കഥ
മൈനാത്ത മരണത്തിനോട് മല്ലടിക്കാൻ പോലും ശേഷിയില്ലാതെ നിസ്സഹായയായി കിടക്കുകയാണ്.
വാർധക്യ സഹജമായ കാരണങ്ങൾ കൊണ്ട് എന്ന് സാമാന്യമായി പറയാൻ മാത്രം പ്രായമൊന്നും അവർക്ക് ഇല്ലെങ്കിലും ജീവിത സാഹചര്യങ്ങൾ പെട്ടെന്ന് അവരെ ഒരു വൃദ്ധയും രോഗിയുമാക്കി.
ചുറ്റും കൂടിയിരിക്കുന്ന മക്കളുടെ മുഖത്ത് സങ്കടക്കടൽ തിരയടിക്കുന്നുണ്ട്. വരാൻ പോകുന്ന മരണത്തിന്റെ കാലൊച്ച മക്കൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് അവരുടെ ശരീര ഭാഷ വിളിച്ചോതുന്നുണ്ട്.
അതുകൊണ്ടു തന്നെ ഏതു നിമിഷവും സംഭവിക്കാവുന്ന മരണത്തിലേക്ക് മൈനാത്തയെ യാത്രയയക്കാൻ ചുറ്റും കൂടി നിന്നവർ നിർനിമിഷരായി കാത്തിരിക്കുകയാണ്.
വിസ്മൃതിയുടെ മയക്കത്തിലാണ്ടുപോയ മൈനാത്തയുടെ ഉണങ്ങി വരണ്ട ചുണ്ടിൽ സ്വന്തം കെട്ട്യോനായ രായിൻ മൊല്ലാക്ക തന്റെ കയ്യിലുള്ള സംസം വെള്ളം അവരുടെ ചുണ്ടിൽ നനച്ചു കൊടുത്തു.
മൊല്ലാക്കയുടെ വട്ടത്താടിയും, തലയിലെ കെട്ടും, ഇളകുന്ന വെള്ളത്തിൽ തെളിയുന്ന പ്രതിബിംബം കണക്കെ മൈനാത്തയുടെ കണ്ണിൽ തെളിഞ്ഞു വന്നതോടെ, മുഖം ശക്തിയായി വലത്തോട്ട് വെട്ടിച്ച് രായിൻ മൊല്ലാക്കയെ രൂക്ഷമായി ഒന്ന് നോക്കി മൊല്ലാക്കയുടെ മുമ്പിൽ പ്രതിഷേധത്തിന്റെ ഒരു ലക്ഷ്മണരേഖ തീർത്തു മൈനാത്ത..!!
ആ നോട്ടം നേരിടാനുള്ള ശക്തിയില്ലാതെ മൊല്ലാക്ക നിന്ന് പരുങ്ങി.
ഇന്നോളം കണ്ടതിൽ വച്ചേറ്റവും വലിയ പ്രതിഷേധമായിരുന്നു അത്..!!
ഈ മരണാസന്ന നിലയിലെങ്കിലും കഴിഞ്ഞതെല്ലാം മറന്ന് മൈനാത്ത രായിൻ മൊല്ലാക്കക്ക് പൊറുത്തു കൊടുക്കുമെന്ന് മക്കളോടൊപ്പം മൊല്ലാക്കയും മോഹിച്ചു പോയത് അങ്ങനെ വെറും ജലരേഖയായി.
ശരീരം വിയർക്കുന്ന അസുഖമുണ്ടായിരുന്നു രായിൻ മൊല്ലാക്കക്ക്..!!
അതിൽ ദുഖിതനുമായിരുന്നു അദ്ദേഹം. അങ്ങിനെ ഒരുപാട് കാലത്തെ ആലോചനക്ക് ശേഷമാണ് ശരീരം വിയർക്കാത്ത ഒരു ജോലി മൂപ്പര് തരപ്പെടുത്തിയത്.
