Skip to main content

കാത് കുത്ത്

കഥ

അടുക്കളയിൽ നിന്നും മിക്സിയുടെ മൂളൽ ചെവിയിലേക്ക് തുരന്നു കേറിയപ്പോൾ ഗൾഫിലെ റൂമിലാണെന്നു കരുതി ഉറക്കത്തിൽ കൈ അറിയാതെ അലാറത്തെ തപ്പുകയായിരുന്നു ഫൈസൽ.
കണ്ണ് തുറന്നപ്പോൾ മോള് വിരൽ വായിലിട്ട് സുഖനിദ്രയിലാണ്.
നാട്ടിലാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഒരാഴ്ചയെങ്കിലും പിടിക്കുമെന്നോർത്ത് ഫൈസൽ അങ്ങിനെ കിടന്നു.
ദോശയുടെ മണം ഇങ്ങു റൂമിലേക്ക് അരിച്ചു കേറിയപ്പോഴേ മനസ്സിലായി മിക്സിയിൽ കിടന്ന് ആരയുന്നത് ചട്ടിനിക്കുള്ള തേങ്ങയാണെന്ന്.
ഓർമകളെ മേയാൻ വിട്ട്, കിടക്കയിൽ നിന്നും എണീക്കാൻ മടിച്ച് അങ്ങിനെ കിടക്കുമ്പോൾ അടുത്ത് കിടന്നിരുന്ന മോളുടെ കരച്ചിൽ വീണ്ടും ഫൈസലിന്‍റെ  ഓർമകൾക്ക് ഭംഗം വരുത്തി.
മോളെ പ്രസവിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് പതിവ് ഫോൺ സല്ലാപത്തിനിടെ ഭാര്യ സുലു അക്കാര്യം അവനോട് പറഞ്ഞത്.
-" മോളെ കാത് കുത്തണം. ചടങ്ങിന് നിർബന്ധമായിട്ടും നിങ്ങളുണ്ടാവണം..!!
പിന്നെ ഒന്നും ആലോചിച്ചില്ല. പ്രസവ സമയത്ത് നാട്ടിൽ എത്താൻ കഴിയാത്തതിന്‍റെ കടം സുലുവിനോട് വീട്ടാൻ എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു ഫൈസൽ.
കാലിട്ടടിച്ച് കരയുന്ന മോളെ ശബ്ദം ഉച്ചത്തിലായപ്പോൾ, സിറ്റൗട്ടിൽ പത്ര പാരായണത്തിൽ മുഴുകിയ അവന്‍റെ ഉമ്മ വിളിച്ചു പറഞ്ഞു.
-" ഇത്തരീം കാലം തള്ളീം മകളും ഒറ്റയ്ക്ക് കഴിഞ്ഞോടത്ത്ക്ക് പെട്ടെന്ന് ഒരാള് കേറിവന്നത് പിടിച്ചു കാണൂല. അയിന്‍റെ ദേഷ്യായിരിക്കും മോൾക്ക്..!!
ഉമ്മ അത് പറഞ്ഞപ്പോൾ അടുക്കളയിൽ ദോശ ചുടുന്ന സുലൂന്‍റെ മുഖത്തെ നുണക്കുഴി ഒന്നു കൂടെ തെളിഞ്ഞു വന്നതോടൊപ്പം ആ മുഖത്ത് ഒരു ചുഴി തന്നെ രൂപപ്പെട്ടു.
സുലു തന്ന ചായയുമായി സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുന്ന ഉമ്മയുടെ അരികിലേക്ക് ഫൈസൽ ചെന്നു.
ഇന്നലെ ആരൊക്കെ മരിച്ചു എന്നറിയാൻ ചരമ കോളത്തിൽ അരിച്ചു പെറുക്കുകയാണ് ഉമ്മ. അല്ലെങ്കിലും ഉമ്മാക്ക് വയസ്സ് കൂടി വരും തോറും ഇത്തരം കാര്യങ്ങളിലാണ് കൂടുതലും ശ്രദ്ധ.
ഉമ്മയുടെ അടുത്ത് തന്നെ ഒരു കസേര വലിച്ചിട്ട് ഫൈസൽ ഇരുന്നു.
