Skip to main content

ജനന തിയ്യതി

ഓര്‍മ്മകള്‍ 
ചുളിവ് വീണ കയ്യിലെ, വളഞ്ഞു പുളഞ്ഞു പൊങ്ങി നിൽക്കുന്ന പച്ച നിറമുള്ള ഞരമ്പിനെ തലോടി ഉമ്മയോട് ചോദിച്ചു.
--' ങ്ങക്ക് പ്പോ എത്ര വയസ്സായി മ്മാ..?
--' അനയ്ക്ക് ഈ റബീഉൽ അവ്വൽ പന്ത്രണ്ടിന് (ആഗസ്റ്റ് 30) അയ്മ്പത് വയസ്സ് തികയും..
ഉമ്മ ഒന്ന് പറഞ്ഞു നിർത്തി..
എന്നിട്ടു എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും തുടർന്നു..
--' അന്റെ ഇപ്പ ഇഞ്ഞെ കെട്ടിയത് ഇഞ്ചെ പതിമൂന്നാമത്തെ വയസ്സില്..
ഞാൻ ഒന്ന് തല കുലുക്കിയപ്പോ ഉമ്മ വീണ്ടും തുടർന്നു.
--' അന്നെ പെറുമ്പോ (പ്രസവിക്കുമ്പോ) ഇച്ച് വയസ്സ് പതിനഞ്ച്..!! അപ്പൊ ഞ്ചെ വയസ്സ് എത്രയാ..? ഇജ്ജ് തന്നെ പറ..!!
ചോദ്യത്തിന് മറുപടിയായി ഉമ്മയിൽ നിന്നും തിരിച്ച് ഇങ്ങനെയുള്ള മറുചോദ്യങ്ങളാണ് എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
പക്ഷെ ഇത് കേൾക്കേ ഞാൻ എന്റെ ഇടങ്കയ്യിലെ തള്ളവിരൽ മുതൽ വലംകൈയിലെ ചെറുവിരൽ വരെ ഓരോന്ന് മടക്കി സൂക്ഷ്മതയോടെ കണക്ക് കൂട്ടി പറഞ്ഞു..
--' അപ്പൊ ങ്ങക്ക് അറുപത്തഞ്ച് വയസ്സായില്ലേ.!!
--' ങും'
ഒരു മൂളലായിരുന്നു ഉമ്മയിൽ നിന്നുള്ള മറുപടി.
ഉമ്മയോട് ആര് വയസ്സ് ചോദിച്ചാലും തന്റെ മക്കളുടെ വയസ്സിന്റെ കൂടെ താൻ പ്രസവിച്ച വർഷം ചേർത്തു പറഞ്ഞാണ് ഉമ്മ തന്റെ വയസ്സ് തിട്ടപ്പെടുത്തി മറ്റുള്ളവരോട് പറഞ്ഞിരുന്നത്.
ആണായും പെണ്ണായും ഒമ്പത് മക്കളെ പ്രസവിച്ച ഉമ്മാക്ക് തന്റെ മക്കളുടെ ജനന തിയ്യതികൾ മുഴുവൻ മനഃപാഠമാണ്.
കൂടാതെ എല്ലാം ഖുർആന്റെ ഏടുകളിൽ ഉമ്മ കുറിച്ച് വെച്ചിട്ടും ഉണ്ട്.
പക്ഷെ ഉമ്മാന്റെ ജന്മദിനം മാത്രം ആരും എഴുതി വെച്ചില്ല..!!
അത് കൊണ്ട് തന്നെ മക്കളുടെ വയസ്സിന്റെ കൂടെ കൂട്ടി കെട്ടുമ്പോൾ മാത്രം തെളിഞ്ഞു വരുന്നൊരു പ്രതിഭാസമായി ഉമ്മയുടെ വയസ്സ് നീണ്ടു നിവർന്നു നിന്നു.
റബീഉൽ അവ്വൽ 12 ആകുമ്പോൾ മൂത്ത മകനായ എനിക്ക് ഇത്ര വയസ്സായി എന്ന് കൃത്യമായി ഉമ്മയുടെ മനസ്സിൽ കുറിച്ചു വെച്ചിട്ടുണ്ട്.
എന്നാൽ എന്നെ സ്കൂളിൽ ചേർക്കാൻ നേരം എന്റെ ജനന തിയ്യതി ചോദിച്ച ഗോപാലൻ മാഷെ മുമ്പിൽ ഉപ്പ അന്ന് നിന്ന് പരുങ്ങി.
--' ദിവസോം മാസോം ഓർമ്മല്ല മാഷെ. കൊല്ലം ഓർമ്മണ്ട്. അത് പ്രകാരം ഓന് പ്പം അഞ്ച് വയസ്സായി.
