
എന്നൊരു നാട്ടുനടപ്പ് അന്ന് നിലവിലുള്ളത് രായിൻ മൊല്ലാക്കയുടെ രണ്ടാം കെട്ട് എന്ന മോഹത്തിന് തുണയായി.
മൂപ്പരും കെട്ടി ഒരു പെണ്ണ് കൂടി നാടുകാണിയിൽ നിന്നും..!!
മൂന്നു നേരം സുഭിക്ഷമായ ഭക്ഷണം.
അഞ്ചു നേരത്തെ ബാങ്ക് വിളി കഴിഞ്ഞുള്ള ഒഴിവു വേളകൾ, കയ്യിലേയും കാലിലേയും നഖം വെട്ടിയും താടി ക്രോപ്പ് ചെയ്ത് ഭംഗി കൂട്ടിയും നാല് നേരം *മിസ്‌വാക്ക് * ചെയ്ത് തൊള്ള വൃത്തിയാക്കിയും ഹാജിയാരുടെ ജീവിതം ആനന്ദകരവും ആഹ്ലാദകരവുമാക്കി.
സുഖവാസത്തിനിടയിൽ രായിൻ മൊല്ലാക്ക ഇടയ്ക്കു നാട്ടിൽ ഇറങ്ങി. പക്ഷെ മൈനാത്ത മൊല്ലാക്കയുടെ മുമ്പിൽ വാതിൽ കൊട്ടിയടച്ചു എന്നന്നേക്കുമായി.. ഒപ്പം മനസ്സും..!!
ഒടുവിൽ തന്റെ മക്കളെ പോറ്റാൻ വേണ്ടി * വെള്ളക്കാച്ചിയും പെങ്കുപ്പായവും * തലയിൽ തട്ടവുമിട്ട " ഉമ്മ " പാടത്തേക്കിറങ്ങി. നീലിയുടെയും മുണ്ടിച്ചിയുടെയും കൂടെ.
കൊയ്ത്തിനൊപ്പം മുണ്ടിച്ചി പാടിക്കൊടുത്ത പാട്ട് മൈനാത്തയും ഏറ്റു പാടി. കൂടെ വെറ്റില മുറുക്കുന്ന ശീലവും തുടങ്ങിയതോടെ ചുണ്ടുകൾ ചുവന്നതോടൊപ്പം കിന്നരിപ്പല്ലുകളിൽ വെറ്റിലക്കറ പിടിക്കാനും തുടങ്ങി.
എങ്കിലും മൈനാത്ത സുന്ദരിയായിരുന്നു..!!
പാടത്തെ പണി കഴിഞ്ഞു സന്ധ്യക്ക്‌ അപ്പൂന്റെ റേഷൻ ഷാപ്പിൽ നിന്നും വാങ്ങിയ അരിയും, ഉമ്മർ കാക്കാന്റെ കടയിൽ നിന്നും വാങ്ങിയ മുതിരയും കൊണ്ട് മൈനാത്ത വീടിന്റെ പടികേറി ചെല്ലുമ്പോൾ, ഏഴു വയറുകളുടെ വിശപ്പിന്റെ ആളൽ ഒരു തേങ്ങലായി മൈനാത്തയുടെ ചെവിയിൽ ഓളം തല്ലാൻ തുടങ്ങും.
പാടത്തെ ചേറും, വിയർപ്പും, വെറ്റിലച്ചാറും കൂടിക്കുഴഞ്ഞ ഒരു മണമായിരുന്നു മൈനാത്താക്ക്. ആ ഗന്ധം ആസ്വദിക്കാൻ അവരുടെ കുട്ടികൾ, ജോലി കഴിഞ്ഞു സന്ധ്യക്ക്‌ ഉമ്മറത്ത് വിശ്രമിക്കുന്ന മൈനാത്തയുടെ അരികു പറ്റി ചേർന്നു നിന്നു.
മൈനാത്ത ഒറ്റയ്ക്ക് നിന്ന് ജീവിതത്തോട് പോരാടി. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒറ്റയാൾ പോരാട്ടം..!!
പരുക്കൻ ജീവിത യാഥാർഥ്യങ്ങളുമായിയുള്ള നിരന്തരം പോരാട്ടം കാരണം അവരുടെ വാക്കുകൾക്കും പരുക്കൻ ഭാവം വന്നു. മനസ്സിൽ നിന്നും സ്നേഹവും പ്രണയവും എന്നേ പടിയിറങ്ങിപ്പോയി.
അത് കൊണ്ട് തന്നെ രായിൻ മൊല്ലാക്കയോടുള്ള വെറുപ്പും പകയും ഓരോ ദിനങ്ങൾ കഴിയും തോറും മൈനാത്തയുടെ മനസ്സിൽ കൂടി ക്കൂടി വന്നു.
മൊല്ലാക്ക നാട്ടിൽ ഇറങ്ങുന്ന ദിവസം മൈനാത്ത കൂടുതൽ അസ്വസ്ഥയായി കണ്ടു.
ഇവർ തമ്മിലുള്ള പകയും വിധ്വേഷവും അറിയുന്ന നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള അവസരമായിരുന്നു , മൊല്ലാക്ക നാട്ടിൽ ഇറങ്ങിയാലുള്ള ദിനങ്ങൾ. അത് നാട്ടുകാർ നല്ലവണ്ണം ആഘോഷിച്ചു.
