Skip to main content

പ്രണയം

മിനിക്കഥ 
ശൈലജ ടീച്ചർ ബോർഡിൽ അന്ന് കോറിയിട്ട ചോക്ക് കൊണ്ടുള്ള മുഴുവൻ വരികളും ഒരു ദയയുമില്ലാതെ കണക്ക് മാഷ് തന്റെ ഊഴമെത്തിയപ്പോൾ ഡസ്റ്റര് കൊണ്ട് മായ്ക്കും നേരം താഴേക്ക് ഊർന്നു വീണത് 'പരാഗണം'എന്ന വിഷയത്തിൽ ടീച്ചർ അന്ന് എടുത്ത ചൂടുള്ള ക്ലാസ്സിലെ വരികളായിരുന്നു.
പുതിയ സമവാക്യങ്ങളും, കൂട്ടലും കിഴിക്കലുമായി പിന്നീടുള്ള മാധവൻ മാഷെ ഊഴമായാൽ പിന്നെ കയ്യിലെ ചോക്കും ബോർഡും തമ്മിൽ ഒരു യുദ്ധസമാനമായ പ്രതീതിയായിരിക്കും ക്ലാസ് തീരുന്നതു വരെ.
ഇതിനിടയിൽ റോക്കറ്റ് വിട്ടത് പോലെ മാഷെ കയ്യിലെ ചോക്കുകൾ ബാക്ക് ബെഞ്ചിലേക്കും അപൂർവ്വം ചില നേരത്ത് പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കും ചീറിപ്പായും.
മുജീബ് മാഷെ ഹിസ്റ്ററി ക്ലാസ്സിന്റെ ആഗമനത്തോടെ ബോർഡിൽ അവശേഷിക്കുന്ന മാധവൻ മാഷെ കണക്കുകളേയും ഡസ്റ്റർ ഒപ്പിയെടുക്കും. ബാക്കി വരുന്നത് ചോക്ക് പൊടിയായി താഴത്തേക്ക് ഊർന്നു വീഴും.
അധ്യാപകരും അവരുടെ വിഷയങ്ങളും മാറി മാറി വന്നും പോയുമിരിക്കുമ്പോഴും ഒരിക്കലും മായാതെ കിടക്കുന്ന ചിലതുണ്ടായിരിക്കും സ്കൂളിന്റെ മൂത്രപ്പുരയിലെ ചുമരിലും അരമതിലിലും മറ്റും.
കാലവും പ്രകൃതിയും എത്ര മായ്ക്കാൻ ശ്രമിച്ചാലും ആ പേരുകൾ അല്പം മങ്ങിയിട്ടാണെങ്കിലും മധുരിക്കുന്ന ഓർമകളായി അങ്ങനെ തെളിഞ്ഞു നിൽക്കും.
സ്വന്തം പേരിന്റെ കൂടെ കൂട്ടണം എന്ന ചിഹ്നത്തോടൊപ്പം മനസ്സിൽ പ്രണയം തോന്നിയ പേരുകൂടി ചേർത്ത് കോറിവെച്ച വരികളും, അനായാസം വരയ്ക്കാൻ പഠിച്ച ഹൃദയവും അതിനെ തുളച്ച് ചരിഞ്ഞു പോവുന്ന അമ്പും പായൽ പിടിച്ചു നിൽപ്പുണ്ട് വിദ്യാലയത്തിലെ ഓരോ മുക്കിലും മൂലയിലും.
അതേ മതിലിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ മറ്റെല്ലാം മറന്ന് അകക്കണ്ണ് തുറന്നു വെച്ച്, കൗമാരവും പ്രകൃതിയും കോറിയിട്ട പോറലുകളെ ഒരു ക്യാൻവാസിലെ ചിത്രമായി കാണാൻ ശ്രമിച്ചാൽ തെളിഞ്ഞു വരുന്നത് വാൻഗോഗിനെയോ, പിക്കാസോയെയോ, എന്തിനേറെ നമ്പൂതിരിയുടെ രേഖാചിത്രങ്ങളെ പോലും കവച്ചു വെക്കുന്ന കാഴ്ചകളുടെ കൊയ്ത്തുത്സവം തന്നെ ആയിരിക്കും തെളിഞ്ഞു വരുന്നത്.
സുഹാസിനി ടീച്ചറുടെ പനങ്കുല പോലത്തെ മുടിയിൽ കുത്തിവെച്ച തുളസിയെ തലോടി മുടിയുടെ അറ്റത്ത് താഴെ വീഴാൻ വിതുമ്പി നിൽക്കുന്ന വെള്ളത്തുള്ളിയും, വിത്സൺ മാഷെ പിറകിൽ ഒളിപ്പിച്ചു വെച്ച ചൂരലുമായി അടുത്തുകൂടെ ഉലാത്തുമ്പോൾ, അകമ്പടിയായി മൂക്കിലൂടെ തുളച്ചു കേറുന്ന പോണ്ട്സ് പൗഡറിന്റെ പരിമളത്തിനുമിടയിൽ, നിലാവ് പോലെ മിന്നിമറയുന്ന തട്ടത്തിനിടയിലൂടെ നാട്യങ്ങളില്ലാതെ എറിഞ്ഞു തന്ന പ്രണയമായിരുന്നു മനസിലെന്നും മായാതെ കിടക്കുന്ന, ഒരു ചോക്കിനും മായ്ക്കാൻ കഴിയാത്ത കുളിരോർമകളായി അവശേഷിച്ചത്.

Comments

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...