Skip to main content

കൊച്ചൂന്റെ കള്ളത്തരങ്ങൾ

മിനിക്കഥ 
-" ങ്ങള് സ്കൂളിൽ പോകാതെ പുതുക്കോട്ട് കുളത്തിൽ ചാടിയതിന്റെയും, ഉമ്മ കാണാതെ അണ്ടി പെറുക്കി വിറ്റ് സിനിമക്ക് പോയതിന്റെയും കഥകൾ ഫേസ് ബുക്കിലൂടെ എഴുതി മക്കളെയും നാട്ടുകാരെയും അറിയിച്ച് അവിടെ ഗൾഫിൽ ഇരുന്നോളീ.. മകൻ ഇവിടെ ങ്ങൾക്ക് പഠിക്കാൻ തുടങ്ങീട്ടുണ്ട് ..!! "
രാവിലെ ഉണർന്ന പാടെ "ന്താ വർത്താനം" എന്ന സ്ഥിരം ചോദ്യം ഫോണിലൂടെ അങ്ങോട്ട് ആവർത്തിക്കുന്നതിനു മുമ്പേ മോൻ കൊച്ചൂന്റെ ഉമ്മ സുലൂന്റെ പരാതിക്കെട്ടുകൾ ഇങ്ങോട്ട് വന്ന് ചെവിയിൽ വീണ് ചിതറി.
-"അയ്നിപ്പം ന്താ ണ്ടായത് സുലോ ?
എന്റെ മോൻ പിന്നെ എനിക്കല്ലാതെ വേറെ ആർക്കെങ്കിലും പഠിക്കുമോ എന്റെ സുലോ എന്ന് പറയാനാണ് വന്നതെങ്കിലും തൽക്കാലം സംയമനം പാലിക്കുന്നതാണ് ബുദ്ധിയെന്ന് സുലൂന്റെ ശബ്ദത്തിൽ നിന്നും മനസ്സിലായി.
കാരണം സുലു നല്ല ദേഷ്യത്തിലായിരുന്നു..!!
-" ആയ്ചയിൽ ഒരീസം എന്ന് പറഞ്ഞ മാതിരി കൊച്ചൂന് ഉസ്കൂളിൽ പോകാൻ ഒരു കള്ളത്തരം കുടുങ്ങീക്ക്ണ്.. എന്ത് ചെയ്തിട്ടും കാര്യല്ല. എത്ര അടിച്ചാലും കണ്ണിലേക്കു നോക്കി അങ്ങനെ കരയും. ന്നാലും ഉസ്കൂളിൽ പോകൂല.. എന്നിട്ട് ഇന്ന് ഓൻ എന്നോട് പറഞ്ഞ മറുപടി കേക്കണോ ങ്ങൾക്ക് ..?? "
ദേഷ്യത്തോടെയും സങ്കടത്തോടെയും ഉള്ള സുലൂന്റെ ചോദ്യത്തിന് മുമ്പിൽ പതറാതെ, ആകാംഷയോടെ ഞാൻ ചോദിച്ചു.
-" എന്താ സുലു കൊച്ചു പറഞ്ഞത്..??
കേൾക്കട്ടെ..!! "
-" ഉപ്പ പഠിക്കുന്ന കാലത്ത് സ്കൂളിൽ പോകാതെ ഭയങ്കര കള്ളത്തരമായിരുന്നെല്ലോന്ന്..!! "
ഇത് പറയുമ്പോൾ സുലൂന്റെ സ്വരത്തിലും ഒരു പരിഹാസത്തിന്റെ ചുവ എനിക്ക് നന്നായി ഫീൽ ചെയ്തു. പക്ഷെ അത് ഞാൻ പുറത്ത് കാണിച്ചില്ല.
പതിവുപോലെ ഫോൺ കൊച്ചൂന് കൊടുക്കൂ എന്ന സ്ഥിരം പല്ലവി ആവർത്തിക്കാൻ ഇപ്രാവശ്യം തോന്നിയില്ല. വേഗം ഫോൺ കട്ട് ചെയ്തു.
നന്നായി പഠിക്കുന്നില്ലേ..??
ഹോം വർക്ക് ചെയ്തോ..??
എക്സാം എന്നാണ്..??
നല്ല മാർക്ക് വാങ്ങില്ലേ..??
എന്നിങ്ങനെയുള്ള സ്ഥിരം ചോദ്യങ്ങളല്ലാതെ, അവന്റെ ഈ പ്രായത്തിൽ ഒരു ഉപ്പയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കുശലന്വേഷണവും തന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെല്ലോ എന്ന ചിന്ത വൈകിയാണെങ്കിലും ഇപ്പോഴാണ് തിരിച്ചറിവുണ്ടാക്കിയത്.
ഒരുപിതാവിന്റെ ഭാഗം അഭിനയിച്ചു തീർക്കുന്നതിനിടയിൽ പലർക്കും പറ്റാവുന്ന ഒരു വീഴ്ച..!!
* നമ്മുടെ ഉപദേശങ്ങളെയല്ല മറിച്ച് ചെയ്തികളെയാണ് നമ്മുടെ മക്കൾ അനുകരിക്കുക * എന്ന ആപ്തവാക്യം ഒരിക്കൽ കൂടി ഇവിടെ അർത്ഥവത്താവുകയായിരുന്നു.