ഒരു ദിവസം നാടുകാണി ചുരം കയറിപ്പോയ രായിൻ ദേവാല അങ്ങാടിയിലെ ജുമാപള്ളിയിൽ "മുക്രി" യായി ജോലിയിൽ പ്രവേശിച്ചു.
അന്നു മുതൽ രായിൻ "രായിൻ മൊല്ലാക്ക" യായി..!!
അഞ്ചു ആൺ മക്കളെയും രണ്ട് പെൺ മക്കളെയും കൂടാതെ കുറെ ദുരിതവും പട്ടിണിയും കൂടി ഒരു മാറാപ്പാക്കി മൈനാത്തയുടെ തലയിൽ കെട്ടി വെച്ചിട്ടാണ് രായിൻ മൊല്ലാക്ക ചുരം കേറി പോയത്.
" നാട്ടിലൊരു ഭാര്യ നാടുകാണിമ്മലൊരു ഭാര്യ "
എന്നൊരു നാട്ടുനടപ്പ് അന്ന് നിലവിലുള്ളത് രായിൻ മൊല്ലാക്കയുടെ രണ്ടാം കെട്ട് എന്ന മോഹത്തിന് തുണയായി.
മൂപ്പരും കെട്ടി ഒരു പെണ്ണ് കൂടി നാടുകാണിയിൽ നിന്നും..!!
മൂന്നു നേരം സുഭിക്ഷമായ ഭക്ഷണം.
അഞ്ചു നേരത്തെ ബാങ്ക് വിളി കഴിഞ്ഞുള്ള ഒഴിവു വേളകൾ, കയ്യിലേയും കാലിലേയും നഖം വെട്ടിയും താടി ക്രോപ്പ് ചെയ്ത് ഭംഗി കൂട്ടിയും നാല് നേരം *മിസ്‌വാക്ക് * ചെയ്ത് തൊള്ള വൃത്തിയാക്കിയും ഹാജിയാരുടെ ജീവിതം ആനന്ദകരവും ആഹ്ലാദകരവുമാക്കി.
അഞ്ചു നേരത്തെ ബാങ്ക് വിളി കഴിഞ്ഞുള്ള ഒഴിവു വേളകൾ, കയ്യിലേയും കാലിലേയും നഖം വെട്ടിയും താടി ക്രോപ്പ് ചെയ്ത് ഭംഗി കൂട്ടിയും നാല് നേരം *മിസ്‌വാക്ക് * ചെയ്ത് തൊള്ള വൃത്തിയാക്കിയും ഹാജിയാരുടെ ജീവിതം ആനന്ദകരവും ആഹ്ലാദകരവുമാക്കി.
സുഖവാസത്തിനിടയിൽ രായിൻ മൊല്ലാക്ക ഇടയ്ക്കു നാട്ടിൽ ഇറങ്ങി. പക്ഷെ മൈനാത്ത മൊല്ലാക്കയുടെ മുമ്പിൽ വാതിൽ കൊട്ടിയടച്ചു എന്നന്നേക്കുമായി.. ഒപ്പം മനസ്സും..!!
ഒടുവിൽ തന്റെ മക്കളെ പോറ്റാൻ വേണ്ടി * വെള്ളക്കാച്ചിയും പെങ്കുപ്പായവും * തലയിൽ തട്ടവുമിട്ട " ഉമ്മ " പാടത്തേക്കിറങ്ങി. നീലിയുടെയും മുണ്ടിച്ചിയുടെയും കൂടെ.
കൊയ്ത്തിനൊപ്പം മുണ്ടിച്ചി പാടിക്കൊടുത്ത പാട്ട് മൈനാത്തയും ഏറ്റു പാടി. കൂടെ വെറ്റില മുറുക്കുന്ന ശീലവും തുടങ്ങിയതോടെ ചുണ്ടുകൾ ചുവന്നതോടൊപ്പം കിന്നരിപ്പല്ലുകളിൽ വെറ്റിലക്കറ പിടിക്കാനും തുടങ്ങി.
എങ്കിലും മൈനാത്ത സുന്ദരിയായിരുന്നു..!!