ഒരടുപ്പിൽ ചോറിന് അരിയിട്ടതിനു ശേഷം, മറ്റേ അടുപ്പിൽ മുതിര വറുത്ത് ഇടിച്ച കറിയും ഉണ്ടാക്കി കഴിയുമ്പോഴേക്കും സമയം പാതിരയാവും.
വാടിത്തളർന്ന കുഞ്ഞുങ്ങളുടെ പൊരി വയറിലേക്ക് ചൂടുള്ള ചോറും മുതിരക്കറിയും കൂട്ടിക്കുഴച്ച് ഉരുളയുടെ രൂപത്തിൽ കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ ചോറിലെ കല്ല് ഇടക്ക് അസ്വാരസ്യമുണ്ടാക്കുമെങ്കിലും വിശപ്പിന്റെ കാഠിന്യത്താൽ ആ കുഞ്ഞുങ്ങൾ ഓരോ ഉരുളയും ആർത്തിയോടെ മൈനാത്തയുടെ കണ്ണിലേക്ക് നോക്കി വിഴുങ്ങി.
ഒരു മാതാവിന്റെ കരുതൽ സ്പർശം അവർക്കു ചുറ്റും സുരക്ഷിത വലയം തീർത്തു.
ഒരിക്കൽ ഭർത്താവിന്റെ നാട്ടിൽ നിന്നും സ്വന്തം നാട്ടിൽ വന്ന സഹപാഠിയായ ചിരുത ചേച്ചി മൈനാത്തയെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഇങ്ങനെ ചോദിച്ചു.
-" മൈനേ..നെന്റെ മൂത്ത മോൻ ഇപ്പൊ എത്രെലാ പഠിക്കണെ.??
ചോദ്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് മൈനാത്ത ഇങ്ങനെ മൊഴിഞ്ഞു.
-" ഓനിപ്പോ ആറിലാ..!!
നാലിൽ പഠിക്കുന്ന റിസ്‌വാൻ ആറിലാണെന്ന് രണ്ടു വർഷം കൂട്ടിപ്പറഞ് മൈനാത്ത അഭിമാനത്തോടെ ചിരുത ചേച്ചിയുടെ മുന്നിൽ ഞെളിഞ്ഞു നിന്നു..!!
കാലംഎണ്ണയിട്ട ചക്ക്രം കണക്കെ ഉരുണ്ടു കൊണ്ടിരുന്നു.
മൈനാത്തയിൽ വാർദ്ധക്യം പെട്ടെന്ന് നരച്ചു കേറി.
രായിൻ മൊല്ലാക്കയിലും നരകൾ സഹചാരിയായി വന്നെങ്കിലും ആരോഗ്യത്തിനു കോട്ടമൊന്നും തട്ടിയില്ല. നിലവിലെ ഭാര്യയിൽ കുട്ടികളുണ്ടാവാത്തതിൽ മൊല്ലാക്ക ഉള്ളുകൊണ്ട് സന്തോഷിച്ചു. കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ ഇതും ഇട്ടെറിഞ്ഞു വേറെ മേച്ചിൽ പുറങ്ങൾ തേടിപ്പോകേണ്ടി വന്നേനെ..!!
അവസാനം..
മൈനാത്തയുടെ അത്യാസന്ന നിലയറിഞ്ഞ ബന്ധുക്കൾ ആ വീട്ടിലേക്ക് ഒഴുകി വന്നു.
ചുറ്റും കൂടി നിന്നവരുടെ മുഖങ്ങൾ തെളിഞ്ഞു കാണുന്നതിൽ നിന്നും വിലക്കാൻ അവരുടെ കണ്ണിൽ പാട മൂടിയിരുന്നു.
എങ്കിലും മൈനാത്തയുടെ ഉബോധമനസ്സ് ജാഗരൂകയായി നിലകൊണ്ടു.
വട്ടത്താടിയും തലയിൽ കെട്ടുമുള്ള ആ മുഖം കണ്ണിന്റെ കോണിന്റെ പരിസരത്ത് എവിടെയെങ്കിലും, കയ്യിൽ സംസം വെള്ളവുമായി തന്റെ ചുണ്ടിനു നേരെ വീണ്ടും വരികയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി.
പക്ഷെ യാത്ര പറഞ്ഞു പിരിഞ്ഞു പോവുന്ന മൈനാത്തയുടെ ആത്മാവ് മാത്രമേ അപ്പോൾ ചുറ്റും കൂടി നിന്നവരുടെ വിലാപത്തിന്റെ മർമരങ്ങൾ അറിഞ്ഞതുള്ളൂ.
ശരീരം അപ്പോഴേക്കും നിശ്ചലമായിരുന്നു..!!

Comments

  1. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം

    ReplyDelete

Post a Comment

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...