ചരമ കോളത്തിൽ നിന്നും മുഖമുയർത്തി ഉമ്മ അവന്‍റെ നേരെ നോക്കി.
പിന്നെ ഗൗരവത്തിൽ ഒരു പ്രസ്താവനയും നടത്തി.
-" ജ്വല്ലറീക്കൊന്നും കുട്ടിനെ കൊണ്ട്വോണ്ട. ഓളെ കാത് തട്ടാൻ കുട്ടൻ തന്നെ കുത്ത്യാ മതി..!!
തട്ടാൻ കുട്ടന്‍റെ പേര് ഉമ്മാന്‍റെ വായിൽ നിന്ന് വീണതും അവന്റെ അടിവയറ്റിൽ നിന്നും ഒരു കാളലും, ഒപ്പം ഒരു എരിച്ചിലും ഒരുമിച്ചു ഉരുണ്ടു കൂടി..!!
ജീവിതത്തിൽ ഇന്നുവരെ ഉമ്മാനെ അനുസരിക്കുകയല്ലാതെ മറുത്തൊന്നും പറഞ്ഞു ശീലമില്ലാത്തതു കൊണ്ട് ഉമ്മാന്‍റെ ഈ പ്രസ്താവനക്ക് മുമ്പിൽ അവൻ തളർന്നിരുന്നു.
ഫൈസലിന്‍റെ നിഴല് കണ്ടാൽ കൊല്ലാൻ നടക്കുന്ന കുട്ടേട്ടന്‍റെ അടുത്ത് തന്നെ മോളെ കാത്  കുത്താൻ കൊണ്ട് പോവുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ അവന് അടിമുടി വിയർക്കാൻ തുടങ്ങി. വന്ന പരവേശം ഉമ്മയെ കാണിക്കാതെ അവൻ അടുക്കള ഭാഗത്തേക്ക് ഉൾവലിഞ്ഞു.
കല്യാണം കഴിഞ്ഞിട്ട് ആദ്യം കാണുന്ന പോലെ, ഫൈസലിനെ കണ്ടപ്പോൾ സുലു വാതിലിന്‍റെ മറവിലേക്ക് മാറി നാണിച്ചു നിന്നു.
കട്ടിലിൽ ഒറ്റക്കായപ്പൊ മോള് കരച്ചിൽ നിർത്തി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
ഫൈസലിന്‍റെ ഓർമ്മകൾ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി.
ചിന്തകളും, മനസ്സും, സമയവും മൊബൈൽ സ്‌ക്രീനിന്‍റെ വെള്ളിവെളിച്ചത്തിൽ വിരലുകൊണ്ട് തോണ്ടിക്കളിച്ച് സമയം പാഴാക്കുന്ന ഇന്നത്തെ തലമുറയെ അപേക്ഷിച്ച്, അന്നത്തെ കൗമാരം, കഥ, കവിത , രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തുമൊക്കെയാണ് സായാഹ്നങ്ങളെ, സർഗാത്മകവും സജീവവുമാക്കിയിരുന്നത്.
വിവിധ രാഷ്ട്രീയ ആദർശങ്ങൾ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇന്നത്തെ പോലെ വ്യക്തിഹത്യയിലേക്കും മറ്റും ഒരിക്കലും അത് വഴിമാറിയിരുന്നില്ല. ആരോഗ്യകരമായ സംവാദങ്ങൾ അന്ന് നടന്നതിനുള്ള പ്രധാന കാരണം അന്നത്തെ പരന്ന വായനാ ശീലം തന്നെയായിരുന്നു.
അങ്ങാടിയിൽ നിന്നും കുറച്ചു മാറി വിശാലമായ വയലിനോട് ചേർന്ന് നിൽക്കുന്ന ഓവുപാലത്തിന്‍റെ ഓരം ചേർന്നുള്ള ഒരു തറയിലാണ് അന്ന് ഫൈസൽ കൂട്ടുകാരോടൊപ്പം കാറ്റും കൊണ്ടിരുന്ന് സൊറ പറഞ്ഞിരുന്ന് സമയം കളഞ്ഞിരുന്നത്.