പാടത്തെ പണി കഴിഞ്ഞു സന്ധ്യക്ക് അപ്പൂന്റെ റേഷൻ ഷാപ്പിൽ നിന്നും വാങ്ങിയ അരിയും, ഉമ്മർ കാക്കാന്റെ കടയിൽ നിന്നും വാങ്ങിയ മുതിരയും കൊണ്ട് മൈനാത്ത വീടിന്റെ പടികേറി ചെല്ലുമ്പോൾ, ഏഴു വയറുകളുടെ വിശപ്പിന്റെ ആളൽ ഒരു തേങ്ങലായി മൈനാത്തയുടെ ചെവിയിൽ ഓളം തല്ലാൻ തുടങ്ങും.
പാടത്തെ ചേറും, വിയർപ്പും, വെറ്റിലച്ചാറും കൂടിക്കുഴഞ്ഞ ഒരു മണമായിരുന്നു മൈനാത്താക്ക്. ആ ഗന്ധം ആസ്വദിക്കാൻ അവരുടെ കുട്ടികൾ, ജോലി കഴിഞ്ഞു സന്ധ്യക്ക് ഉമ്മറത്ത് വിശ്രമിക്കുന്ന മൈനാത്തയുടെ അരികു പറ്റി ചേർന്നു നിന്നു.
മൈനാത്ത ഒറ്റയ്ക്ക് നിന്ന് ജീവിതത്തോട് പോരാടി. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒറ്റയാൾ പോരാട്ടം..!!
പരുക്കൻ ജീവിത യാഥാർഥ്യങ്ങളുമായിയുള്ള നിരന്തരം പോരാട്ടം കാരണം അവരുടെ വാക്കുകൾക്കും പരുക്കൻ ഭാവം വന്നു. മനസ്സിൽ നിന്നും സ്നേഹവും പ്രണയവും എന്നേ പടിയിറങ്ങിപ്പോയി.
അത് കൊണ്ട് തന്നെ രായിൻ മൊല്ലാക്കയോടുള്ള വെറുപ്പും പകയും ഓരോ ദിനങ്ങൾ കഴിയും തോറും മൈനാത്തയുടെ മനസ്സിൽ കൂടി ക്കൂടി വന്നു.
മൊല്ലാക്ക നാട്ടിൽ ഇറങ്ങുന്ന ദിവസം മൈനാത്ത കൂടുതൽ അസ്വസ്ഥയായി കണ്ടു.
ഇവർ തമ്മിലുള്ള പകയും വിധ്വേഷവും അറിയുന്ന നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള അവസരമായിരുന്നു , മൊല്ലാക്ക നാട്ടിൽ ഇറങ്ങിയാലുള്ള ദിനങ്ങൾ. അത് നാട്ടുകാർ നല്ലവണ്ണം ആഘോഷിച്ചു.
ഒരടുപ്പിൽ ചോറിന് അരിയിട്ടതിനു ശേഷം, മറ്റേ അടുപ്പിൽ മുതിര വറുത്ത് ഇടിച്ച കറിയും ഉണ്ടാക്കി കഴിയുമ്പോഴേക്കും സമയം പാതിരയാവും.
വാടിത്തളർന്ന കുഞ്ഞുങ്ങളുടെ പൊരി വയറിലേക്ക് ചൂടുള്ള ചോറും മുതിരക്കറിയും കൂട്ടിക്കുഴച്ച് ഉരുളയുടെ രൂപത്തിൽ കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ ചോറിലെ കല്ല് ഇടക്ക് അസ്വാരസ്യമുണ്ടാക്കുമെങ്കിലും വിശപ്പിന്റെ കാഠിന്യത്താൽ ആ കുഞ്ഞുങ്ങൾ ഓരോ ഉരുളയും ആർത്തിയോടെ മൈനാത്തയുടെ കണ്ണിലേക്ക് നോക്കി വിഴുങ്ങി.