Comments

  1. താങ്കളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്താം

    ReplyDelete

Post a Comment

Popular posts from this blog

ആശ്വാസമാകുന്ന മന്ത്രങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ ഉണക്കമുളകും കല്ലുപ്പും ചേർത്ത് വാഴയിലയിൽ ഓലപ്പടക്കം പോലെ പൊതിഞ് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടി പിടിച്ച് തനിക്ക് അഭിമുഖമായി ഉമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞിന്റെ മൂർദ്ദാവിനു മുകളിൽ പല തവണയായി വൃത്തം വരച്ച് താഴോട്ട് ഉഴിയുമ്പോൾ കദിയാത്താന്റെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. ചുണ്ടിൽ ശൂ..ഫാ..എന്നൊരു അശരീരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം ഇതിങ്ങനെ ആവർത്തിച്ചതിനു ശേഷം കദിയാത്ത ഇരുന്ന പലകയിൽ നിന്നും മൂട് തട്ടി എണീറ്റ് അടുക്കളയിലേക്ക് നേരെ വെച്ച് പിടിച്ചു. ഒരു നിമിഷം ആ കുട്ടിയെ മന്ത്രിച്ച് ഉഴിഞ്ഞ ഉപ്പും മുളകും കൊണ്ട് പൊതിഞ്ഞ ആ പൊതി നെഞ്ചോടു ചേർത്ത് പിടിച്ചു കണ്ണുകളടച്ചു എന്തെല്ലാമോ മന്ത്രിച്ച് ചൊല്ലിയതിനു ശേഷം അടുപ്പിലെ കത്തിക്കൊണ്ടിരിക്കുന്ന കനലിലേക്ക് ഒറ്റ ഏറു കൊടുത്തു. കനലിൽ കത്തിക്കരിഞ്ഞ മുളകിന്റെ രൂക്ഷഗന്ധം മൂക്കിനുള്ളിലേക്കു അരിച്ചു കേറിയപ്പോൾ തന്നെ കദിയാത്തയും കൂടെയുള്ള ഉമ്മയും കുഞ്ഞും നിന്ന് തുമ്മാൻ തുടങ്ങി. ഉടനെ കദിയാത്ത പ്രഖ്യാപിച്ചു. -' ഇത് കൊതി കൂടിയത് തന്നെ..!! മന്ത്രിച്ചൂതിയ ഉപ്പും മുളകും അടുപ്പിലേക്കിട്...