തറയിൽ ഇരുന്നാൽ തൊട്ടു മുമ്പിൽ ഒരു കിടങ്ങാണ്. അതിലൂടെ വെള്ളമൊഴുകുന്നതിന്‍റെ നേർത്ത ശബ്ദം എപ്പോഴും കേൾക്കാം.
സന്ധ്യയായിക്കഴിഞ്ഞാൽ കുറച്ചു ദൂരെ ഉയരത്തിൽ നിൽക്കുന്ന കള്ള് ഷാപ്പിൽ നിന്നും കുട്ടേട്ടന്‍റെയും സംഘത്തിന്‍റെയും ഉച്ചത്തിലുള്ള അട്ടഹാസങ്ങളും, പാട്ടും കൂത്തും ഒക്കെ കേൾക്കാം.
കൂട്ടത്തിൽ എൻ.എസ്.എസ്. കോളേജിലെ പ്യൂണായ ജോസച്ചായന്‍റെ ശ്വാസം മുട്ടിയുള്ള പാട്ടും സ്ഥിരമായി കേൾക്കുന്നതാണ്.
കോളേജിലെ ലാബിൽ നിന്നും സ്പിരിറ്റ് സ്ഥിരമായി കട്ടുകുടിച്ച് ഒരു അസ്ഥികൂടത്തിനു മുകളിൽ തോല് ചുറ്റിയ മാതിരി ആയിട്ടുണ്ട് ജോസച്ചായന്‍റെ ശരീരം. ശ്വാസം പോലും നേരാം വണ്ണം വിടാൻ കഴിവില്ലെങ്കിലും ജോസച്ചായന്‍റെ സ്ഥിരം പാട്ട് മുറിഞ്ഞു മുറിഞ്ഞാണെങ്കിലും കള്ള് ഷാപ്പിൽ നിന്നും നേർത്ത് കേൾക്കാം..!!
അത് ഇങ്ങനെ..
-" പിതാവേ....ഈ.. പാന.. പാത്രം.. തിരിച്ചെടുക്കേണമേ..!!
അങ്ങനെയിരിക്കെ ഒരു ദിവസം ജോസച്ചായനെന്ന പാനപാത്രത്തെ കള്ള് ഷാപ്പിൽ വെച്ചു തന്നെ പിതാവ് മുകളിലോട്ട് വിളിച്ചു..!!
സ്വർണപ്പണിയിലുള്ള തന്‍റെപ്രാവിണ്യം കൊണ്ട് നാട്ടിൽ നല്ല പേരെടുത്ത തട്ടാനാണ് കുട്ടേട്ടൻ. കുട്ടേട്ടന്‍റെ കരവിരുതിൽ രൂപം കൊണ്ട ആഭരണങ്ങൾ ധരിച്ച , പൊതുവെ സുന്ദരികളായ ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾക്ക്‌ ഒന്നുകൂടെ മൊഞ്ചും, മാറ്റും കൂടി..!!
എന്നാൽ രാവിലെ തുടങ്ങുന്ന ഈ കള്ളുകുടി രാത്രി ഷാപ്പടക്കുന്നതു വരെ നീളുന്നത് കാരണം കുട്ടേട്ടനെ പതുക്കെ നാട്ടുകാർ തഴയാൻ തുടങ്ങിയിരുന്നു.
രാത്രി ഒരുപാട് വൈകിയും ഫൈസലും കൂട്ടുകാരും സൊറ പറഞ്ഞിരിക്കുമ്പോഴാണ് കള്ള് ഷാപ്പിൽ നിന്നും ആടിയാടി ഇരുട്ടത്ത് മുന്നോട്ട് നടക്കാൻ കണ്ണ് കാണാതെ വിഷമിച്ചു നിൽക്കുന്ന കുട്ടേട്ടന്‍റെ രൂപം മുന്നിൽ നിൽക്കുന്നത് കണ്ടത്.
പാതി രാത്രിയായാൽ തെങ്ങിൽ നിന്നും തേങ്ങ മോഷ്ടിച്ചും, കള്ള്ഷാപ്പിന്‍റെ ബോർഡെടുത്ത് റേഷൻ ഷാപ്പിലും, റേഷൻ ഷാപ്പിന്‍റെ ബോർഡെടുത്ത് കള്ള് ഷാപ്പിലും കൊണ്ട് വെച്ച് നാട്ടില്‍ പല വിപ്ലവങ്ങളും നടത്തിയിട്ടുള്ള അവരിൽ പെട്ടെന്ന് ഒരു കുസൃതി തോന്നി..