ഒരു മാതാവിന്റെ കരുതൽ സ്പർശം അവർക്കു ചുറ്റും സുരക്ഷിത വലയം തീർത്തു.
ഒരിക്കൽ ഭർത്താവിന്റെ നാട്ടിൽ നിന്നും സ്വന്തം നാട്ടിൽ വന്ന സഹപാഠിയായ ചിരുത ചേച്ചി മൈനാത്തയെ വഴിയിൽ വെച്ച് കണ്ടപ്പോൾ ഇങ്ങനെ ചോദിച്ചു.
-" മൈനേ..നെന്റെ മൂത്ത മോൻ ഇപ്പൊ എത്രെലാ പഠിക്കണെ.??
ചോദ്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്ത് മൈനാത്ത ഇങ്ങനെ മൊഴിഞ്ഞു.
-" ഓനിപ്പോ ആറിലാ..!!
നാലിൽ പഠിക്കുന്ന റിസ്‌വാൻ ആറിലാണെന്ന് രണ്ടു വർഷം കൂട്ടിപ്പറഞ് മൈനാത്ത അഭിമാനത്തോടെ ചിരുത ചേച്ചിയുടെ മുന്നിൽ ഞെളിഞ്ഞു നിന്നു..!!
കാലംഎണ്ണയിട്ട ചക്ക്രം കണക്കെ ഉരുണ്ടു കൊണ്ടിരുന്നു.
മൈനാത്തയിൽ വാർദ്ധക്യം പെട്ടെന്ന് നരച്ചു കേറി.
രായിൻ മൊല്ലാക്കയിലും നരകൾ സഹചാരിയായി വന്നെങ്കിലും ആരോഗ്യത്തിനു കോട്ടമൊന്നും തട്ടിയില്ല. നിലവിലെ ഭാര്യയിൽ കുട്ടികളുണ്ടാവാത്തതിൽ മൊല്ലാക്ക ഉള്ളുകൊണ്ട് സന്തോഷിച്ചു. കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ ഇതും ഇട്ടെറിഞ്ഞു വേറെ മേച്ചിൽ പുറങ്ങൾ തേടിപ്പോകേണ്ടി വന്നേനെ..!!
അവസാനം..
മൈനാത്തയുടെ അത്യാസന്ന നിലയറിഞ്ഞ ബന്ധുക്കൾ ആ വീട്ടിലേക്ക് ഒഴുകി വന്നു.
ചുറ്റും കൂടി നിന്നവരുടെ മുഖങ്ങൾ തെളിഞ്ഞു കാണുന്നതിൽ നിന്നും വിലക്കാൻ അവരുടെ കണ്ണിൽ പാട മൂടിയിരുന്നു.
ചുറ്റും കൂടി നിന്നവരുടെ മുഖങ്ങൾ തെളിഞ്ഞു കാണുന്നതിൽ നിന്നും വിലക്കാൻ അവരുടെ കണ്ണിൽ പാട മൂടിയിരുന്നു.
എങ്കിലും മൈനാത്തയുടെ ഉബോധമനസ്സ് ജാഗരൂകയായി നിലകൊണ്ടു.
വട്ടത്താടിയും തലയിൽ കെട്ടുമുള്ള ആ മുഖം കണ്ണിന്റെ കോണിന്റെ പരിസരത്ത് എവിടെയെങ്കിലും, കയ്യിൽ സംസം വെള്ളവുമായി തന്റെ ചുണ്ടിനു നേരെ വീണ്ടും വരികയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി.
പക്ഷെ യാത്ര പറഞ്ഞു പിരിഞ്ഞു പോവുന്ന മൈനാത്തയുടെ ആത്മാവ് മാത്രമേ അപ്പോൾ ചുറ്റും കൂടി നിന്നവരുടെ വിലാപത്തിന്റെ മർമരങ്ങൾ അറിഞ്ഞതുള്ളൂ.
ശരീരം അപ്പോഴേക്കും നിശ്ചലമായിരുന്നു..!!
താങ്കളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം
ReplyDelete