ഉപ്പാന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ മാഷ് പിന്നെ കൂടുതലൊന്നും ആലോചിക്കാതെ സ്കൂളിൽ കുട്ടികളെ ചേർക്കുന്ന മെയ് മാസം തന്നെ എന്റെയും ജനന തിയ്യതിയാക്കി മാഷ് രജിസ്റ്ററിൽ പേര് ചേർത്തു.
31മെയ് 1967..!!
ഇതായിരുന്നു ഗോപാലൻ മാഷ്‌ അന്ന് എനിക്ക് പതിച്ചു തന്ന എന്റെ സ്വന്തം ജനന തിയ്യതി..!!
പിന്നീട് പത്താം ക്ലാസ്സിൽ നിന്നും പിരിയാൻ നേരം S.S.L.C. ബുക്ക് വാങ്ങി നോക്കുമ്പോഴാണ്, അന്ന് ഗോപാലൻ മാഷെ മുമ്പിൽ മക്കളുടെ ജനന തിയ്യതി കൃത്യമായി പറയാൻ അറിയാതെ നിസ്സഹായരായി പരുങ്ങി നിന്ന രക്ഷിതാക്കളെ മക്കളുടെയെല്ലാം ജനന തിയ്യതി മാഷ്‌ മെയ് 31 ആക്കിയിരുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കുന്നത്..!!
അങ്ങനെ എല്ലാവരുടെയും കൂട്ടത്തിൽ ഗോപാലൻ മാഷ് എന്നെയും മെയ് മാസത്തിൽ ജനിച്ചവനായിട്ട് എന്നന്നേക്കുമായി തെറ്റായി രേഖപ്പെടുത്തി.
പിന്നീട് അത് തിരുത്താനും മിനക്കെട്ടില്ല.
ഉമ്മാന്റെ മനസ്സിൽ കുറിച്ചു വെച്ച റബീഉൽ അവ്വൽ പന്ത്രണ്ടും, ആഗസ്റ്റ് മാസവും പിന്നീട് ഉമ്മാന്റെ മനസ്സിലും ഖുറാന്റെ ഏടിലും മാത്രം ഒതുങ്ങി കൂടി. പിന്നീടത് ഓർമയായി..
എല്ലാവരുടെയും വിസ്മൃതിയിലാണ്ടു.
ഔദ്യോഗികമായി ഗോപാലൻ മാഷെ ജനന തിയ്യതി പിന്നീട് രേഖകളിലൊക്കെ സ്ഥാനം പിടിച്ചു.
എന്നാൽ പരീക്ഷക്ക് വാസ്കോ ഡ ഗാമ കാപ്പാട് ഇറങ്ങിയ വർഷവും, ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷവും, വാഗൺ ട്രാജഡി ഏത് വർഷത്തിലാണ് നടന്നത് എന്നീ ചോദ്യങ്ങൾക്കു മുമ്പിൽ അന്ന് കുന്തം വിഴുങ്ങിയത് പോലെ പകച്ച് നിന്നത് കാരണം S.S.L.C. ബുക്കിൽ, ഹിസ്റ്ററിയിൽ മാർക്ക് വളരെ ശോഷിച്ചാണ് രേഖപ്പെടുത്തിയിരുന്നത്.
പക്ഷെ സ്വന്തം ജനന തിയ്യതി മാത്രം അന്ന് തന്നെ മനഃപാഠമാക്കി വെച്ചു.
ഇന്ന് ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പലരുടെയും മുമ്പിൽ ജനന തിയ്യതി കാണാതെ പറയുമ്പോഴും, വർഷത്തിൽ വരുന്ന ജന്മദിനം കുടുംബവുമായി ആഘോഷിക്കുമ്പോഴും ജനിച്ച ദിവസം രേഖപ്പെടുത്തിയതിലെ ആ 'പിശക് ' വേദനയോടെ ഇപ്പോഴും മുഴച്ച് നിൽക്കാറുണ്ട്.

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...