കുട്ടേട്ടനെ മനപ്പൂർവം കിടങ്ങിൽ ചാടിക്കണം എന്ന ഉദ്ദേശത്തോടെ കുട്ടേട്ടന്‍റെ കാലിനടിയിലേക്കു ഫൈസൽ ടോർച്ച് നിർത്താതെ അടിച്ചു കൊടുത്തു. എന്നിട്ട് ആ വെളിച്ചം പതുക്കെ മുന്നോട്ടു വരുന്നതിനനുസരിച്ച്... ആ വെളിച്ചത്തെ പിന്തുടർന്ന്... താൻ കിടങ്ങിന് നേരെയാണ് വരുന്നത് എന്ന് അറിയാതെ കുട്ടേട്ടൻ മുന്നോട്ട് നടന്നു...
കിടങ്ങിന്‍റെ അടുത്തുവരെ കൊണ്ട് വന്ന ശേഷം പെട്ടെന്ന് ടോർച്ചിന്‍റെ ലൈറ്റ് അണച്ചതും കുട്ടേട്ടൻ നേരെ കാലെടുത്തു വെച്ചത് കിടങ്ങിലേക്കായതും ഒരുമിച്ചായിരുന്നു.
മൂക്കും കുത്തി വീണ കുട്ടേട്ടന്‍റെ തലയിടിച്ചതു കാരണം ചോര വാർന്നു ആ കിടങ്ങിൽ തന്നെ കമിഴ്ന്നു കിടന്നു... ലഹരി ഇറങ്ങുന്നത് വരെ..!!
സംഗതി പന്തിയല്ല എന്ന് തോന്നിയ ആ നിമിഷം അവിടെ നിന്നും ഫൈസൽ പെട്ടെന്ന് മുങ്ങി.
പിറ്റേ ദിവസം നാട്ടുകാർക്കിടയിൽ ഒരു വലിയ തമാശക്കഥയായി ഇത് പ്രചരിക്കുമ്പോഴും ഇതിലെ വില്ലൻ ഫൈസലാണ് എന്ന് അറിഞ്ഞത് മുതൽ കുട്ടേട്ടൻ അവന്‍റെ ജീവനു വേണ്ടിയുള്ള അലച്ചിൽ തുടങ്ങിയിരുന്നു.
ലഹരി തലയ്ക്കു പിടിച്ചാൽ കുട്ടേട്ടന് ഫൈസലിന്‍റെ രൂപം ഓർമയിൽ വരും. പിന്നെ അവനെ തിരഞ്ഞു അങ്ങാടി മുഴുവൻ അരിച്ചു പെറുക്കും. ഇതറിഞ്ഞ അവൻ ഒരിക്കലും കുട്ടേട്ടന്‍റെ മുന്നിൽ പെടാതെ മാറി നടന്നു.
പിന്നീട് നാല് വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിൽ വന്ന് കല്യാണം കഴിച്ചപ്പോഴും കുട്ടേട്ടന്‍റെ മുന്നിൽ പെടാതെ ഫൈസൽ ഒഴിഞ്ഞു മാറി നടന്നിരുന്നതാണ്.
എന്നാൽ ഉമ്മാന്‍റെ ഈ തീരുമാനത്തിന് മുമ്പിൽ അവസാനം എന്ത് ചെയ്യണമെന്നറിയാതെ ഫൈസലിന് അടിപതറി.
സുലു ഉണ്ടാക്കിയ ദോശയും ചട്ടിണിയും സ്വാദോടെ കഴിക്കുമ്പോൾ, സുലു കുഞ്ഞിനെ ഒരുക്കുന്ന തിരക്കിലായിരുന്നു.