തണലാവുന്ന പെൺമരങ്ങൾ

'ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്' കഥ   പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നാണ് എന്റെ പ്രിയ സുഹൃത്ത് സൈദ്ന്റെ വീടിന്റെ പടി ചവിട്ടുന്നത്. അകത്തേക്ക് കയറിയപ്പോൾ തന്നെ കഷായത്തിന്റെയും, കുഴമ്പിന്റെയും രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. സൈദ് കിടക്കുന്ന കട്ടിലിന് അരികുപറ്റി ഇരിക്കുമ്പോൾ അവൻ ഒരു വല്ലാത്ത സന്തോഷത്തോടെ എന്നെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. സമയം രാവിലെ പത്തു മണിയായതു കൊണ്ട് സൈദിന്റെ മോള് സഫിയ, അവളുടെ ജോലിയെല്ലാം പെട്ടെന്ന് തീർത്തതിനു ശേഷം ഒരു കെട്ട് മാക്സി എടുത്ത് തലയിൽ വെച്ച് വീട്‌ വീടാന്തരം കേറിയിറങ്ങിയുള്ള കച്ചവടത്തിന് അവൾ പുറപ്പെട്ടു. -" സഫിയ മോളാണ് എന്റെയും ആയിശൂന്റെയും എല്ലാ കാര്യങ്ങളും നോക്കുന്നത്.. -" അപ്പൊ സഫ്‌വാനോ ? ഞാൻ ചോദിച്ചു. -" അവൻ കുടുംബവുമായി ബാംഗ്ളൂരാ..ജോലിത്തിരക്ക് കാരണം വരാറൊന്നുമില്ല.. അതു പറയുമ്പോൾ സെയ്ദിന്റെ മുഖത്ത് ഒരു വല്ലായ്‌മ മുഴച്ചു നിന്നു. -" സഫിയ മോൾ രാവിലെ അഞ്ചുമണിക്ക് അടുക്കളയിൽ തുടങ്ങുന്ന അവളുടെ ജോലി ഒമ്പതരയോടെയാണ് അവസാനിക്കുന്നത്, എന്നെ ബാത്‌റൂമിൽ എടുത്തു കൊണ്ടു പോയി പ്രഭാത കൃത്യങ്ങളൊക്കെ ...

പ്രിയതമ പറഞ്ഞത്

ഓര്‍മ്മകള്‍  " നിങ്ങളൊക്കെ പോയി. നാലാം ദിവസം ഇവനും പടിയിറങ്ങി. ഇപ്പോ ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടാവില്ല. ഉണ്ടെങ്കിൽ എന്നെ കാണാൻ ഇടക്ക് ഓടി വരുന്നതാണ്. ഒറ്റക്കിരിക്കുമ്പോ അവനൊരു കൂട്ടായിരുന്നു. അവന്റെ കളികൾ കാണുമ്പോ മനസ്സിനു വല്ലാത്തൊരു സന്തോഷാണ്. ഇനി പുതിയ ഒരെണ്ണം മെരുക്കി യെടുക്കണം. 'ചൊറുക്ക് ' നെ പൊലെ ചൊറുക്കുള്ള ഒന്നിനെ കിട്ടണം." മുകളിൽ കൊടുത്തിരിക്കുന്ന വരികൾ ഭാര്യ ചെറിയുടേതാണ്. വീട്ടിൽ ഒറ്റക്കിരുന്ന് മടുത്തപ്പോളായിരിക്കാം അവൾ ഇങ്ങനെ ഒരു മെസ്സേജ് എനിക്കയച്ചത്. വായിച്ചപ്പോൾ മനസ് സിൽ തട്ടി. വല്ലാത്ത ഒരു ഫീലിങ്ങും അനുഭൂതിയും. ഇതിൽ പ്രതിപാദിച്ച 'ചൊറുക്ക് ' താഴെ കൊടുത്ത പൂച്ചയുടെ പേരാണ്. മക്കളും അവളും ഇവനെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ വീടിനുള്ളിൽ ഒരു സർവ്വാധികാരിയുടെ ഭാവമായിരുന്നു ഇവന്. മീൻ അല്ലാതെ വേറൊരു ഭക്ഷണവും അവനു പിടിക്കില്ല. അതും പച്ചമീൻ തന്നെ വേണം. മോൻ അങ്ങാടിയിൽ പോയി മീൻ കൊണ്ട് വരുമ്പോൾ അവനുള്ള മത്തി കയ്യിൽ കരുതിയിട്ടുണ്ടാകും. പിന്നെ അത് കിട്ടുന്നത് വരെ അവന്റെ പിറകെ ബഹളം വെച്ച് നടക്കും. പിന്നെ രാത്രി ഉറങ്ങാൻ നേര...