Skip to main content

മുയല്‍

മിനിക്കഥ 
ഞാനിന്നൊരു മുയലിനെ പിടിച്ചു. ഒരു ക്യാരറ്റിന്റെ കഷ്ണം കെണിയിൽ ഒരുക്കി വെച്ചാണ് ഞാൻ ആ സൂത്രപ്പണി ചെയ്തത്. ഏതായാലും എന്റെ കെണിയിൽ അവൻ കുടുങ്ങിയത്തിന്റെ അത്യാഹ്ലാദത്തിലാണ് ഞാൻ.
തെല്ലൊരഭിമാനത്തോടെ ഞാനതിന്റെ തുടിക്കുന്ന നെഞ്ചിലൂടെ എന്റെ കൈ ഇഴഞ്ഞു നീങ്ങുന്നേരം അതിന്റെ കുഞ്ഞു മുലക്കണ്ണുകൾ എന്റെ വിരലിൽ തൊട്ടു. ചൂണ്ടു വിരലിൽ പൊടിഞ്ഞ നനവിന് മുലപ്പാലിന്റെ മണം.
മനസ്സിൽ ഉറപ്പിച്ചു. ഇതൊരു പെണ്ണാണ്. അമ്മയും കൂടിയാണ്. പ്രസവിച്ചിട്ട് കുറച്ചു ദിവസമേ ആവാൻ വഴിയുള്ളൂ. ഈ അമ്മ തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അന്നം തേടി ഇറങ്ങിയതാവാം. ആ കുഞ്ഞുങ്ങൾ ഇപ്പോൾ തങ്ങളുടെ അമ്മയെ കാണാതെ നിലവിളിക്കുന്നുമുണ്ടാവാം.
ഓരോ പ്രലോഭനങ്ങൾക്ക് പിറകിലും ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടാവും. അതിനെ ബുദ്ധിപൂർവ്വം നേരിടുന്നവർ ജീവിതത്തിൽ വിജയിക്കും.
പക്ഷെ ഒരു ക്യാരറ്റിന്റെ പ്രലോഭനത്തിൽ വീണ ഈ അമ്മ മറ്റൊരു അമ്മയുടെ മുമ്പിൽ ഒരു ഇര മാത്രം..!
ചിന്തകൾ കാട് കേറുമ്പോൾ അങ്ങ് കുറച്ചപ്പുറത്തെ അടുക്കളയിൽ ഒരു കത്തി മൂർച്ച കൂടി വരുന്നുണ്ട്. മല്ലിയും മുളകും വരുത്തരച്ചതിന്റെ ഗന്ധം ആ പരിസരമാകെ പരക്കുന്നുമുണ്ട്. അടുക്കളയിലെ മുന്നൊരുക്കങ്ങളിൽ സജീവമായ വേറൊരമ്മ തന്റെ കുഞ്ഞുങ്ങളിൽ മുയലിറച്ചിയുടെ സ്വാദിന്റെ പക്കമേളം തീർക്കുന്നതിനുള്ള തിരക്കിനിടയിൽ വേട്ടയാടിയതിന്റെ പാപം യഥാർത്ഥത്തിൽ ഈ അടുക്കളയിൽ സാധൂകരിക്കപെടുകയാണ്.
അവിടെ സങ്കടത്തിന്റെ രോദനം..ഇവിടെ സന്തോഷത്തിന്റെ പെരുമഴ.
ഇരക്ക് പ്രണാമം..!
ഇരയുടെ കുഞ്ഞുങ്ങൾക്ക്
അഭിവാദ്യങ്ങൾ..!!
ലോകക്രമം നീണാൾ വാഴട്ടെ..!!!

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

ജേക്കബിന്‍റെ സ്വർഗ്ഗരാജ്യം

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   എന്‍റെ വീടിന്‍റെ തൊട്ടപ്പുറത്തായിരുന്നു അന്ന് കള്ള് ഷാപ്പ് സ്ഥിതി ചെയ്തിരുന്നത്. ഷാപ്പിൽ വൈകു ന്നേരമായാൽ സ്ഥിരമായി കുടിക്കാൻ വരുന്ന ചിലരുണ്ട്. പൊക്കൻ ചെള്ളി, കാരി കുഞ്ഞൻ, നെടുമ്പൻ ചന്ദ്രൻ.. ഇങ്ങിനെ പോവുന്നു ആ നീണ്ട നിര. പാടത്തു പണി യെടുത്തും, കൂലിപ്പണി ചെയ്തും നടന്നിരുന്ന സാധാരണക്കാരുടെ വൈകുന്നേരങ്ങൾ ഉല്ലാസപ്രദമാക്കാനുള്ള ആശ്രയമായിരുന്നു ഈ കള്ള് ഷാപ്പ്. വരുന്നവരെ മുഴുവൻ ഊട്ടാനുള്ള കള്ള് ചെത്താൻ മാത്രം തെങ്ങൊന്നും ഞങ്ങളുടെ നാട്ടിൽ ഇല്ലാത്തതു കൊണ്ട് അല്ലറ ചില്ലറ പൊടികളും, കുമ്പളങ്ങയും, പെട്ടെന്ന് തലയ്ക്കു കേറാൻ പാകത്തിന് എന്തൊക്കെയോ കൃത്രിമങ്ങളും ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം ഉന്മാദമാണ് അവിടെ വിളമ്പുന്നത് എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. വൈകുന്നേരമായാൽ പിന്നെ കുടിയും ബഹളവുമായി ഷാപ്പ് സജീവമാകും. ഇതിനെല്ലാം മൂകസാക്ഷിയായി ഒരു കാടൻപൂച്ച ഇവരുടെയൊക്കെ കാലിനിടയിൽ കൂടി, അവർ തിന്നു വലിച്ചെറിയുന്ന മീൻ മുള്ളും, കപ്പക്കഷ്ണവും തിന്ന് നടക്കുന്നുണ്ടാവും. ഇതിനിടയിൽ രാമൻ കുട്ടി ആശാരി അടിവയറും അമർത്തി പിടിച്ച് മുകളിലത്തെ കണ്ടത്തിലെ പൊന്തക്കാട...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...