ഉമ്മ ഒരുങ്ങിക്കഴിഞ്ഞു. സുലു കയ്യിലുള്ള കമ്മലും ചങ്കീരിയും ഉമ്മാനെ ഏൽപ്പിച്ചു. കുട്ടേട്ടന് കൈനീട്ടം കൊടുക്കാനുള്ള പൈസ ഫൈസലിന്റെ കയ്യിൽ നിന്നും വാങ്ങി ഉമ്മ മടിയിലെ കോന്തലയിൽ കെട്ടിവെച്ചു.
മോളെ തോളിലിട്ട് പടിയിറങ്ങുമ്പോൾ ഫൈസലിന്‍റെ നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. പക്ഷെ ആ ഭയം ഉമ്മാനെ പരമാവധി കാണിക്കാതിരിക്കാൻ അവൻ ശ്രമിച്ചു.
സുലു ഫൈസലിന്‍റെ തോളിൽ കിടക്കുന്ന മോളോട് എന്തൊക്കെയോ ആംഗ്യ ഭാഷയിൽ സംസാരിച്ചു കൊണ്ട് അവന്‍റെ പിറകെ നടന്നു.
കുട്ടേട്ടന്‍റെ വീടിന്‍റെ ചായ്പ്പിൽ എത്തിയപ്പോൾ കുട്ടേട്ടൻ പുറത്തേക്കു ഇറങ്ങി വന്നു. കണ്ട പാടെ ഉമ്മ പറഞ്ഞു.
-" കുട്ടാ .. ഫൈസൂന്‍റെ കുട്ട്യാ ഇത്.. ഓളെ കാത് ഇജ്ജ് തന്നെ കുത്തണം ന്നു ഞമ്മക്ക് ഒരേ നിർബന്ധം..!!
ലഹരിയിൽ നിന്നൊക്കെ മുക്തനായി ശാന്തമായ മുഖത്തോടെ നിൽക്കുന്ന കുട്ടേട്ടൻ ഫൈസലിന്‍റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ കുട്ടേട്ടന്‍റെ മുഖത്തു വാത്സല്യത്തിന്റെ മിന്നലാട്ടം അവൻ കണ്ടു.
അവന്‍റെ നേരെ കൈ നീട്ടി കുട്ടേട്ടൻ കുഞ്ഞിനെ വാങ്ങി. ഉമ്മ കൊടുത്ത കമ്മലിന്‍റെ കൂടെയുള്ള സ്വർണ്ണച്ചങ്കീരി മോളെ കുഞ്ഞിക്കാതിൽ പതുക്കെ അമർന്നു. ചിരിച്ചു കൊണ്ടിരുന്ന മോളുടെ ചുണ്ടുകൾ കൂർത്തു വന്ന് പെട്ടെന്ന് ഒരു കരച്ചിലായി തിമർത്തു പെയ്തു.
അപ്പോൾ ഒരു മുത്തച്ഛന്‍റെ കരുതലോടെ കുട്ടേട്ടൻ കുഞ്ഞിനെ ചേർത്തു പിടിച്ചു. ആ കരുതലിൽ അവന്‍റെ കുഞ്ഞു കുട്ടേട്ടനെ നോക്കി പുഞ്ചിരിച്ചു.. കണ്ണിൽ ഒരു കുടം വെള്ളം നിറച്ച പാൽപുഞ്ചിരി.
കുട്ടേട്ടന്‍റെ കയ്യൊപ്പ് പതിഞ്ഞ ഫൈസലിന്‍റെ കുഞ്ഞിന്‍റെ കാതിൽ ആ സ്വർണ്ണക്കമ്മൽ കിടന്നാടിയപ്പോൾ അവന്‍റെ കുഞ്ഞും ഞങ്ങളുടെ നാട്ടിലെ സുന്ദരികളുടെ ലിസ്റ്റിൽ പേര് ചേർക്കപ്പെടുകയായിരുന്നു.
ഉമ്മയിൽ നിന്നും കൈനീട്ടം ഏറ്റുവാങ്ങിയ കുട്ടേട്ടന്‍റെ കണ്ണിന്‍റെ കോണിൽ എവിടെയോ ഒരിറ്റു കണ്ണീർ അലസമായി കിടക്കുന്നതും അവൻ കണ്ടു.

Comments

  1. താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം

    ReplyDelete

Post a Comment

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...